investment shift to UAE; ദുബൈ: യു.എ.ഇയിലേക്ക് ഈ വർഷം വിവിധ ലോക രാജ്യങ്ങളിൽനിന്നായി കൂടുതൽ സമ്പന്നർ കുടിയേറുമെന്ന് പുതിയ പഠന റിപ്പോർട്ട്. 6,700ലധികം ലക്ഷാധിപതികൾകൂടി ഈ വർഷമെത്തുമെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച പുറത്തിറങ്ങിയ ‘ഹെൻലി പ്രൈവറ്റ് വെൽത് മൈഗ്രേഷൻ’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് ഉയർന്ന വരുമാനമുള്ളവരെ ആകർഷിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമായി ഇതോടെ യു.എ.ഇ മാറും. അതിസമ്പന്നരെ ആകർഷിക്കുന്നതിൽ മൂന്നാമത്തെ വർഷമാണ് യു.എ.ഇ ലോക രാജ്യങ്ങളിൽ ഒന്നാമതെത്തുന്നത്.
Hmmയുഎയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഇന്ത്യ, റഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കൊപ്പം ബ്രിട്സ്, യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സമ്പന്നരും യു.എ.ഇയിലേക്ക് വലിയ തോതിൽ ആകർഷിക്കപ്പെടുന്നുണ്ടെന്നാണ് പഠനം വിലയിരുത്തുന്നത്. യു.എസിലേക്ക് ആകർഷിക്കപ്പെടുന്നതിനേക്കാൾ രണ്ട് മടങ്ങാണ് യു.എ.ഇയിലേക്ക് സമ്പന്നരുടെ ഒഴുക്ക്. ഈ വർഷം യു.എസിലേക്ക് 3,800 സമ്പന്നരായ വ്യക്തികൾ എത്തുമെന്നും പഠന റിപ്പോർട്ട് പറയുന്നു.
ആദായനികുതി രഹിതം, ഗോൾഡൻ വിസ, ആഡംബര ജീവിതശൈലി, എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലുള്ള എമിറേറ്റ്സ്, ഫ്ലൈദുബൈ പോലുള്ള വിമാന സർവിസ് സൗകര്യങ്ങൾ എന്നിവയാണ് യൂറോപ്പിലെ സമ്പന്നരെ യു.എ.ഇയിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രധാന കാരണം. നിലവിൽ സമ്പന്നരുടെ എണ്ണത്തിൽ ആഗോള തലത്തിൽ 14ാം സ്ഥാനത്താണ് യു.എ.ഇ. 1,16,500 ലക്ഷാധിപതികൾ യു.എ.ഇയിൽ താമസിക്കുന്നുണ്ട്. 308 കോടീശ്വരന്മാരും 20 ശതകോടീശ്വരന്മാരും യു.എ.ഇയിലുണ്ടെന്നും പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
പത്ത് ലക്ഷം ഡോളറോ അതിന് മുകളിലോ നിക്ഷേപമുള്ള വ്യക്തികളെയാണ് പഠനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. യു.എസ് കൂടാതെ സിംഗപ്പൂർ, കാനഡ, ആസ്ട്രേലിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഗ്രീസ്, പോർചുഗൽ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് അതിസമ്പന്നരെ ആകർഷിക്കുന്ന മറ്റ് ലോക രാജ്യങ്ങൾ. ഇന്ത്യ, യു.കെ, ചൈന, ദക്ഷിണ കൊറിയ, റഷ്യ, ബ്രസീൽ, ദക്ഷിണ ആഫ്രിക്ക, തായ്വാൻ, നൈജീരിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള അതിസമ്പന്നരാണ് ഈ വർഷം മറ്റ് രാജ്യങ്ങളിലേക്ക് നിക്ഷേപം മാറ്റുന്നതെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
More affluent ready for investment shift to UAE