ticket fare;ദുബായ്: അവധിക്കാലം ആയതോടെ യുഎഇയിലേക്ക് വിനോദസഞ്ചാരികളുടെ വൻ ഒഴുക്കാണ് ഉണ്ടാകാൻ പോകുന്നത്. മാത്രമല്ല, ഈ സമയം പല പ്രവാസികളും നാട്ടിലേക്ക് മടങ്ങും. അതിനാൽ, ഫ്ലൈറ്റ് ടിക്കറ്റ് അവസാന നിമിഷത്തേക്ക് മാറ്റിവച്ചവർക്കെല്ലാം പണി കിട്ടി. ഇപ്പോൾ വൻ വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായിരിക്കുന്നത്.
പ്രവാസികൾക്ക് മാത്രമല്ല, ദുബായിലേക്ക് എത്താനിരുന്ന വിനോദസഞ്ചാരികളെയും ഇത് വലിയ രീതിയിൽ ബാധിക്കും. ഹോട്ടലുകൾ, താമസം, വിസ തുടങ്ങിയവയ്‌ക്കെല്ലാം 15 മുതൽ 20 ശതമാനം വരെയാണ് നിലവിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഡിസംബർ പകുതി മുതൽ ജനുവരി ആദ്യ ആഴ്‌ച വരെ ഈ വർദ്ധനവ് നിലനിൽക്കും. സ്‌കൂൾ അവധി, ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പലരും നാട്ടിലേക്കും വിദേശത്തേക്കും യാത്ര ചെയ്യുന്ന സമയമാണിത്. ചെലവ് ഉയർന്നിട്ടും ഈ അവസാന നിമിഷത്തിൽ പോലും ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല എന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്.
ഈ സമയങ്ങളിൽ നിരക്ക് വർദ്ധനവ് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് ട്രാവൽ ഏജൻസിയായ മുസാഫിർ ഡോട്ട് കോം പ്രതിനിധി റാഷിദ സാഹിദ് പറയുന്നത്. ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ തുടങ്ങിയവയെല്ലാം മുൻകൂറായി ബുക്ക് ചെയ്യുന്നവരെക്കാൾ 20 ശതമാനം അധിക തുക അവസാന നിമിഷം ബുക്ക് ചെയ്യുന്നവർക്ക് നൽകേണ്ടി വരുന്നു. എന്നിരുന്നാൽ പോലും അവധിക്കാലം ആഘോഷിക്കാനായി പതിനായിരക്കണക്കിന് ജനങ്ങളാണ് യുഎഇയിലേക്കും നാട്ടിലേക്കും യാത്ര ചെയ്യുന്നത്.