
dubai airport;ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരന് നെഞ്ചുവേദന; രക്ഷകരായി ഇന്ത്യൻ ജീവനക്കാർ
Dubai airport;ദുബായ് ∙ ജോലിയിൽ ഇന്ത്യക്കാരുടെ ആത്മാർഥതയ്ക്കും സേവനമികവിനും മാതൃകയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാർ. നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തക്ക സമയത്ത് സേവനം നൽകിയാണ് ട്രാഫിക് മാർഷലുമാരായ ബൽരാജ് സിങ്ങും ആദർശ് ചന്ദ്രനും എയർപോർട്ട് അതോറിറ്റിയുടെയും മറ്റു യാത്രക്കാരുടെയുമെല്ലാം പ്രീതിക്ക് പാത്രമായത്.

കഴിഞ്ഞദിവസം ഏരിയ 3 ലെ ടെർമിനൽ 1 ലായിരുന്നു സംഭവം. നൂറുകണക്കിന് യാത്രക്കാർ നിറഞ്ഞ തിരക്കേറിയ സ്ഥലത്ത് ബൽരാജും ആദർശും വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെ ഒരു യാത്രക്കാരൻ നടക്കാൻ ബുദ്ധിമുട്ടുന്നതും അസ്വസ്ഥതയുടെ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കുന്നതും ശ്രദ്ധിച്ചു. മറ്റൊന്നും ആലോചിക്കാതെ ഇരുവരും സഹായം വാഗ്ദാനം ചെയ്തു. അയാളുടെ അരികിലേക്ക് ഓടി. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ യാത്രക്കാരന് ശ്വസിക്കാൻ ബുദ്ധിമുട്ടും നെഞ്ചുവേദനയും അനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കി
അടിയന്തരമായി വൈദ്യ സഹായം ആവശ്യമുണ്ടെന്ന് മനസിലാക്കി ബൽരാജ് സിങ് ഉടൻ തന്നെ തന്റെ ടീം ലീഡറെ വിളിച്ച് സഹായം അഭ്യർഥിച്ചു. ഡോക്ടർമാർ എത്തുന്നതുവരെ യാത്രക്കാരന്റെ ജീവൻ സുരക്ഷിതമാക്കാനും സുഖ സൗകര്യങ്ങളും ഉറപ്പാക്കാനും മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ആ സ്ഥലത്ത് നിന്ന് ആളുകളെ മാറ്റി യാത്രക്കാരന് ശുദ്ധവായു ലഭിക്കാൻ സാഹചര്യമൊരുക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്തു. അവരുടെ പെട്ടെന്നുള്ള തീരുമാനങ്ങളും ഊർജസ്വലമാർന്ന സമീപനവും മെഡിക്കൽ സംഘം എത്തുന്നതുവരെ യാത്രക്കാരനെ കഴിയുന്നത്ര സമാധാനത്തോടെയിരിക്കാൻ വഴിയൊരുക്കി.
തങ്ങളെ സംബന്ധിച്ചിടത്തോളം ആതിഥ്യമര്യാദ എന്നാൽ യാത്രക്കാരുടെ സംതൃപ്തി ഉറപ്പാക്കാൻ എല്ലാത്തിനുമുപരി പ്രവർത്തിക്കുക എന്നതാണെന്ന് ബൽരാജും ആദർശും പറയുന്നു. യാത്രക്കാരെ സഹായിക്കുകയും അവർക്ക് ശുഭയാത്രയുടെ പ്രതീക്ഷകൾ നൽകുകയും ചെയ്യുക എന്നതാണ് തന്റെ ആതിഥ്യമര്യാദയെന്ന് ബൽരാജ് പറഞ്ഞു.
യാത്രക്കാർ ദുബായ് വിമാനത്താവളത്തിൽ നിന്ന് സന്തോഷത്തോടെ പോകണമെന്ന ലക്ഷ്യം മാത്രമാണുള്ളത്. യാത്രക്കാരുടെ സംതൃപ്തിയാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമെന്ന് ആദർശും പറഞ്ഞു. യാത്രക്കാർ ഞങ്ങളുടെ സേവനത്തിൽ സന്തുഷ്ടരാണെന്നും അവർക്ക് സ്വന്തം വീട്ടിലെത്തിയ അനുഭവം പകരുക എന്നത് തങ്ങൾ ഉറപ്പാക്കുന്നു. വിമാനത്താവളത്തിലെ എല്ലാ ജീവനക്കാരുടെയും സമർപ്പണത്തിന്റെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നു.
∙ എല്ലാവരും കൈകോർത്തു; നടന്നത് ഹൃദ്യമായ സംഭവം
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നിലധികം വകുപ്പുകൾ തമ്മിലുള്ള സുഗമമായ സഹകരണവും ഈ സംഭവം എടുത്തുകാണിച്ചു. ട്രാഫിക് മാർഷലുകൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, എയർപോർട്ട് പൊലീസ്, ഡിനാറ്റയിലെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവർ ആവശ്യമായ സഹായം നൽകുന്നതിനായി ഒരുമയോടെ നിന്നു
യാത്രക്കാരുടെ ക്ഷേമത്തിനായുള്ള വിമാനത്താവള ജീവനക്കാരുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ സംഭവമെന്ന് അധികൃതർ പറഞ്ഞു. ജാഗ്രത പാലിക്കുന്നതിലൂടെയും വേഗത്തിൽ പ്രവർത്തിക്കുന്നതിലൂടെയും ഫലപ്രദമായി ഏകോപിപ്പിക്കുന്നതിലൂടെയും ബൽരാജ്, ആദർശ് എന്നിവർ സേവനത്തിന്റെയും സുരക്ഷയുടെയും ഉയർന്ന നിലവാരം മാതൃകയാക്കി.
അവരുടെ പ്രവർത്തനങ്ങൾ യാത്രക്കാരന് സമയബന്ധിതമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക മാത്രമല്ല, ദുബായ് വിമാനത്താവളത്തിന്റെ ഉപയോക്തൃ സേവന ധാർമ്മികതയെ നിർവചിക്കുന്ന സഹാനുഭൂതിയുടെയും ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു.
ആത്മാർഥമായ സേവനം കൊണ്ട് ഇന്ത്യക്കാർ യുഎഇ അടക്കമുള്ള ഗൾഫിൽ അറബികളുടെയും ഇതര രാജ്യക്കാരുടെയും മനം കവരാറുണ്ട്. അതുകൊണ്ട് തന്നെ ഉന്നത നിലയിൽ ജോലി ചെയ്യുന്ന ഒട്ടേറെ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ എങ്ങും കാണാം.
English Summary:
Indian staff at Dubai airport rescue passenger suffering from chest pain

Comments (0)