Jaiwan card in UAE ;അബുദാബി: ദേശീയപേയ്മെന്റ് സിസ്റ്റം യുഎഇയ്ക്ക് സ്വന്തം. രാജ്യത്തെ ആദ്യത്തെ ആഭ്യന്തരകാര്‍ഡ് സ്കീമായ ജയ്വാന് പുറത്തിറക്കി. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ അനുബന്ധസ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്മെന്റ്സ് (എഇപി) ആണ് ജയ്വാന് പുറത്തിറക്കിയത്. ഡിജിറ്റല്‍ പേയ്മെൻ്റ് ഓപ്ഷനുകള്‍ വികസിപ്പിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ സംവിധാനം. ഇപ്പോള്‍ പ്രാദേശികമായും അന്തര്‍ദേശീയമായും ഉപയോഗത്തിന് സജ്ജമാണെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയയിലെ എഫ്റ്റ്പോസ്, ബ്രസീലിലെ എലോ, ഇന്ത്യയിലെ റുപേ, സൗദി അറേബ്യയിലെ മദാഡ, ബഹ്റൈനിലെ ബെനിഫിറ്റ്, കുവൈത്തിലെ കെനെറ്റ് എന്നിങ്ങനെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് സ്വന്തമായി ആഭ്യന്തര സംവിധാനങ്ങള്‍ പല രാജ്യങ്ങള്‍ക്കും സ്വന്തമായുണ്ട്. ജയ്വാന് കാര്‍ഡ് വന്നതോടെ യുഎഇയും ആ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്. ആഗോളതലത്തില്‍ 200 കോടി കാര്‍ഡുകളുമായി ഇത്തരം 90 സ്കീമുകള്‍ നിലവിലുള്ളതായാണ് കണക്കുകള്‍.

വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഒരു പേയ്മെൻ്റ് ഓപ്ഷന് നല്‍കുക എന്നതാണ് ജയ്വാന് ലക്ഷ്യമിടുന്നതതെന്ന് അല്‍ ഇത്തിഹാദ് പേയ്മെൻ്റ്സ് അറിയിച്ചു. ഇടപാട് ചെലവുകള്‍ കുറയ്ക്കുന്നതിനും യുഎഇ എസ് വിച്ച് ഉപയോഗിച്ച് പ്രാദേശിക പേയ്മെൻ്റുകള്‍ വേഗത്തിലാക്കുന്നതിനും ഇ-കൊമേഴ്സിനെ പിന്തുണയ്ക്കുന്നതിനുമായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ ഇടപാടുകള്‍, എടിഎം പിന്‍വലിക്കലുകള്‍, പോയിൻ്റ് ഓഫ് സെയില്‍ പര്‍ച്ചേസുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന ഡെബിറ്റ്, പ്രീപെയ്ഡ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പെടെ വ്യത്യസ്ത തരം കാര്‍ഡുകള്‍ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. യുഎഇ, ജിസിസി രാജ്യങ്ങള്‍, തെരഞ്ഞെടുത്ത മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ഒരു മോണോ-ബാഡ്ജ് കാര്‍ഡ് (ജയ് വാൻ ഓൺലി കാർഡുകൾ), ലോകത്തെവിടെയും ഉപയോഗിക്കാവുന്ന, മറ്റ് അന്താരാഷ്ട്ര പേയ്മെൻ്റ് നെറ്റ്വർക്കുകളുമായി ചേർന്നുള്ള കോ-ബാഡ്ജ് കാര്‍ഡ് (ജയ്വാന് പ്ലസ്) എന്നിവ ലഭ്യമാണ്.
