Uae visa: ദുബൈ: എമിറേറ്റിലെ താമസക്കാർക്ക് വിസ പുതുക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപപ്പെടുത്തി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ).
‘സലാമ’ എന്നുപേരിട്ട പുതിയ പ്ലാറ്റ്ഫോമിലൂടെ മിനുറ്റുകൾക്കുള്ളിൽ വിസ പുതുക്കാമെന്ന് അധികൃതർ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സംയോജിപ്പിച്ചാണ് ‘സലാമ’ വഴി സംവിധാനം ഒരുക്കിയിട്ടുള്ളത്. കൂടാതെ, പ്ലാറ്റ്ഫോമിൽ നിന്ന് നേരിട്ട് പുതുക്കിയ വിസ ഡൗൺലോഡ് ചെയ്യാനും കഴിയും. സമയം ലാഭിക്കാനും പേപ്പറിന്റെ ഉപയോഗം കുറക്കാനും പുതിയ പ്ലാറ്റ്ഫോം സഹായിക്കും. ദുബൈയിൽ നടന്ന ജി.ഡി.ആർ.എഫ്.എയുടെ നാലാമത് വാർഷിക യോഗത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

‘സലാമ’യിൽ ഒരു ഉപഭോക്താവ് ലോഗിൻ ചെയ്തു കഴിഞ്ഞാൽ അവരുടെ വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും എ.ഐ വഴി തിരിച്ചറിയും. വിസ സ്റ്റാറ്റസ്, ആശ്രിതരുടെ വിസ വിവരങ്ങൾ, വിസ കാലാവധി അവസാനിക്കുന്ന തിയ്യതി തുടങ്ങി എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുകയും ചെയ്യും.
വിസ പുതുക്കണമെങ്കിൽ അപേക്ഷകന് വിസ റിന്യൂവൽ ഓപ്ഷൻ തിരഞ്ഞെടുക്കാം. ശേഷം പെയ്മെന്റ് പൂർത്തീകരിച്ചാൽ തത്സമയം തന്നെ പ്ലാറ്റ്ഫോം ഈ അപേക്ഷ എ.ഐയുടെ സഹായത്തോടെ പ്രോസസ് ചെയ്യും. അപേക്ഷകന്റെ ആശ്രിതരുടെ വിസയും പ്ലാറ്റ്ഫോമിലൂടെ പുതുക്കാൻ കഴിയും.
പരമ്പരാഗത രീതിയിൽ ഫോമുകളോ പേപ്പർ വർക്കുകളുടെയോ ആവശ്യമില്ലാതെ തന്നെ പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കൾക്ക് ഇടപാടുകൾ പൂർത്തിയാക്കാനും പേയ്‌മെന്റുകൾ നടത്താനും മറ്റ് റെസിഡൻസി സംബന്ധിയായ പ്രവർത്തനങ്ങൾ നടത്താനും കഴിയും. യു.എ.ഇയുടെ വിഷൻ 2071, ദുബൈയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ നയം എന്നിവയെ അടിസ്ഥാനമാക്കിയാണ് പദ്ധതി രൂപപ്പെടുത്തിയത്.