Gold rate in uae;എക്കാലത്തും ഇന്ത്യയേക്കാള്‍ സ്വർണവില വളരെ അധികം കുറഞ്ഞ് നില്‍ക്കുന്ന മേഖലയാണ് ഗള്‍ഫ്. ഈ സാഹചര്യം മുതലെടുക്കുന്ന മലയാളി പ്രവാസികളുള്‍പ്പെടെ യു എ ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സ്വർണം വാങ്ങുന്നത് പതിവാണ്. എന്നാല്‍ അടുത്തിടെയാണ് സ്വർണ്ണത്തിന് ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനേക്കാള്‍ ഇന്ത്യയിലാണ് വിലക്കുറവ് എന്ന രീതിയിലുള്ള ചില വാർത്തകള്‍ പുറത്ത് വരുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും ഈ വാർത്തയ്ക്ക് വലിയ പ്രചരണം ലഭിച്ചിരുന്നു. പക്ഷെ ഇത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണെന്നാണ് ദുബായിലെ സ്വർണ വ്യാപാരികള്‍ കണക്ക് നിരത്തി ചൂണ്ടിക്കാട്ടുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
‘ഇന്ത്യ ഈ വർഷം സ്വർണ്ണ ഇറക്കുമതി തീരുവ 15% ൽ നിന്ന് 6% ആയി കുറച്ചത് ഇന്ത്യയും ദുബായും തമ്മിലുള്ള സ്വർണ്ണ വിലയിലെ വ്യത്യാസം കുറയ്ക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ യു എ ഇയിലേതിനേക്കാള്‍ കുറവല്ല ഇന്ത്യയിലെ സ്വർണ വില’ എന്നാണ് കാന്‍സ് ജ്വല്ലേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ അനിൽ ധനകിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴും ദുബായില്‍ നിന്നും സ്വർണം വാങ്ങുന്നതാണ് എന്തുകൊണ്ടും ലാഭകരം ദുബായിയാണെന്നും അദ്ദേഹം പറയുന്നു.
വിനോദസഞ്ചാരികൾക്ക് നികുതി രഹിത ആനുകൂല്യങ്ങള്‍ ഉപയോപ്പെടുത്താനും കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. തങ്ങള്‍ക്ക് ആവശ്യമായ സ്വർണത്തിന്റെ ഭൂരിഭാഗവും യു എ ഇ, സ്വിറ്റ്സർലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി തീരുവ 15 ശതമാനം ആയിരുന്ന സാഹചര്യത്തില്‍ യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വർണ്ണക്കടത്ത് വളരെ അധികം ശക്തമായിരുന്നു. ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് തീരുവ ആറ് ശതമാനമായി കുറച്ചത്.
യു എ ഇയിലേതിനേക്കാള്‍ വിലക്കുറവ് ഇന്ത്യയിലാണെന്ന വാർത്ത സ്വാഭാവികമായും ഗള്‍ഫ് രാജ്യങ്ങളിലും പ്രചരിച്ചിട്ടുണ്ടെന്ന് ജ്വല്ലറി ഉടമകളും പറയുന്നു. “ഇന്നലെ മുതൽ, കുറച്ച് ഇന്ത്യൻ ഷോപ്പർമാർക്ക് പുറമെ യു എ ഇ നിവാസികളും വിനോദസഞ്ചാരികളും ഞങ്ങളുടെ സ്റ്റോറുകളിൽ വന്ന് ഈ വാർത്തയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആ വാർത്തകളെല്ലാം പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു.” അനിൽ ധനക് പറഞ്ഞു.
ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള യാത്രകള്‍ വർധിക്കുന്ന സമയത്താണ് ഇത്തരം വാർത്തകള്‍ വരുന്നത് എന്നതാണ് ശ്രദ്ധേയം. യു എ ഇയിലേക്ക് എത്തുന്ന സന്ദർശകരിൽ ബഹുഭൂരിപക്ഷവും ഗോൾഡ് സൂക്കിലേക്ക് പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യയില്‍ സ്വർണവില കുറവാണെന്ന വാർത്ത ഈ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കും.
‘ഇറക്കുമതി തീരുവയും ജിഎസ്ടിയും ഉൾപ്പെടെ ഇന്ത്യയിൽ 22 കാരറ്റ് സ്വർണാഭരണങ്ങളുടെ നിലവിലെ നിരക്ക് ഗ്രാമിന് 316 ദിർഹമാണ്. യു എ ഇയിൽ ഇത് ഗ്രാമിന് 308 ദിർഹമാണ് (5% ഇറക്കുമതി തീരുവ ഉൾപ്പെടെ)’ മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സിലെ ഇൻ്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാല്‍ അഹമ്മദ് പറഞ്ഞു. വില വ്യത്യാസത്തിന് പുറമേ, ലോകമെമ്പാടുമുള്ള ആഭരണ ഡിസൈനുകളുടെ വൈവിധ്യമാർന്ന ശേഖരം യു എ ഇ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ന് 400 രൂപയുടെ വർധനവുണ്ടായതോടെ കേരളത്തിലെ സ്വർണ വില 56920 രൂപയായി. ഗ്രാമിന് 7115 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. യു എ ഇയിലെ നിരക്കിലേക്ക് വരികയാണെങ്കില്‍ ഗ്രാമിന് 295.5 ദിർഹമാണ് (6789.44 രൂപ). അതായത് പവന് 54315 രൂപ. കേരളത്തിലേയും യു എ ഇയിലേയും സ്വർണവില തമ്മിലെ വ്യത്യാസം 2605 രൂപ.