Dubai rent:യുഎഇയിൽ താമസസ്ഥലത്തിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനം;ഇത് പ്രവാസികള്‍ക്ക് ഗുണകരമാകും

Dubai rent; ദുബായ്: പ്രവാസി മലയാളികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ ഒന്നാണ് മികച്ച താമസസൗകര്യം ലഭിക്കുകയെന്നത്. ആഗ്രഹിക്കുന്ന സൗകര്യങ്ങളോടെയുള്ള ഒരു താമസസ്ഥലത്തിന് പലപ്പോഴും നല്‍കേണ്ടി വരുന്നത് ഉയര്‍ന്ന വാടകയാണ്. ഇതേച്ചൊല്ലി താമസക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തര്‍ക്കം വിവിധ മേഖലകളില്‍ സ്ഥിരം കാഴ്ചയാണ് പ്രവാസികള്‍ക്ക്. ഒരിക്കലെങ്കിലും ഈ സാഹചര്യം നേരിടാത്ത പ്രവാസികളുടെ എണ്ണവും കുറവാണ്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ നിര്‍ണായകമായ തീരുമാനമാണ് ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് വാടക സൂചിക ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഷാര്‍ജ ഭരണകൂടം. ഷാര്‍ജ എമിറേറ്റിലെ ഓരോ പ്രദേശത്തിന്റെയും വാടക നിലവാരം ജനങ്ങള്‍ക്ക് കാണാവുന്ന വിധത്തിലാണ് റെന്റല്‍ ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്. ഇതുവഴി വാടകയുമായി ബന്ധപ്പെട്ട് കെട്ടിടയുടമയും താമസക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കാനാകും. ജനുവരി 22 മുതല്‍ 25 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന എക്‌സിബിഷനില്‍ സൂചിക പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനിയന്ത്രിതമായി വാടക വര്‍ദ്ധിപ്പിക്കുന്നതിനും തടയിടാം. ഓരോ പ്രദേശത്തിന്റെ പ്രാധാന്യവും വിപണി നിലവാരവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചതിന് ശേഷമായിരിക്കും വാടകയുടെ ഉയര്‍ന്ന പരിധി നിശ്ചയിക്കുക. പുതിയ തീരുമാനത്തിലൂടെ വാടക സൂചിക, റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സുതാര്യതയും നിക്ഷേപകരില്‍ കൂടുതല്‍ ആത്മവിശ്വാസവും ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് വകുപ്പിന്റെ സഹകരണത്തോടെ ഷാര്‍ജ ഡിജിറ്റലാണ് സൂചിക തയ്യാറാക്കുന്നത്. നേരത്തെ, ദുബായ്, അബുദാബി എമിറേറ്റുകളില്‍ വാടക സൂചിക പുറത്തിറക്കിയിരുന്നു. നിലവില്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് മാത്രമാണ് സൂചിക ബാധകമാകുന്നത്. ഭാവിയില്‍ വാണിജ്യ കെട്ടിടങ്ങള്‍ കൂടി ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top