
UAE Job Offer: പ്രവാസികളെ..ചാടിയിറങ്ങല്ലേ ജോബ് ഓഫര്‍ കിട്ടുമ്പോഴേക്കും.! എങ്ങനെ സ്ഥിരീകരിക്കാം? വ്യാജന്‍മാരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഇതാണ്
UAE Job Offer;ഏറെക്കാലത്തെ അലച്ചിലിനും ശ്രമങ്ങള്‍ക്കും ശേഷം യു.എ.ഇയില്‍ നല്ലൊരു ജോബ് ഓഫര്‍ കിട്ടുമ്പോഴേക്ക് വേഗം ചാടിയിറങ്ങല്ലേ. കരിയര്‍ നഷ്ടമാകുന്നതിനൊപ്പം വലിയ സാമ്പത്തിക ബാധ്യതയും മാനഹാനിയും വരെ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെ മാത്രമെ നീങ്ങാവൂ. തൊഴിലന്വേഷകരെ വഞ്ചനയ്ക്കും ചൂഷണത്തിനും ഇരയാക്കുന്ന വ്യാജ തൊഴില്‍ ഓഫറുകളും വിസ തട്ടിപ്പുകളും വ്യാപകമായതിനാല്‍ നല്ലവണ്ണം ആലോചിച്ചും അന്വേഷിച്ചു മാത്രമെ ജോബ് ഓഫറുകള്‍ കിട്ടിയാല്‍ തുടര്‍നടപടി സ്വീകരിക്കാവൂ.

ജോപ് ഓഫര്‍ വ്യാജമാണോ തട്ടിപ്പാണോ എന്ന് അറിയുന്നതിന് യുഎഇയിലെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന് (MOHRE) കീഴില്‍ ഔദ്യോഗിക മാര്‍ഗങ്ങളുണ്ട്. സ്വയം പരിരക്ഷിക്കുന്നതിനും നിങ്ങളുടെ ഓഫര്‍ സാധുതയുള്ളതാണെന്ന് സ്ഥിരീകരിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ നമുക്ക് നോക്കാം.
യുഎഇയിലെ ജോലി ഓഫറുകള്‍ എങ്ങനെ പരിശോധിക്കാം
യുഎഇയില്‍ ജോലി ചെയ്യുന്നതിനുള്ള ജോബ് ഓഫര്‍ ലഭിക്കുകയാണെങ്കില്‍, ഓഫര്‍ യഥാര്‍ത്ഥമാണെന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതാണെന്നും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ നിയമാനുസൃതമായ ജോബ് ഓഫറുകളും യുഎഇയിലെ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MOHRE) വഴി ആണ് നല്‍കേണ്ടത്. വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ തൊഴിലുടമകള്‍ മന്ത്രാലയം അംഗീകരിച്ച കരാര്‍ ഫോം ഉപയോഗിക്കേണ്ടതുണ്ട്. ഈ ജോലി ഓഫര്‍ ഫോമുകളില്‍ സവിശേഷ സീരിയല്‍ നമ്പറോ ബാര്‍കോഡോ ഉള്‍പ്പെടും. ഇത് ജോബ് ഓഫര്‍ അയക്കുന്ന സ്ഥാപനത്തിന്റെ ആധികാരികത എളുപ്പത്തില്‍ പരിശോധിക്കാന്‍ സഹായിക്കുന്നു
ജോപ് ഓഫര്‍ ലെറ്ററില്‍ എന്തൊക്കെ ഉണ്ടാകണം
മന്ത്രാലയം നല്‍കുന്ന എല്ലാ സാധുവായ ഓഫര്‍ ലെറ്ററിലും താഴെയുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കണം എന്നാണ് ചട്ടം.
- കോണ്‍ട്രാക്ട് തരം
- ശമ്പളം (പ്രതിമാസ, ദിവസേന, കമ്മീഷന്‍ അടിസ്ഥാനമാക്കിയത് മുതലായവ)
- വീക്കിലി ലീവ്
- നോട്ടീസ് പിരിയഡും മറ്റ് പ്രസക്തമായ വ്യവസ്ഥകളും
- തൊഴില്‍ ആരംഭിക്കുന്ന തീയതി
- ജോലിയുടെ പേര് അല്ലെങ്കില്‍ ജോലിതരം
- കമ്പനി നമ്പര്‍ (വിലാസം അടക്കം)
ജോബ് ഓഫര്‍ സാധുതയുള്ളതാണെന്ന് എങ്ങനെ സ്ഥിരീകരിക്കാം
ജോബ് ഓഫര്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ആദ്യപടി നിങ്ങളുടെ രാജ്യത്തെ യുഎഇ എംബസിയില്‍ അന്വേഷിക്കുകയാണ് വേണ്ടത്. ഓഫര്‍ യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് സഹായിക്കാനാകും. യുഎഇ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സര്‍വിസ് ഉപയോഗിച്ചും ജോബ് ഓഫറിന്റെ ക്രെഡിബിലിറ്റി പരിശോധിക്കാന്‍ കഴിയും. അതിനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെ:
1- www.mohre.gov.ae എന്ന സൈറ്റ് സന്ദര്‍ശിക്കുക.
2- മെനുവിലേക്ക് പോയി Servicse ല്‍ ക്ലിക്കുചെയ്യുക.
3- താഴേക്ക് സ്‌ക്രോള്‍ ചെയ്ത New Enquiry Servicse തിരഞ്ഞെടുക്കുക.
4- സര്‍വിസ് പേജില്‍ Enquiry Servicse ക്ലിക്കുചെയ്യുക. തുടര്‍ന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്ത് Enquiry for Job Offer തിരഞ്ഞെടുക്കുക.
ശേഷം ഇനി പറയുന്ന ജോബ് ഓഫര്‍ വിശദാംശങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് നിര്‍ദേശം ലഭിക്കും
* Transaction Number
* Company Number
* From Date
* To Date
* Permit Type
ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം മന്ത്രാലയത്തില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ആണെങ്കില്‍ ഓഫര്‍ ലെറ്റര്‍ പ്രദര്‍ശിപ്പിക്കും. കത്ത് സിസ്റ്റത്തില്‍ ഇല്ലെങ്കില്‍, ഓഫര്‍ വ്യാജമോ തൊഴിലുടമ ശരിയായി സമര്‍പ്പിച്ചിട്ടില്ലാത്തതോ ആകാം. സിസ്റ്റത്തില്‍ ഉണ്ടെങ്കില്‍ ഉറപ്പിക്കാം ജോബ് ഓഫര്‍ ഒറിജിനല്‍ ആണെന്ന്.
മിക്ക ഓഫര്‍ ലെറ്ററുകളിലും ഇടപാട് നമ്പറും കമ്പനി നമ്പറും പരാമര്‍ശിക്കും. തൊഴിലുടമയോ റിക്രൂട്ട്‌മെന്റ് ഏജന്‍സിയോ മന്ത്രാലയത്തിന്റെ സിസ്റ്റത്തിലേക്ക് ഓഫര്‍ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഇവ ജനറേറ്റ് ചെയ്യപ്പെടും. അവ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ നിങ്ങള്‍ തൊഴിലുടമയോട് അവ നല്‍കാന്‍ ആവശ്യപ്പെടണം.
ഓഫര്‍ ലെറ്റര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ യുഎഇയില്‍ പ്രവേശിക്കുന്നതിന് തൊഴിലുടമ നിങ്ങള്‍ക്ക് ഒരു തൊഴില്‍ വിസ നല്‍കും. നിങ്ങളുടെ എന്‍ട്രി പെര്‍മിറ്റിന്റെ സാധുത സ്ഥിരീകരിക്കുന്നതിന് തൊഴില്‍ വിസ പ്രക്രിയയുടെ പോയിന്റ് 8 ഉം 9 ഉം നിങ്ങള്‍ക്ക് റഫര്‍ ചെയ്യാം.
Here is you can verify job offer in the UAE and avoid employment or visa scams

Comments (0)