Dubai rent:ദുബായ്: ദുബായിലെ കുതിച്ചുയരുന്ന കെട്ടിട വാടക താങ്ങാനാവാതെ പ്രവാസികള്‍ ഷാര്‍ജയിലേക്കും മറ്റ് വടക്കന്‍ എമിറേറ്റുകളിലേക്കും വലിയ തോതില്‍ താമസം മാറുന്നതായി റിപ്പോര്‍ട്ട്. വാടകയിലെ വര്‍ധനവിനൊപ്പം മറ്റ് എമിറേറ്റുകളിലെ ഉയര്‍ന്ന നിലവാരമുള്ള വികസനം, കൂടുതല്‍ തൊഴില്‍ സാധ്യതകള്‍, ജീവനക്കാര്‍ക്ക് കൂടുതല്‍ എളുപ്പമാവുന്ന ഹൈബ്രിഡ് വര്‍ക്ക് ക്രമീകരണങ്ങള്‍ എന്നിവയും ഈ കുടിയേറ്റത്തിനു പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.ഇതിനു മുമ്പ് 2009ലും 2014ലും സമാനമായ ഇത്തരം കുടിയേറ്റം ദുബായില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് ഉണ്ടായിട്ടുണ്ടെന്നാണ് ഈ മേഖലയിലുള്ള ഏജന്‍സികള്‍ പറയുന്നത്. അതിന് സമാനമായ രീതിയുള്ള താമസ മാറ്റം ഈ വര്‍ഷം സംഭവിക്കുമെന്നും അവര്‍ വിലയിരുത്തുന്നു. ദുബായില്‍ നിന്ന് ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ, റാസല്‍ ഖൈമ തുടങ്ങിയ എമിറേറ്റുകളിലേക്ക് പോകുമ്പോള്‍ വാടകയിലെ വ്യത്യാസം കാരണം ഒരാള്‍ക്ക് ഏകദേശം 77,000 ദിര്‍ഹം ലാഭിക്കാമെന്ന് ഈ മേഖലയിലെ വ്യവസായ എക്സിക്യൂട്ടീവുകള്‍ അഭിപ്രായപ്പെടുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ദുബായ്, ഷാര്‍ജ, നോര്‍ത്തേണ്‍ എമിറേറ്റ്സ് എന്നിവിടങ്ങളില്‍ കൊവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തില്‍ കെട്ടിട വാടകയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലെ മികച്ച തൊഴിലവസരങ്ങള്‍ കാരണം നിരവധി വിദേശികള്‍ ഇവിടങ്ങളിലേക്ക് തൊഴില്‍ തേടിയെത്തുകയും അതുവഴി യുഎഇയിലെ ജനസംഖ്യയില്‍ വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടാവുകയും ചെയ്തതോടെയാണിത്. എന്നിരുന്നാലും, ദുബായിലെ വാടക വടക്കന്‍ എമിറേറ്റുകളേക്കാള്‍ ഇരട്ടിയിലേറെയാണ്.
ദുബായില്‍ ഒരു സ്റ്റുഡിയോ കെട്ടിടത്തിന് പ്രതിവര്‍ഷം 30,000 ദിര്‍ഹം മുതല്‍ 70,000 ദിര്‍ഹം വരെയാണ് വാടക. ഒരു കിടപ്പുമുറിയുള്ള അപ്പാര്ട്ട്മെന്റിനാവട്ടെ 50,000 ദിര്‍ഹം മുതല്‍ 130,000 ദിര്‍ഹം വരെ വാടകയുണ്ട്. ദുബായിലെ, ദെയ്റ, ഇന്റര്‍നാഷണല്‍ സിറ്റി, സ്പോര്‍ട്സ് സിറ്റി, ജുമൈറ വില്ലേജ് എന്നിവയാണ് താരതമ്യേന വാടക കുറഞ്ഞ പ്രദേശങ്ങള്‍. അതേസമയം, പാം ജുമൈറ, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ഡൗണ്ടൗണ് എന്നിവിടങ്ങളാണ് കെട്ടിട വാടക ഏറ്റവും കൂടിയ സ്ഥലങ്ങള്‍.
എന്നാല്‍ ഷാര്‍ജയില്‍ സ്റ്റുഡിയോകള്‍ക്ക് 12,000 ദിര്‍ഹം മുതല്‍ 40,000 ദിര്‍ഹം വരെയും ഒരു ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകള്‍ക്ക് 14,000 ദിര്‍ഹം മുതല്‍ 55,000 ദിര്‍ഹം വരെയുമാണ് പ്രതിവര്‍ഷം വാടക. വടക്കന്‍ എമിറേറ്റുകളായ അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ സ്റ്റുഡിയോകള്‍ക്കും ഒരു കിടപ്പുമുറിക്കും ഒരു വര്‍ഷം 12,000 ദിര്‍ഹം മുതല്‍ 34,000 ദിര്‍ഹം വരെയും ഒരു കിടപ്പുമുറി അപ്പാര്‍ട്ട്മെന്റിന് ഏകദേശം 15,000 ദിര്‍ഹം മുതല്‍ 50,000 വരെയുമാണ് വാടക. എന്നു മാത്രമല്ല, ദുബായ് കെട്ടിടങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിലെ കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളും ഉണ്ടെന്നതും ഒരു പ്രധാന ഘടകമാണ്. ഇവിടങ്ങളില്‍ പുതുതായി വികസനം വരുന്ന പ്രദേശങ്ങളായതിനാല്‍ കൂടുതല്‍ സൗകര്യങ്ങളോടും ഗുണമേന്മയോടെയുമാണ് കെട്ടിടങ്ങളും റോഡുകളും പാര്‍ക്കുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും നിര്‍മിക്കപ്പെട്ടിരിക്കുന്നത്.
ദുബായില്‍ ജോലി ചെയ്യുന്നവര്‍ അജ്മാനിലോ റാസല്‍ ഖൈമയിലോ ആണ് താമസിക്കുന്നതെങ്കില്‍ ദിവസവും പോയി വരാനുള്ള ഇന്ധനച്ചെലവ് വര്‍ദ്ധിക്കുമെങ്കിലും വാടകയിലെ കുറവ് വച്ച് നോക്കുമ്പോള്‍ അതാണ് ലാഭകരമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഇവിടങ്ങളിലെ സ്കൂള്‍ ഫീസ് ഉള്‍പ്പെടെയുള്ള ജീവിതച്ചെലവും ദുബായിയെ അപേക്ഷിച്ച് കുറവാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ദുബായില്‍ നിന്ന് ഇവിടേക്ക് താമസം മാറ്റുന്ന ഒരാള്‍ക്ക് അതുകൊണ്ടുതന്നെ ശരാശരി 77,000 ദിര്‍ഹം ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ദുബായില്‍ ജോലിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം രീതിയില്‍ വടക്കന്‍ എമിറേറ്റുകളില്‍ താമസിച്ച് ജോലി ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്.