Car Loan In Dubai: ദുബായിലെ പൊതുഗതാഗത സംവിധാനം മികച്ചതാണെങ്കിലും കുടുംബസമേതം സൗകര്യപ്രദമായും വേഗത്തിലും നഗരം ചുറ്റാനും ഷോപ്പിങ്ങിനു പോവാനുമൊക്കെ സ്വന്തമായി ഒരു വാഹനം എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. പ്രത്യേകിച്ച് നിലവിലെ കൊടും വേനലില്‍ തിളച്ചുമറിയുന്ന കാലാവസ്ഥയില്‍, ഒരു കാര്‍ വേണമെന്ന് ആഗ്രഹിച്ചു പോവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളവരായിരിക്കും പലരും. എന്നാല്‍ പണം പൂര്‍ണമായും ഒറ്റത്തവണ തന്നെ അടച്ചുതീര്‍ത്ത് കാര്‍ സ്വന്തമാക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു കൊള്ളണമെന്നില്ല. അവര്‍ക്കുള്ള മികച്ച ഒരു ഓപ്ഷനാണ് ഒരു കാര്‍ ലോണ്‍ തരപ്പെടുത്തുക എന്നത്. യുഎഇയിലെ ബാങ്കുകളാവട്ടെ, ഉപഭോക്താക്കള്‍ക്ക് ഓട്ടോ ലോണ്‍ അഥവാ കാര്‍ ലോണ്‍ ഓഫറുകള്‍ നല്‍കുന്നതില്‍ മുന്നിലാണ്. പ്രവാസികള്‍ക്ക് ഉള്‍പ്പെടെ വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങള്‍ ‘ഗ്രീന്‍’ വാഹന വായ്പകള്‍ മുതല്‍ ഫിക്‌സഡ് ഡിപ്പോസിറ്റ്, ഫിക്‌സഡ് റേറ്റ് ലോണുകള്‍ വരെയുള്ള വിവിധ ഇനം വാഹന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.യുഎഇയില്‍ വാഹന വായ്പ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, ആവശ്യമായ രേഖകള്‍ തുടങ്ങിവ എന്തൊക്കെ എന്നറിയാം:
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
വാഹന വായ്പ എടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഓരോ ബാങ്കിനും വ്യത്യാസപ്പെടാം എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. എന്നിരുന്നാലും എല്ലാ ബാങ്കുകളും ചില അടിസ്ഥാന ആവശ്യകതകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഒരു വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകര്‍ക്ക് 21 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നതാണ് പൊതു നിബന്ധനകളിലൊന്ന്.
മിക്ക ബാങ്കുകളും വാഹന വായ്പ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ശമ്പളം 5,000 ദിര്‍ഹം ആയി നിശ്ചിയിച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്നതിന് ലോണ്‍ അപേക്ഷിക്കുന്ന വേളയില്‍ താമസക്കാര്‍ സാലറി സ്ലിപ്പോ അല്ലെങ്കില്‍ ശമ്പളത്തിന്‍റെ മറ്റെന്തെങ്കിലും രേഖയോ തെളിവായി നല്‍കണം. എന്നാല്‍ ചില ബാങ്കുകള്‍ ശമ്പളം കൂടുതല്‍ വേണമെന്ന് നിബന്ധന വയ്ക്കാറുണ്ട്.
അതോടൊപ്പം വാഹന ലോണ്‍ ലഭിക്കുന്നതിന് ഏതാനും രേഖകള്‍ അപേക്ഷയോടൊപ്പം ബാങ്കില്‍ ഹാജരാക്കേണ്ടതുണ്ട്. ഒരു കാര്‍ സ്വന്തമായി വാങ്ങിയതിന്‍റെ തെളിവ് കാണിക്കുന്നതിനുള്ള രേഖകള്‍ക്കൊപ്പം, യുഎഇയില്‍ വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ഡ്രൈവിങ് ലൈസന്‍സ്, കാര്‍ രജിസ്‌ട്രേഷന്‍ രേഖ, കാറിന്‍റെ മൂല്യനിര്‍ണയ സര്‍ട്ടിഫിക്കറ്റ്, യഥാർഥ എമിറേറ്റ്‌സ് ഐഡി, വാഹന ഉടമയുടെ പാസ്‌പോര്‍ട്ടും വിസയും, മൂന്നു മുതല്‍ ആറു മാസം വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍, ശമ്പള സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി രേഖകള്‍, മാതൃരാജ്യത്തെ വീട്ടുവിലാസം വ്യക്തമാക്കുന്ന രേഖ തുടങ്ങിയവ കൂടി ഹാജരാക്കണം. രേഖയുടെ കാര്യത്തില്‍ ചില ബാങ്കുകളുടെ കാര്യത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.
വായ്പ തിരിച്ചടവിന്‍റെ കാലാവധിയുടെ കാര്യത്തിലും ധനകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ട്. ചില ബാങ്കുകള്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ചില ബാങ്കുകളില്‍ ഏതാനും മാസങ്ങള്‍ കൊണ്ടു തന്നെ തുക തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. സെക്കൻഡ് ഹാന്‍ഡ് വാഹനമാണെങ്കില്‍ പ്രത്യേകിച്ചും. വാഹനത്തിന്‍റെ കാലപ്പഴക്കം കൂടി പരിഗണിച്ചാവും തിരിച്ചടവ് കാലാവധി തീരുമാനിക്കുക.