Posted By Nazia Staff Editor Posted On

job fraud alert in uae:യുഎഇയിൽ ഈ തട്ടിപ്പ് വ്യാപകം, പ്രവാസികൾക്ക് പ്രത്യേക മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Job fraud alert in uae;അബുദാബി: യുഎഇയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ തൊഴിൽ തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. തൊഴിൽ സംബന്ധമായ പരസ്യങ്ങളും മറ്റും ഉദ്യോഗാർത്ഥികളിലേയ്ക്ക് എത്തിക്കാൻ കൂടുതൽ സ്ഥാപനങ്ങളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് മുതലെടുത്താണ് തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് യുഎഇ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

‘പരസ്യങ്ങൾക്കും റിക്രൂട്ട്‌മെന്റുകൾക്കുമുള്ള പ്രധാന ഇടമായി സമൂഹമാദ്ധ്യമങ്ങൾ വളർന്നതോടെ, വ്യാജ കമ്പനികൾ തട്ടിപ്പിനായി ഇവയെ ഉപയോഗിക്കുകയാണ്. തൊഴിലന്വേഷകരുടെ സ്വപ്നങ്ങളാണ് ഇവർ കവർന്നെടുക്കുന്നത്’- ഡിജിറ്റൽ സുരക്ഷാ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ മേജർ സയീദ് അൽ-ഷബ്ലി പറഞ്ഞു.

ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യങ്ങൾ അനായാസം പങ്കുവയ്ക്കാം എന്നതാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്. അനുഭവപരിചയമോ യോഗ്യതയോ ആവശ്യമില്ലാത്ത, ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന ആകർഷകമായ ജോലി ഓഫറുകളാണ് ഇവർ പങ്കുവയ്ക്കുന്നത്.

പ്രശസ്ത കമ്പനികളുടെ പേരുകൾ ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ടുകളും പേജുകളും നിർമിക്കുന്നു. വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള മാർക്കറ്റിംഗ് കണ്ടന്റുകൾ തയ്യാറാക്കുന്നു. പരിശീലനം, കരാർ സർട്ടിഫിക്കേഷൻ തുടങ്ങിയവയ്ക്കായി ഫീസ് ആവശ്യപ്പെട്ടാണ് കൂടുതലും തട്ടിപ്പുകൾ നടത്തുന്നത്. കൂടാതെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുന്നു. ഇത് ഐഡന്റിറ്റി മോഷണത്തിലേയ്ക്ക് നയിച്ചേക്കാമെന്നും സയീദ് അൽ-ഷബ്ലി വ്യക്തമാക്കി.

തൊഴിൽ തട്ടിപ്പുകൾക്കെതിരെ അവബോധം വർദ്ധിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം വർക്ക്‌ഷോപ്പുകൾ, പരിശീലന സെഷനുകൾ എന്നിവ സംഘടിപ്പിക്കുകയാണ്. കൂടുതൽ ഇരകൾ കെണിയിൽ വീഴ്ത്തുന്നത് തടയാൻ വ്യാജ അക്കൗണ്ടുകളും പരസ്യങ്ങളും നീക്കം ചെയ്യുന്നതിനായി സമൂഹമാദ്ധ്യമ കമ്പനികളുമായും ഇന്റർനെറ്റ് സേവന ദാതാക്കളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *