Indian airline; യാത്രക്കാരെ കയറ്റിയില്ല; ഇന്ത്യൻ എയർലൈനെതിരെ നടപടി

Indian airline; വിമാനത്തിലെ സീറ്റുകൾ തകരാറിനെ തുടർന്ന് യാത്രക്കാരെ കയറ്റാതിരുന്ന സംഭവത്തിൽ ആകാശ എയറിനെതിരെ നടപടി സ്വീകരിച്ച് അധികൃതർ. 10 ലക്ഷം രൂപ പിഴയാണ് ആകാശ എയറിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിധിച്ചത്. സെപ്തംബർ ആറിനാണ് സംഭവം. ബാങ്കോക്കിൽ നിന്ന് പൂനൈയിലേക്ക് ടിക്കറ്റെടുത്ത ഏഴ് യാത്രക്കാരുടെ പരാതിയിലാണ് നടപടി.

ആദ്യം എല്ലാ യാത്രക്കാരുമായി വിമാനം പറന്നുയർന്നെങ്കിലും യന്ത്ര തകരാറിനെ തുടർന്ന് തിരിച്ചറക്കിയിരുന്നു. പകരം എത്തിയ വിമാനത്തിൽ ഏഴു സീറ്റുകൾ കേടായത് മൂലം പരാതിക്കാരുടെ യാത്ര മുടങ്ങി. ഒരു മണിക്കൂറിന് ശേഷം ഈ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ പൂനൈയിൽ എത്തിച്ചെങ്കിലും യാത്രക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. ബുക്ക് ചെയ്ത വിമാനത്തിൽ യാത്രാ സൗകര്യമൊരുക്കിയില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ ആ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ സീറ്റ് നൽകണമെന്നാണ് വ്യോമയാന നിയമം.

ഇത് ലംഘിച്ചാൽ 10,000 രൂപ നഷ്ടപരിഹാരമായി നൽകണം. ബദൽ വിമാനം എത്തുന്നത് 24 മണിക്കൂറിന് ശേഷമാണെങ്കിൽ യാത്രക്കാർക്ക് 20,000 രൂപ നഷ്ടപരിഹാരത്തിനും അവകാശമുണ്ട്. ആകാശ എയറിലെ യാത്രക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ കമ്പനി തയ്യാറാകാതിരുന്നതാണ് വലിയ പിഴ ക്ഷണിച്ചു വരുത്തിയത്.

ഡിജിസിഎയുടെ നോട്ടീസിന് ആകാശ എയർ മറുപടി നൽകിയിരുന്നെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡിജിസിഎയുടെ നോട്ടീസ് ഇന്നലെ ലഭിച്ചതായും നിർദേശം പാലിക്കുമെന്നും ആകാശ എയർ വക്താവ് അറിയിച്ചു. ആകാശ എയർ‍ ഈ വർഷം നേരിടുന്ന മൂന്നാമത്തെ നടപടി ആണിത്. ഒക്ടോബറിൽ പൈലറ്റ് പരിശീലനത്തിലെ അപാകതയുടെ പേരിൽ 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

വിമാന പരിപാലനത്തിലെ പിഴവിന്റെ പേരിൽ കഴിഞ്ഞയാഴ്ച മറ്റൊരു നോട്ടീസും ലഭിച്ചു. കൂടാതെ, ഈ മാസം ആദ്യം ബംഗളുരു വിമാനത്താവളത്തിൽ നിന്ന് സർവ്വീസ് നടത്തിയ വിമാനത്തിന്റെ സ്‌പോട്ട് ചെക്കിംഗ് നടത്താത്തതിനും ആകാശ എയർ നടപടി നേരിട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top