Jaywan card in uae;റൂപേ മാതൃകയിൽ യുഎഇയിൽ ‘ജയ്‌വാന്‍’ കാര്‍ഡ് ഒരുങ്ങുന്നു; സെപ്റ്റംബര്‍ മാസത്തോടെ കാര്‍ഡ് ഇഷ്യൂ ചെയ്ത് തുടങ്ങും

Jaywan card in uae;ഇന്ത്യയുടെ തദ്ദേശീയ ഇല‌ക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സാങ്കേതിക വിദ്യയായ റൂപേ അടിസ്ഥാനമാക്കി യുഎഇ ഒരുക്കുന്ന ജയ്‌വാന്‍ കാര്‍ഡ് സെപ്റ്റംബര്‍ മാസത്തോടെ ഇഷ്യൂ ചെയ്ത് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിൽ ഏറെ വിജയമായി മാറിയ റൂപേക്ക് സമാനമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയിലാണ് യുഎഇ തങ്ങളുടെ ആഭ്യന്തര കാര്‍ഡ് സ്കീമായ ജയ്‌വാന്‍ പ്രഖ്യാപിച്ചത്.

ജൂൺ മാസത്തോടെ കാര്‍ഡ് ഇഷ്യൂ ചെയ്യുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകൾ ആദ്യം പുറത്തു വന്നിരുന്നു. എന്നാൽ തയ്യാറെടുപ്പുകൾ പൂര്‍ത്തിയായില്ല. ഓഗസ്റ്റ് അവസാനത്തോടെ യുഎഇയിലെ 90 ശതമാനം പോയിൻ്റ് ഓഫ് സെയിൽ ടെര്‍മിനലുകളിലും ജയ്‌വാന്‍ കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താനാകും. രാജ്യത്ത് സ്ഥിതി ചെയ്യുന്ന 95 ശതമാനം എടിഎമ്മുകളിലും ജയ്‌വാന്‍ കാര്‍ഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി തയ്യാറെടുക്കുകയാണ് അധികൃതര്‍.

തയ്യാറെടുപ്പുകൾ പൂര്‍ത്തിയാകുന്നതോടെ സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്മെൻ്റ്സ് വിഭാവനം ചെയ്ത ജയ്‌വാന്‍ കാര്‍ഡുകൾ ഇഷ്യൂ ചെയ്ത് തുടങ്ങും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആഭ്യന്തര ബാങ്കുകൾക്കും യുഎഇയിൽ ശാഖകളുള്ള വിദേശ ബാങ്കുകൾക്കും കാര്‍ഡ് ഇഷ്യൂ ചെയ്യാനാകും. ബാങ്കുകൾ ഇഷ്യൂ ചെയ്യുന്ന ഡെബിറ്റ് കാര്‍ഡുകളും ലോക്കൽ എക്സേഞ്ച് സ്ഥാപനങ്ങൾ ഇഷ്യൂ ചെയ്യുന്ന പ്രീ പെയ്ഡ് കാര്‍ഡുകളുമായാണ് ജയ്‌വാന്‍ ഉപയോക്താക്കളുടെ കൈകളിലെത്തുക.

നിലവിൽ ക്രെഡിറ്റ് കാര്‍ഡ് ഫീച്ചര്‍ ജയ്വാനിൽ ലഭ്യമാവുകയില്ല. ഡെബിറ്റ് കാര്‍ഡ് ആയതിനാൽ തന്നെ കാര്‍ഡ് ഉപയോഗിക്കുന്നതിന് പ്രത്യേക ഫീ നൽകേണ്ടി വരില്ല. ഇ-കൊമേഴ്സ് പണമിടപാടുകൾ നടത്തുന്നതിനുള്ള ഫീച്ചറും ഉടൻ തന്നെ ജയ്‌വാന്‍ കാര്‍ഡിൽ ഉൾപ്പെടുത്തുകയും വിസ, മാസ്റ്റര്‍ കാര്‍ഡ്, റൂപേ തുടങ്ങിയ കാര്‍ഡുകൾ പ്രവര്‍ത്തിക്കുന്നത് പോലെയുള്ള ഒരു പേയ്മെൻ്റ് പ്ലാറ്റ്ഫോമായി ജയ്‌വാന്‍ മാറുകയും ചെയ്യും. സെപ്റ്റംബര്‍ മാസത്തിൽ കാര്‍ഡിൻ്റെ ലോഞ്ചിനോടനുബന്ധിച്ച് പ്രമുഖ ബാങ്കുകളും റീട്ടെയിൽ സ്ഥാപനങ്ങളും പ്രൊമോഷണൽ ക്യാംപയിനുകൾ സംഘടിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ 40 ശതമാനം പിഒഎസ് ടെര്‍മിനലുകളിലും ജയ്‌വാന്‍ ഉപയോഗിക്കാൻ കഴിയുമെന്നും ഓഗസ്റ്റ് മാസം അവസാനത്തോടെ ഇത് 95 ശതമാനത്തിലെത്തുമെന്നും അൽ ഇത്തിഹാദ് പേയ്മെൻ്റ്സ് സിഇഒ ജാൻ പിൽബോയര്‍ പറഞ്ഞു. കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സമ്മതം നൽകുന്നതിന് മുമ്പ് പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും പ്ലാറ്റ്ഫോം പൂര്‍ണ്ണമായി സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയ്‌വാന്‍ കാര്‍ഡ് വലിയ അളവിൽ ആളുകളിലേക്ക് എത്തിക്കുന്നതിന് ഒന്നോ രണ്ടോ വര്‍ഷമെടുക്കുമെന്നാണ് ബാങ്കുകളുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഏകദേശം എട്ടു ദശലക്ഷത്തിലധികം ജയ്‌വാന്‍ കാര്‍ഡുകൾ ഈ കാലയളവിൽ ഇഷ്യൂ ചെയ്യപ്പെടുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.വ്യത്യസ്ത തരത്തിലുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് വിവിധ വേരിയൻ്റുകളിലായിരിക്കും ജയ്‌വാന്‍ കാര്‍ഡ് എത്തുക. യുഎഇയിലെ അംഗീകൃത കാര്‍ഡ് സ്കീമായതിനാൽ ലൈസൻസോടെ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കെല്ലാം കാര്‍ഡ് ഇഷ്യൂ ചെയ്യാൻ സാധിക്കും. ഇത്തരം സ്ഥാപനങ്ങളിൽ അക്കൗണ്ടുള്ള, എമിറേറ്റ്സ് ഐഡി കാര്‍ഡ് കയ്യിലുള്ള വ്യക്തികളെല്ലാം ജയ്‌വാന്‍ കാര്‍ഡ് സ്വന്തമാക്കാൻ അര്‍ഹരാണ്. കാര്യക്ഷതയുള്ളതും സമാനമായ മറ്റു കാര്‍ഡുകളേക്കാൾ ചെലവ് കുറഞ്ഞതുമായ കാര്‍ഡായി ജയ്വാനെ മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ ഇത്തിഹാദ് പേയ്മെൻ്റ്സ് അധികൃതര്‍ പറയുന്നു.കോൺടാക്ട്‍ലെസ് പേയ്മെൻ്റ്, പ്രത്യേക വിഭാഗങ്ങളിലെ ക്യാഷ്ബാക്ക് ഓഫര്‍, തെരഞ്ഞെ‌ടുത്ത കടകളിൽ നിന്നുള്ള ഡിസ്കൗണ്ട് ഓഫറുകൾ തുടങ്ങിയ നേട്ടങ്ങൾ ജയ്‌വാന്‍ കാര്‍ഡ് വഴി ഉപയോക്താവിന് ലഭിക്കും. ആഗോളതലത്തിൽ ശ്രദ്ധേയമായ ഇന്ത്യയുടെ യുപിഐ സംവിധാനവും യുഎഇയിൽ നിലവിലുള്ള എഎഎൻഐ സംവിധാനവും തമ്മിൽ സംയോജിപ്പിക്കുന്നതിനുള്ള കരാര്‍ മാസങ്ങൾക്ക് മുമ്പ് ഇന്ത്യയും യുഎഇയും ഒപ്പിട്ടിരുന്നു. പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ കരാറിന് പിന്നാലെയാണ് യുഎഇ ജയ്‌വാന്‍ കാര്‍ഡ് പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top