Uae gold rate; ദുബായ്: സ്വര്‍ണത്തിന്റെ രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്കുള്ള മൂല്യ വര്‍ധിത നികുതി (വാറ്റ്) യില്‍ ചില മാറ്റങ്ങള്‍ വരുത്തി യുഎഇ. റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം സ്വര്‍ണം, വജ്രം എന്നിവയില്‍ കൂടി കൊണ്ടുവന്നിരിക്കുകയാണിപ്പോള്‍. പുതിയ മാറ്റം പ്രകാരം വാറ്റ് ശേഖരിക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സ്വര്‍ണത്തിന്റെ വിതരണക്കാര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
വിതരണക്കാരില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ് ഇനി മുതല്‍ വാറ്റ് കണക്കാക്കി പ്രഖ്യാപിക്കുന്നതിനുള്ള ചുമതല. രജിസ്റ്റര്‍ ചെയ്ത വിതരണക്കാരില്‍ നിന്ന് വാങ്ങുന്നവര്‍ സ്വര്‍ണത്തിന്റെ വാറ്റ് അവരുടെ വാറ്റ് റിട്ടേണിനൊപ്പം രേഖപ്പെടുത്തണം. അതായത്, വന്‍കിട വ്യാപാരികളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ സര്‍ക്കാരിന് നേരിട്ട് നികുതി കൊടുക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്…
സ്വര്‍ണം ഉള്‍പ്പെടെയുള്ള മൂല്യമേറിയ ലോഹങ്ങള്‍, വജ്രം ഉള്‍പ്പെടെയുള്ള മൂല്യമേറിയ കല്ലുകള്‍, ഇവ രണ്ടും ഉപയോഗിച്ചുള്ള ആഭരണങ്ങള്‍ എന്നിവയ്‌ക്കെല്ലാമാണ് റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം നടപ്പാക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. വ്യാപാരികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്കിടയിലെ വാറ്റുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റങ്ങള്‍. അതുകൊണ്ടുതന്നെ ആഭരണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ മാറ്റത്തില്‍ ആശങ്ക വേണ്ട. യുഎഇയില്‍ അഞ്ച് ശതമാനമാണ് വാറ്റ്. എന്നാല്‍ 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിലെ നിക്ഷേപത്തിന് വാറ്റ് ഒടുക്കേണ്ടതില്ല. യുഎഇ മാര്‍ക്കറ്റിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇളവ്.
ഇന്നത്തെ യുഎഇ സ്വര്‍ണവില; കേരളത്തിലെ വിലയും
യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 326 ദിര്‍ഹമാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 301.75 ദിര്‍ഹവും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 250.50 ദിര്‍ഹം നല്‍കണം എന്ന് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. 23.29 എന്ന നിരക്കിലാണ് രൂപ-ദിര്‍ഹം വ്യത്യാസം. ഇനി കേരളത്തിലെ സ്വര്‍ണവില നോക്കാം…
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7315 രൂപയാണ് വില. 18 കാരറ്റിന് 6030 രൂപയും. യുഎഇയിലെ 22 കാരറ്റ് സ്വര്‍ണവില ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 7027 രൂപയാണ് വരിക. അതായത്, 288 രൂപ യുഎഇയില്‍ കുറവാണ്. ഒരു പവന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2304 രൂപയുടെ കുറവ് യുഎഇയില്‍ ലഭിക്കും. പത്ത് പവന്‍ വാങ്ങുന്നവര്‍ക്ക് 23000 രൂപയുടെ ലാഭം കിട്ടും. യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതാണ് ലാഭം എന്ന് ചുരുക്കം.
കേരളത്തിലും യുഎഇയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയരുകയാണ്. ആഗോള വിപണിയിലെ മാറ്റമാണ് ഇതിന് കാരണം. വരുംദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞതാണ് കേരളത്തില്‍ വില ഉയരാനുള്ള പ്രധാന കാരണം. ഡോളര്‍ മൂല്യം ഉയരുകയും ചെയ്തിട്ടുണ്ട്. സമീപ ദിവസങ്ങളിലൊന്നും രൂപയുടെ മൂല്യം ഉയരാന്‍ സാധ്യതയില്ല എന്നാണ് വിവരം.