Flu vaacin in uae; തണുപ്പ് കനത്തു, യുഎഇയിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു; ഫ്ലൂ വാക്സീൻ എടുക്കാൻ മുന്നറിയിപ്പ്

flu vaacin in uae;അബുദാബി ∙ യുഎഇയിൽ തണുപ്പ് കൂടിയതോടെ പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധന. രോഗികളിൽ 60 ശതമാനം പേർക്കും പകർച്ചപ്പനി സ്ഥിരീകരിച്ചതായി വിവിധ ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സീസണിൽ ഒന്നിലേറെ വൈറൽ അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. യുഎഇയിൽ ശൈത്യകാലത്ത് വിവിധയിനം പകർച്ചപ്പനികൾ ഉണ്ടാകാറുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

പ്രതിരോധശേഷി കുറഞ്ഞവരും ആസ്മ ഉൾപ്പെടെ അലർജി രോഗമുള്ളവരും ഹൃദ്രോഗം, വൃക്ക, പ്രമേഹം തുടങ്ങി ഗുരുതര രോഗമുള്ളവരും തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കണം. രോഗമുള്ളവർ മമാസ്ക് ധരിക്കുകയും കൈകൾ ശുചീകരിക്കുകയും വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ശൈത്യകാല അവധിക്കു വിവിധ രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയതും സ്കൂൾ തുറന്നതുമെല്ലാം രോഗപ്പകർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. 

ഇൻഫ്ലുവൻസ ബാധിച്ച പലരിലും ഒരേ സമയം ഒന്നിലേറെ വൈറസുകൾ കണ്ടെത്തുന്നുണ്ടെന്നും സൂചിപ്പിച്ചു.  പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ യുഎഇ ഒക്ടോബറിൽ സീസണൽ ഫ്ലൂ വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ചിരുന്നു.  

ഇൻഫ്ലുവൻസ ലക്ഷണങ്ങൾ
ശൈത്യകാലത്ത് കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവൻസ (ഫ്ലൂ). ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറു വേദന, ഛർദി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 
ചികിത്സിച്ചു മാറ്റാവുന്നതാണ് പകർച്ചപ്പനി. കുട്ടികൾക്കു രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ചികിത്സ തേടണം. ശ്വാസകോശ രോഗങ്ങൾ ഉള്ളവരും ചികിത്സ തേടുന്നതാണ് അഭികാമ്യം.

രോഗമുള്ളവരെ സ്കൂളിൽ വിടരുത്
പകർച്ചപ്പനിയുള്ള കുട്ടികളെ സ്കൂളുകളിലും നഴ്സറിയിലും വിടരുതെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കുന്നു. അടച്ചിട്ട ക്ലാസ് മുറികളിലെ ശ്വസനം രോഗപ്പകർച്ച കൂട്ടും. രോഗം വ്യാപകമാക്കുന്നതിനാലാണ് നിയന്ത്രണം.  

മുൻകരുതൽ
ശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, രോഗമുള്ളവർ മാസ്ക് ധരിക്കുക, രോഗം മാറിയ ശേഷം മാത്രം സ്കൂളിലും ജോലിക്കും പൊതുപരിപാടികൾക്കും പോകുക, രോഗമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നിവ ശ്രദ്ധിച്ചാൽ രോഗപ്പകർച്ച തടയാം. രോഗികൾ തണുത്ത ഭക്ഷണം പൂർണമായും ഒഴിവാക്കണം. മതിയായ അളവിൽ ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും കൃത്യമായി മരുന്ന് കഴിച്ച് വിശ്രമിക്കുകയും വേണം.

ഫ്ലൂ വാക്സീൻ
6 മാസം പ്രായമുള്ള കുട്ടികൾ മുതൽ വയോധികർക്കുവരെ ഫ്ലൂ വാക്സീൻ സ്വീകരിക്കാം. മുൻപ് വാക്സീൻ എടുക്കാത്ത 9 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആദ്യ വർഷം ഒരു മാസത്തെ ഇടവേളയിൽ 2 ഡോസ് വീതം ഫ്ലൂ വാക്സീൻ നൽകണം. 9ന് മുകളിലുള്ളവർക്ക് വർഷത്തിൽ ഒരു ‍ഡോസ് മതി. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും ഫ്ലൂ വാക്സീൻ ലഭിക്കും. 18 വയസ്സിനു മുകളിലുള്ളവർക്ക് തിരഞ്ഞെടുത്ത ഫാർമസികളിൽനിന്ന് ലഭിക്കും. 

ഗർഭിണികൾ, 50 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, 5 വയസ്സിൽ താഴെ പ്രായമുള്ളവർ, ആരോഗ്യ പ്രവർത്തകർ, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ എന്നീ വിഭാഗക്കാർക്ക് ഫ്ലൂ വാക്സീൻ സൗജന്യമാണ്. മറ്റു വിഭാഗക്കാർക്ക് 50 ദിർഹം.

English Summary:

Flu Cases on the Rise: UAE Hospitals See Increase in Patients with Flu Symptoms

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version