Uae job seeker visa;യുഎഇയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ജോബ്‌സീക്കര്‍ വിസ നേടുകയെന്നതാണ്. ആളുകളുമായി ഇടപഴകുമ്പോഴും അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോഴും അവിടെ താമസിക്കാനും തൊഴില്‍ വിപണി പര്യവേക്ഷണം ചെയ്യാനും ഇത് നിങ്ങളെ അനുവദിക്കുന്നു.
യുഎഇ സന്ദര്‍ശിച്ച് പുതിയൊരു ജോലി നേടാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഇതിനായി നിങ്ങള്‍ക്ക് ഒരു പ്രത്യേക വിസ ആവശ്യമാണ്. യുഎഇ ജോബ്‌സീക്കര്‍ വിസ വ്യക്തികളെ യുഎഇയില്‍ ഒരു സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ ജോലി അന്വേഷിക്കാന്‍ അനുവദിക്കുന്നു. 60, 90 അല്ലെങ്കില്‍ 120 ദിവസത്തേക്കുള്ള വിസ നേടുക വഴി നിങ്ങള്‍ക്ക് യുഎഇയില്‍ എത്തി ഒരു സ്ഥിരം ജോലി കരസ്ഥമാക്കാന്‍ കഴിയും.
എന്താണ് യുഎഇ ജോബ് സീക്കര്‍ വിസ?
രാജ്യത്തുടനീളമുള്ള തൊഴില്‍ സാധ്യതകള്‍ പരിശോധിക്കുന്നതിനായി യുവ പ്രതിഭകളെയും പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും ആകര്‍ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായി രാജ്യത്തിന്റെ അഡ്വാന്‍സ്ഡ് വിസ സിസ്റ്റം അവതരിപ്പിച്ച പുതിയ പ്രവേശന പെര്‍മിറ്റിന്റെ ഭാഗമാണ് ജോബ് എക്‌സ്‌പ്ലോറേഷന്‍ വിസ എന്നും അറിയപ്പെടുന്ന ജോബ് സീക്കര്‍ വിസ.
കൂടാതെ, യുഎഇയുടെ ഏറ്റവും പുതിയ വിസ ചട്ടങ്ങള്‍ അനുസരിച്ച്, തൊഴില്‍ അന്വേഷണ വിസ ഉള്‍പ്പെടെയുള്ള എല്ലാ എന്‍ട്രി വിസകളും ഒന്നോ അതിലധികമോ എന്‍ട്രികളോടെ ലഭ്യമാകും. വിസകള്‍ ഇഷ്യൂ ചെയ്ത ദിവസത്തിന് ശേഷം 60 ദിവസം വരെ സാധുതയുള്ളതാണ്. ഇക്കാലയളവില്‍ വിസകള്‍ പുതുക്കാവുന്നതാണ്.

മിക്കവരും ജോലി അന്വേഷണത്തിനായി യുഎഇ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?
നിരവധി കാരണങ്ങളാല്‍ യുഎഇ ജോലി ചെയ്യാന്‍ ആകര്‍ഷകമായ ഒരു സ്ഥലമാണ്. അവ പരിശോധിക്കാം:
ശക്തമായ സമ്പദ്‌വ്യവസ്ഥ: റിയല്‍ എസ്റ്റേറ്റ്, ധനകാര്യം, ടൂറിസം, സാങ്കേതികം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശക്തവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് യുഎഇയുടേത്. ഇതിന്റെ ഫലമായി വിവിധ മേഖലകളിലായി വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ ദിനംപ്രതി സൃഷ്ടിക്കപ്പെടുന്നു.
നികുതി രഹിത വരുമാനം: യുഎഇ അതിന്റെ നികുതി സൗഹൃദ നയത്തിന് പേരുകേട്ടതാണ്. പല ജോലികളും നികുതി രഹിത വരുമാനം നല്‍കുന്നു. അതായത് യുഎഇയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയും.
സുരക്ഷയും സ്ഥിരതയും: കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവുള്ള സുരക്ഷിതവും സുസ്ഥിരവുമായ ഒരു രാജ്യമായാണ് യുഎഇ കണക്കാക്കപ്പെടുന്നത്. അതിനാല്‍ പ്രൊഫഷണലുകളുടെ കുടുംബങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഇവിടം ഒരു ജനപ്രിയ സ്ഥലമാണ്.
ബഹുസാംസ്‌കാരിക പരിസ്ഥിതി: യുഎഇയില്‍ ലോകമെമ്പാടുമുള്ള വ്യക്തികളുണ്ട്. യുഎഇയുടെ വൈവിധ്യം വ്യക്തികള്‍ക്കും തൊഴില്‍പരമായും സമ്പന്നമായ ഒരു ബഹുസാംസ്‌കാരികമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍: ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗതാഗത ശൃംഖലകള്‍ തുടങ്ങിയ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നാട് കൂടിയാണ് യുഎഇ.
ജീവിത നിലവാരം: മികച്ച ജീവിത നിലവാരമാണ് യുഎഇ പ്രദാനം ചെയ്യുന്നത്. മികച്ച മെഡിക്കല്‍, വിദ്യാഭ്യാസ, വിനോദ സൗകര്യങ്ങളും. മനോഹരമായ ബീച്ചുകളും ഇവിടെയുണ്ട്.
എന്താണ് യുഎഇ ജോബ്‌സീക്കര്‍ വിസയ്ക്കുള്ള യോഗ്യത?
യുഎഇ ജോബ്‌സീക്കര്‍ വിസയ്ക്ക്, ഇനിപ്പറയുന്ന കാര്യങ്ങള്‍ അനിവാര്യമാണ്:
കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട്.
മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MOHRE) അംഗീകരിച്ച പ്രൊഫഷണല്‍ തലം അനുസരിച്ച് ഒന്നും രണ്ടും മൂന്നും നൈപുണ്യ തലങ്ങളില്‍ ആയിരിക്കണം നിങ്ങളുടെ പ്രൊഫഷന്‍. കൂടാതെ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ലോകമെമ്പാടുമുള്ള മികച്ച 500 സര്‍വകലാശാലകളില്‍ ഒന്നില്‍ നിന്ന് ബിരുദം നേടിയിരിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കണം.
നിങ്ങള്‍ ഒരു ബാച്ചിലേഴ്‌സ് ബിരുദം നേടിയിരിക്കണം.
- ജോബ് സീക്കര്‍ വിസയ്ക്ക് ആവശ്യമായ രേഖകള്‍:
- നിങ്ങളുടെ കളര്‍ ഫോട്ടോ.
- നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പ്.
- നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സ്ഥിരീകരിക്കാന്‍ സഹായിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ഡിഗ്രി സര്‍ട്ടിഫിക്കറ്റ്).
- നിങ്ങള്‍ യുഎഇയില്‍ എത്തിയാല്‍ എവിടെയാണ് താമസിക്കുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ (വാടക കരാര്‍, ഹോട്ടല്‍ ബുക്കിംഗ്).
- നിങ്ങളുടെ ഫ്‌ലൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പ് (ഓപ്ഷണല്‍)
60 ദിവസത്തെ സന്ദര്‍ശന ഫീസ് നിരക്ക്: 200 യുഎഇ ദിര്‍ഹം
90 ദിവസത്തെ സന്ദര്‍ശന വിസ ഫീസ് നിരക്ക്: 300 യുഎഇ ദിര്‍ഹം
120 ദിവസത്തെ സന്ദര്‍ശന വിസയ്ക്കുള്ള ഫീസ് നിരക്ക്: 400 യുഎഇ ദിര്‍ഹം