ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ പണം തട്ടിപ്പ്. പ്രവാസി യുവതി ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ കോഴിക്കോട് ആവള മന്നമാൾ ലത്തീഫിനെ (44) സൈബർ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് സ്വദേശിയായ അബ്ദുൽ റഹ്മാനെയാണു കബളിപ്പിച്ചത്. ഇയാളില്‍നിന്ന് 2 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
‘നദീറാ ഷാൻ’ എന്ന പേരിൽ ഫേസ്ബുക്കിലൂടെയാണ് ലത്തീഫ് അബ്ദുൽ റഹ്മാനെ പരിചയപ്പെട്ടത്. തന്‍റെ 11 വയസുളള മകൾ രക്താർബുദം മൂലം ചികിത്സയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് 15 ലക്ഷം രൂപയും അനുജത്തിയുടെ ഭർത്താവിന്‍റെ കാൻസർ ചികിത്സയ്ക്കെന്ന പേരിൽ എട്ടു ലക്ഷം രൂപയും ഇയാള്‍ തെറ്റിദ്ധരിപ്പിച്ച് പല തവണയായി കൈക്കലാക്കി.
വിവിധ പേരുകളിൽ വിളിച്ച് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. പണം തിരികെ ചോദിച്ചപ്പോൾ ലഭിച്ചില്ല. ഇതോടെ അബ്ദുൽ റഹ്മാൻ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോട് കുറ്റ്യാടി, മേപ്പയൂർ പോലീസ് സ്റ്റേഷനുകളിൽ നാല് ക്രിമിനൽ കേസിലെ പ്രതിയാണ് ലത്തീഫെന്ന് പോലീസ് പറഞ്ഞു.