Fully Air Conditioned Outdoor: യുഎഇയിൽ ഇനി കൊടും ചൂടിലും ഇനി വിയർക്കാതെ നടക്കാം; എങ്ങനെയെന്നല്ലെ? അറിയാം

Fully Air Conditioned Outdoor;അബുദാബി: അബുദാബിയില്‍ ഏത് കനത്ത വേനലിലെയും കൊടുചൂടിലും നട്ടുച്ച നേരത്തും വിയര്‍ക്കാതെ സുഖപ്രദമായി ഇനി നടക്കാം. അബുദാബിയിലെ പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ആദ്യത്തെ ഔട്ട്ഡോര്‍ വാക്ക്വേ പ്രവര്‍ത്തനം തുടങ്ങി. അബുദാബി എമിറേറ്റിലെ ചൂടുള്ള കാലാവസ്ഥയില്‍ നഗരജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പുതിയ സംരംഭമാണിത്.

അബുദാബിയിലെ അല്‍ മമൂറ കെട്ടിടത്തിനടുത്തുള്ള അല്‍ നഹ്യാന്‍ പ്രദേശത്താണ് പുതിയ ശീതികരിച്ച വാക്ക് വേ ആരംഭിച്ചിരിക്കുന്നത്. വാക്ക് വേയുടെ ഓരത്തോട് ചേര്‍ത്ത് ഒരു അത്യാധുനിക ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുപയോഗിച്ചാണ് വാക്ക് വേയ്ക്ക് അകത്തെ ചൂട് നിയയന്ത്രിക്കുന്നത്. കൊടും ചൂട്ടിലായാലും വര്‍ഷം മുഴുവനും വാക്ക് വേയിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസായി നിലനിര്‍ത്തും എന്നതാണ് ഈ സംവധാനത്തിന്റെ സവിശേഷത. ആവശ്യമെങ്കില്‍ കൊടുംതണുപ്പ് കാലത്ത് തണുപ്പ് നിയന്ത്രിക്കാനും ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും.

അബുദാബി മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത വാക്ക് വേ ആരംഭിച്ചിരിക്കുന്നത്. കൊടും വേനല്‍ക്കാല മാസങ്ങളില്‍ പോലും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുഖകരമായ കാല്‍നടയാത്ര അനുഭവം പ്രദാനം ചെയ്യാന്‍ ഈ വാക്ക് വേ ലക്ഷ്യമിടുന്നതായി അധികൃതര്‍ അറിയിച്ചു. കൊടു ചൂടില്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഉദ്യമമാണിത്.

കാലാവസ്ഥാ നിയന്ത്രണത്തിന് പുറമേ വര്‍ഷം മുഴുവനും ഉപയോഗിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, കഫേകള്‍, ഔട്ട്ഡോര്‍ ഇരിപ്പിടങ്ങള്‍ എന്നിവയും നടപ്പാതയിയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. പ്രകൃതിദത്ത സൂര്യപ്രകാശം അകത്ത് കടക്കാന്‍ അനുവദിക്കുകയും അതേസമയം തണുത്ത വായു അകത്ത് നിലനിര്‍ത്തുകയും ചെയ്യുന്ന നൂതന രൂപകല്‍പ്പനയാണ് ഇതിനുള്ളത്. അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്, വാക്ക്വേയുടെ ചുവരുകളില്‍ വിപുലമായ ശബ്ദ പ്രതിരോധ സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നഗരത്തിലെ വാഹനങ്ങളുടെയും മറ്റും ശബ്ദത്തില്‍ നിന്ന് കാല്‍നട യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നു. വാക്ക് വേയ്ക്കകത്ത് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. പൊതു ഇടങ്ങളില്‍ അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിച്ച് നിര്‍മിക്കുന്ന ശീതീകരിച്ച വാക്ക് വേയുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് അധികൃതര്‍.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top