Posted By Nazia Staff Editor Posted On

Hajj 2025:വിദേശ ഉംറ തീര്‍ത്ഥാടകര്‍ ഈ തിയതിക്ക് ശേഷം സഊദിയില്‍ വരുകയും നില്‍ക്കുകയും അരുത്; പ്രഖ്യാപിച്ച് സഊദി

Hajj 2025; ഈ വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി ഉംറ തീര്‍ത്ഥാകര്‍ രാജ്യത്ത് എത്തുന്നതിന്റെയും പുറപ്പെടുന്നതിന്റെയും അന്തിമ തീയതികള്‍ പ്രഖ്യാപിച്ച് സഊദി അറേബ്യ ഹജ്ജ് ഉംറ മന്ത്രാലയം. ഇതുപ്രകാരം ഉംറ തീര്‍ത്ഥാടകര്‍ സഊദി വിടാനുള്ള അവസാന തീയതി ഏപ്രില്‍ 29 ആണ്. ഏപ്രില്‍ 29 കഴിഞ്ഞും സൗദിയില്‍ തങ്ങുന്നത് നിയമപരമായ ശിക്ഷ ലഭിക്കുവാന്‍ കാരണമാകും. ഏപ്രില്‍ 13ന് ശേഷം (ശവ്വാല്‍ 15) ഉംറ തീര്‍ത്ഥാടകര്‍ക്ക് നിലവിലെ ഉംറ സീസണില്‍ ഉംറ നിര്‍വഹിക്കുന്നതിനായി രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തിയതിയാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

വ്യക്തികളും ഉംറ വിസാ സര്‍വിസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളും ഏജന്റുമാരും നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ത്ഥാടകര്‍ സഊദിയില്‍ നിന്ന് തിരികെ പോകുന്നുവെന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിശ്ചിത തിയതിക്ക് ശേഷവും ഉംറ വിസയിലെത്തുന്നവര്‍ സഊദിയില്‍ തങ്ങിയാല്‍ നിയമലംഘനമായി കണക്കാക്കും. കമ്പനികളും സ്ഥാപനങ്ങളും തീര്‍ത്ഥാടകര്‍ ഈ തിയതി കഴിഞ്ഞാലും സഊദിയില്‍ താങ്ങുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യാന്‍ പരാജയപ്പെടുന്നത് വന്‍ തുക പിഴ ശിക്ഷക്കുള്ള കുറ്റമാണ്. ഒരുലക്ഷം റിയാല്‍ പിഴ ഈടാക്കാന്‍ കാരണമായേക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ദുല്‍ ഖഅ്ദ് ഒന്ന് ഹിജ്‌റ കലണ്ടര്‍ അനുസരിച്ചുള്ള പുതിയ വാര്‍ഷിക ഹജ്ജ് സീസന്‍ ആരംഭിക്കും.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നതിനാല്‍ വരാനിരിക്കുന്ന ഹജ്ജ് സീസണിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനാണ് ഈ നീക്കം. ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച് 2025 ലെ ഹജ്ജ് ജൂണ്‍ ആറിന് (വെള്ളിയാഴ്ച) ആരംഭിച്ച് ജൂണ്‍ 11ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള ഉംറ, ബിസിനസ്, കുടുംബ, സന്ദര്‍ശന വിസകള്‍ ഉള്‍പ്പെടെയുള്ള വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സഊദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഹജ്ജ് സീസണ്‍ പൂര്‍ത്തിയായി ജൂണ്‍ പകുതി വരെയാണ് വിലക്ക് തുടരുക. പുതിയ നിയമങ്ങള്‍ പ്രകാരം ഏപ്രില്‍ 13 വരെ മാത്രമേ ഉംറ വിസ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. ആ തീയതിക്ക് ശേഷം ഹജ്ജ് സീസണ്‍ അവസാനിക്കുന്നതുവരെ പുതിയ ഉംറ വിസകള്‍ നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഉംറ, വിസിറ്റ് വിസകളില്‍ സഊദിയില്‍ സന്ദര്‍ശിച്ച് ശരിയായ അനുമതിയില്ലാതെയും നിയമവിരുദ്ധമായും ഹജ്ജ് നിര്‍വഹിക്കുന്നത് തടയുക എന്നതാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. ഔദ്യോഗിക ഹജ്ജ് രജിസ്‌ട്രേഷന്‍ പ്രക്രിയ ഒഴിവാക്കാന്‍ നിരവധി വിദേശ പൗരന്മാര്‍ ഉംറ/വിസിറ്റ് വിസകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ ഹജ്ജ് സീസണില്‍ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതും പതിവാണ്. അത്തരം ദുരുപയോഗം തിരക്കിനും സുരക്ഷാ അപകടങ്ങള്‍ക്കും കാരണമാകുന്നതിനാലാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്.

2024 ലെ ഹജ്ജ് സീസണില്‍ 1000ത്തിലധികം തീര്‍ത്ഥാടകര്‍ക്കാണ് കടുത്ത ചൂടും തിരക്കും കാരണം ജീവന്‍ നഷ്ടപ്പെട്ടത്. ഹജ്ജ് ഇതര വിസകളില്‍ സഊദി അറേബ്യയില്‍ പ്രവേശിച്ച അനധികൃത സന്ദര്‍ശകരായിരുന്നു ഇവരില്‍ പലരും. വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ അപകടസാധ്യതകള്‍ കുറയ്ക്കാനും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സുരക്ഷിതമായ തീര്‍ത്ഥാടന അനുഭവം ഉറപ്പാക്കാനും കഴിയും.

Foreign Umrah pilgrims should not enter or stay in Saudi Arabia after this date

Comments (0)

Leave a Reply

Your email address will not be published. Required fields are marked *