Free Public Parking; ദുബായ്: പുതുവത്സരം പ്രമാണിച്ച് 2025ജനുവരി ഒന്നിന് ദുബായിലെ എല്ലാ പൊതുപാര്‍ക്കിങ് ഏരിയകളും സൗജന്യമായിരിക്കും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ബഹുനില പാര്‍ക്കിങ്ങിന് പണം അടയ്ക്കേണ്ടിവരും. പണമടച്ചുള്ള പാർക്കിംഗ് 2025 ജനുവരി 2 വ്യാഴാഴ്ച പുനരാരംഭിക്കും. 2025 ലെ പുതുവത്സര അവധിക്കാലത്ത് സേവനങ്ങൾക്കായുള്ള പ്രവർത്തനസമയം അതോറിറ്റിയുടെ പ്രഖ്യാപനത്തിന് അനുസൃതമായാണ് ഈ അറിയിപ്പ്.
ഡിസംബർ 31 മുതൽ ദുബായ് മെട്രോയും ട്രാമും 43 മണിക്കൂറിലധികം നിർത്താതെ പ്രവർത്തിക്കുമെന്ന് ആർടിഎ നേരത്തെ അറിയിച്ചിരുന്നു. ദുബായ് മെട്രോയുടെ പ്രവർത്തന സമയം ഡിസംബർ 31 ന് രാവിലെ 5 മുതൽ ജനുവരി 1 വരെ ആയിരിക്കും. അതേസമയം, ദുബായ് ട്രാം ഡിസംബർ 31 ന് രാവിലെ 6 മുതൽ ജനുവരി 2 പുലർച്ചെ 1 വരെ പ്രവർത്തിക്കും. ദുബായിലെ പബ്ലിക് ബസുകൾക്ക്, അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള E100 ബസ് റൂട്ട് 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 1 വരെ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ കാലയളവിൽ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽനിന്ന് അബുദാബിയിലേക്കുള്ള റൂട്ട് E101 ഉപയോഗിക്കാൻ യാത്രക്കാർക്ക് നിർദ്ദേശിച്ചു. അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്നുള്ള E102 ബസ് റൂട്ട് 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 1 വരെ താത്കാലികമായി നിർത്തിവയ്ക്കും. ഈ കാലയളവിൽ ഇബ്‌നു ബത്തൂത്ത ബസ് സ്റ്റേഷനിൽനിന്ന് ഷാബിയ മുസഫയിലേക്കുള്ള അതേ റൂട്ട് തന്നെ ഉപയോഗിക്കാൻ യാത്രക്കാർക്ക് നിർദ്ദേശിച്ചു.