Flight ticket booking; ശൈത്യകാല അവധിയും ക്രിസ്മസും മുന്നിൽക്കണ്ട് കേരളത്തിലേക്കുള്ള ഉയർന്ന വിമാന യാത്രാനിരക്ക് കുറച്ചത് പ്രവാസികൾക്ക് ആശ്വാസമായി. തിരക്ക് കുറഞ്ഞ സമയങ്ങളിലെ നിരക്കിനേക്കാൾ മൂന്നും നാലും ഇരട്ടിയായി വർധിപ്പിച്ച നിരക്കാണ് വിമാന കമ്പനികൾ കുറച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1300 ദിർഹമിന് മുകളിൽ ആയിരുന്നു കുറഞ്ഞ നിരക്ക്. എന്നാൽ, തിരുവനന്തപുരത്തേക്ക് ഇപ്പോൾ 760 ദിർഹം മുതൽ ടിക്കറ്റ് ലഭിക്കും. കൊച്ചിയിലേക്ക് 830 ദിർഹം മുതലും കണ്ണൂരിലേക്ക് 850 ദിർഹമിനും കോഴിക്കോട് റൂട്ടിൽ 890 ദിർഹം മുതലും ടിക്കറ്റ് ലഭ്യമാണ്. കോഴിക്കോട്ടേക്ക് നേരത്തെ തന്നെ ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ കുറച്ചിരുന്നു.
ടിക്കറ്റുകൾക്ക് നിരക്ക് ഉയർത്തിയതോടെ പലരും യാത്ര മാറ്റിവെക്കുകയോ മറ്റു മാർഗങ്ങൾ തേടുകയോ ചെയ്തിട്ടുണ്ട്. യു.എ.ഇ-ഇന്ത്യ സെക്ടറിൽ ടിക്കറ്റ് നിരക്ക് ഉയർന്ന സമയങ്ങളിൽ ഒമാനിലെ മസ്കത്തിൽനിന്ന് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായിരുന്നു. ഇങ്ങനെ ടിക്കറ്റ് എടുത്ത് യു.എ.ഇയിൽനിന്ന് റോഡ് മാർഗം മസ്കത്തിലേക്കും അവിടെ നിന്ന് നാട്ടിലേക്ക് വിമാനം കയറാൻ കാത്തിരിക്കുന്നവരും ഉണ്ട്.
450 ദിർഹമിന് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് ലഭ്യായിരുന്നു. കോഴിക്കോട്ടേക്ക് താരതമ്യേന ടിക്കറ്റ് നിരക്ക് കുറവായതിനാൽ അതുവഴി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവരുമുണ്ട്. യു.എ.ഇയിൽ വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിക്കുന്നത് ഡിസംബർ 14 മുതലാണ്. 2025 ജനുവരി അഞ്ചിനാണ് ശൈത്യകാല അവധിക്കുശേഷം വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിക്കുക.
യു.എ.ഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്ക് താരതമ്യേന കുറവാണെങ്കിലും ക്രിസ്മസിനുശേഷം ജനുവരി ആദ്യത്തിൽ കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് താരതമ്യേന കൂടിയ നിലയിലാണ്. തിരുവനന്തപുരത്തുനിന്ന് 1400 മുതൽ 2700 ദിർഹമും കൊച്ചിയിൽനിന്ന് 1450 മുതൽ 3355 ദിർഹമും കോഴിക്കോടുനിന്ന് 860 മുതൽ 2055 ദിർഹമും കണ്ണൂരിൽ നിന്ന് 1100 മുതൽ 1650 ദിർഹം വരെയാണ് നിലവിൽ വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്.
ഈ നിരക്കും കുറയുമെന്ന പ്രതീക്ഷയിലാണ് പലരും. കഴിഞ്ഞ വർഷം ഇതേ സീസണിൽ യാത്രക്കാർ കുറവായതിനാൽ വിമാനനിരക്ക് ഗണ്യമായി കുറച്ചിരുന്നു. ഇത് ഏറെ പേർക്ക് അനുഗ്രഹമായിരുന്നു. അവധിക്കാലത്ത് അധ്യാപകർക്കും ഇതര ജീവനക്കാർക്കും രണ്ടാഴ്ചത്തെ അവധി മാത്രമാണ് ചില സ്കൂളുകൾ നൽകുന്നത്. ഉയർന്ന വിമാന നിരക്ക് കാരണം പലരും യാത്ര വേണ്ടെന്ന് വെച്ചിരിക്കുകയാണ്. കുറഞ്ഞ നിരക്കിന് ടിക്കറ്റ് ലഭിച്ചാൽ നാട്ടിൽ പോയിവരാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്.