Gold rate in uae and kerala;സ്വര്‍ണവിലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് സാക്ഷിയായ വര്‍ഷമാണ് പിന്നിടുന്നത്. കേരളത്തില്‍ വില കുത്തനെ കൂടിയതുകൊണ്ടുതന്നെ കുറഞ്ഞ വിലയില്‍ സ്വര്‍ണം എവിടെ കിട്ടുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളുള്ള യുഎഇ തന്നെയാണ് ഇക്കാര്യത്തിലുള്ള ഉത്തരം. 35 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്ന യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ സ്വര്‍ണം വാങ്ങുന്നത് പതിവാണ്.
ആഭരണമായും നിക്ഷേപമായുമെല്ലാം സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവരാണ് മലയാളികള്‍. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവര്‍ 24 കാരറ്റില്‍ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. അതേസമയം, ആഭരണം മാത്രമായി ഉപയോഗിക്കാമെന്ന് ലക്ഷ്യമിടുന്നവര്‍ക്ക് 22, 18 കാരറ്റുകളാണ് ഉചിതം. 22 കാരറ്റിനേക്കാള്‍ വലിയ വിലക്കുറവാണ് 18 കാരറ്റിനുള്ളത്. ഇവ രണ്ടിന്റെയും കേരളത്തിലെയും യുഎഇയിലെയും ഇന്നത്തെ വില താരതമ്യം ചെയ്തു വിശദീകരിക്കാം…
സ്വര്‍ണവിലയിലെ മാറ്റം അറിയുന്നതിന് മുമ്പ് ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലുള്ള ഇന്നത്തെ മൂല്യ വ്യത്യാസം അറിയണം. ഒരു യുഎഇ ദിര്‍ഹത്തിന് 23.17 എന്ന നിരക്കിലാണ് ഇന്ന് രൂപയുള്ളത്. ലുലു മണി നല്‍കിയ വിവരങ്ങള്‍ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് ആണ് ഇക്കാര്യം വിശദീകരിക്കുന്നത്. അതായത്, ആയിരം ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 43.15 ദിര്‍ഹം മതിയാകും. കറന്‍സി മൂല്യത്തില്‍ നേരിയ വ്യത്യാസം എപ്പോഴും വരാം.
ഇനി യുഎഇയിലെ സ്വര്‍ണവില പറയാം. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 317.50 ദിര്‍ഹമാണ് നല്‍കേണ്ടത്. രൂപയിലേക്ക് മാറ്റുമ്പോള്‍ 7356 വരും. ആഭരണം എന്ന നിലയില്‍ മലയാളികള്‍ കൂടുതല്‍ ലക്ഷ്യമിടുന്നത് 22, 18 കാരറ്റുകളിലെ സ്വര്‍ണത്തെയാണ്. 22 കാരറ്റ് ഗ്രാമിന് 294 ദിര്‍ഹമാണ് ഇന്ന് നല്‍കേണ്ടത്. 18 കാരറ്റിന് 244 ദിര്‍ഹവും. ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഈ വിവരം.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7135 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5895 രൂപയും. ഇന്ന് കേരളത്തില്‍ എല്ലാ ജ്വല്ലറികളും തുറന്നു പ്രവര്‍ത്തിക്കില്ലെങ്കിലും ചില പ്രധാന ജ്വല്ലറികള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. ഏറിയും കുറഞ്ഞും മുന്നോട്ട് പോകുകയാണ് കേരളത്തിലെ സ്വര്‍ണവില. ശനിയാഴ്ച 22 കാരറ്റ് ഗ്രാമിന് 15 രൂപയും 18 കാരറ്റ് ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. അതേ വിലയാണ് ഇന്നും തുടരുന്നത്.
യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് രൂപയിലേക്ക് മാറ്റുമ്പോള്‍ 6811 നല്‍കണം. ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ കേരളത്തിലേക്കാള്‍ 2584 രൂപയുടെ കുറവ് യുഎഇയിലാണ്. യുഎഇയില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5653.48 രൂപയാണ് വില. കേരളത്തില്‍ 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ 47160 രൂപയാണ് വില. യുഎഇയില്‍ 45227 രൂപയും. അതായത് 1933 രൂപ യുഎഇയില്‍ കുറവാണ്. ഈ വില മാറ്റം മനസിലാക്കി യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികള്‍ സ്വര്‍ണം വാങ്ങി കേരളത്തില്‍ വിറ്റ് ലാഭമുണ്ടാക്കുന്ന പ്രവണതയും കൂടിയിട്ടുണ്ട്.
സ്വര്‍ണത്തിന് വന്‍ വില വര്‍ധനവുണ്ടായ വര്‍ഷമാണ് 2024. 27 ശതമാനമാണ് വില കൂടിയത്. ഇത്രയും വിലവര്‍ധന ഒരു വര്‍ഷത്തിനിടെ ആദ്യമാണ്. സമാനമാകുമോ 2025 എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ വിപണിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള മാറ്റങ്ങളെ ആശ്രയിച്ചിരിക്കും വില മാറ്റം. എന്തു തന്നെയായാലും സ്വര്‍ണ വിലയില്‍ വന്‍ കുറവ് സംഭവിക്കില്ല എന്ന കാര്യം ഉറപ്പാണ്.