Uae visit visa; ദുബൈ: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇളവ് നിയമങ്ങള്‍ നീട്ടാനുള്ള യുഎഇയുടെ തീരുമാനം തൊഴിലന്വേഷകര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കും സഹായകരമാകും എന്ന് ട്രാവല്‍ ഏജന്റുമാര്‍. ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്നവര്‍ക്കും ക്രൂയിസ് ടൂറിസ്റ്റുകള്‍ക്കും ഇത് സഹായകരമാകും, അതുപോലെ തന്നെ ജോലി തേടി എത്തുന്നവരെ സംബന്ധിച്ചിടത്തോളം പദ്ധതി വലിയ സാധ്യതയാണ് മുന്നോട്ടുവെക്കുന്നത് എന്ന് സ്മാര്‍ട്ട് ട്രാവല്‍സിന്റെ ചെയര്‍മാന്‍ അഫി അഹമ്മദ് വ്യക്തമാക്കി.

”വിസ ഇളവ് നീട്ടുന്നത് യുഎഇയില്‍ ജോലി കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകളെ ഏറെ സഹായിക്കും. മാത്രമല്ല, ഇത് ഉദ്യാഗാര്‍ത്ഥികള്‍ക്ക് അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുന്നത് എളുപ്പമാക്കുന്നു. മുൻപ്, ഈ രാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് 30 ദിവസത്തെ വിസിറ്റ് വിസകളില്‍ ജോലി അഭിമുഖങ്ങളിലോ നെറ്റ് വര്‍ക്കിംഗ് അവസരങ്ങളിലോ പങ്കെടുക്കുന്നതിന് 200 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ ചിലവ് വരുമായിരുന്നു. കൂടാതെ, രാജ്യത്തിനകത്ത് താമസിക്കേണ്ടിവന്നാല്‍ 500 ദിര്‍ഹം കൂടി നല്‍കേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തീരുമാനം ഇതില്‍ നിന്ന് ഒരു മോചനം കൊണ്ടുവരുന്നതാണ്. യൂറോപ്യന്‍ യൂണിയന്‍, യുഎസ്, യുകെ എന്നിവിടങ്ങളിലെ റെസിഡന്‍സി പെര്‍മിറ്റുള്ള ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് നേരത്തെ ഓണ്‍ അറൈവല്‍ വിസയ്ക്ക് സ്വയമേവ യോഗ്യത ലഭിക്കുമായിരുന്നു.
അതേസമയം, ഇത് സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിസയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് കൂടി യുഎഇ നീട്ടിയിട്ടുണ്ട്. ഇതിനകം തന്നെ 72 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അബൂദബി സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വഴി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ സൗജന്യ സന്ദര്‍ശന വിസ നല്‍കുന്നുണ്ട്.
ടൂറിസം, ബിസിനസ് കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ എന്നിങ്ങനെ വിവധ പരിപാടികൾക്കായി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും പുതിയ നീക്കം സഹായിക്കും. മുന്‍കൂട്ടി അംഗീകാരം ലഭിച്ച വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി വഴിയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബൈ വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം. ഈ സൗകര്യം ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്ന ഇന്ത്യന്‍ യാത്രക്കാര്‍ യുഎഇയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ അവരുടെ ബാധകമായ ടൂറിസ്റ്റ് അല്ലെങ്കില്‍ റെസിഡന്‍സി വിസകളും പാസ്പോര്‍ട്ടുകളും കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ളതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.