Home Decoration Contest in dubai;ദുബൈ: റമദാനിൽ ഉത്സവാന്തരീക്ഷം പകരുന്നതിനായി താമസക്കാരെ പ്രോത്സാഹിപ്പിക്കാൻ ഏറ്റവും മനോഹരമായി അലങ്കരിച്ച വീടുകൾക്ക് സമ്മാനം നൽകുന്ന പ്രത്യേക മത്സരം പ്രഖ്യാപിച്ച് ദുബൈ. വിജയികൾക്ക് 2 ലക്ഷം ദിർഹം സമ്മാനത്തുകയോടൊപ്പം ഉംറ ടിക്കറ്റുകളും ലഭിക്കും.
എമിറേറ്റിലുടനീളം ഏറ്റവും മനോഹരമായി അലങ്കരിച്ച വീടുകൾ തിരഞ്ഞെടുക്കുന്നതിനായി ദുബൈ സർക്കാരിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബൈയും ഫെർജാൻ ദുബൈയും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ‘ഇയർ ഓഫ് കമ്മ്യൂണിറ്റി’യുടെ ഭാഗമായുള്ള ഈ മത്സരത്തിന്റെ ലക്ഷ്യം സാംസ്കാരിക പൈതൃകത്തെ ശക്തിപ്പെടുത്തുകയും സമൂഹത്തിനുള്ളിൽ ആഴത്തിലുള്ള ബന്ധം വളർത്തുകയും സമ്പന്നമായ പാരമ്പര്യം നിലവിലുള്ളവർക്കും ഭാവി തലമുറയ്ക്കും അർത്ഥവത്തായ രീതിയിൽ സംരക്ഷിക്കപ്പെടുന്നതായി ഉറപ്പാക്കുകയും ചെയ്യുന്നതാണ്.
ഒന്നാം സ്ഥാനത്തിന് 1,00,000 ദിർഹം സമ്മാനമായി നൽകുമെന്ന് ബ്രാൻഡ് ദുബൈ അറിയിച്ചു. രണ്ടാം സ്ഥാനത്തിന് 60,000 ദിർഹവും മൂന്നാം സ്ഥാനത്തിന് 40,000 ദിർഹവും സമ്മാനമായി ലഭിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് പുറമെ മത്സരത്തിൽ പങ്കെടുക്കുന്ന ഏഴ് പേർക്ക് രണ്ട് ഉംറ യാത്രകളിലേക്കുള്ള അവസരവും ലഭിക്കും. മാർച്ച് ഒന്നിനാണ് മത്സരം ആരംഭിച്ചത്, റമദാൻ അവസാനത്തോടെ മത്സരം അവസാനിക്കും.

ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നതിൽ ഉത്സവ, ആഘോഷങ്ങൾ വലിയ പങ്ക് വഹിക്കുന്നുവെന്നും സമൂഹത്തിന്റെ സർഗാത്മകതയിലും പുതുമയിലും അഭിവൃദ്ധിപ്പെടുന്ന നഗരമാണ് ദുബൈ എന്നും ബ്രാൻഡ് ദുബൈ ഡയറക്‌ടർ ഷൈമ അൽ സുവൈദി വ്യക്തമാക്കി.
മാർഗ്ഗനിർദ്ദേശങ്ങൾ
1) ദുബൈ നിവാസികൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കു.
വീടിന്റെ മുൻഭാഗം ലൈറ്റുകളും മറ്റ് അലങ്കാരങ്ങളും കൊണ്ട് അലങ്കരിക്കുകയും, #RamadaninDubai ലോഗോ അലങ്കാരങ്ങളിൽ ഉൾപ്പെടുത്തുകയും വേണം.
2) ‘ഇയർ ഓഫ് കമ്മ്യൂണിറ്റി’യുടെ തീം പ്രതിഫലിപ്പിക്കുമ്പോൾ മത്സരാർത്ഥികൾ അലങ്കാരങ്ങളുടെ ഒരു ക്രിയേറ്റീവ് വിഡിയോ ചിത്രീകരിക്കണം.
3) മത്സരാർഥികൾ വിഡിയോ അവരുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ റീലായി പോസ്‌റ്റ് ചെയ്യണം.
4) ഇൻസ്റ്റഗ്രാം റീൽ പോസ്റ്റു ചെയ്യുമ്പോൾ @branddubai, @ferjan.dubai എന്നിവ ടാഗ് ചെയ്യുക.
5)ഹാഷ്‌ടാഗ് പോസ്റ്റിൽ (#Dubai’s_Best_Decorated_Ramadan_Homes_2025) ഉൾപ്പെടുത്തണം. സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 21.
