Kuwait fire accident; കുവൈത്ത് ദുരന്തം: മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലെത്തി

കൊച്ചി: കുവൈത്തിലെ മൻഗഫിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഉണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ട 23 മലയാളികളുടെ ചലനമറ്റ ശരീരം ജനിച്ച മണ്ണില്‍ മടങ്ങിയെത്തി. ജീവിതം കരക്കടുപ്പിക്കാൻ കടല്‍ കടന്നവര്‍ കരളുരുക്കുന്ന കാഴ്ചയായി ഉറ്റവര്‍ക്കടുത്തേക്ക് തിരികെയെത്തി. രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിയത്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രതിപക്ഷ നേതാവ് വി ഡിസതീശനും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായാണ് വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തിയത്. 23 മലയാളികളുടെയും ഏഴു തമിഴ്‌നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയില്‍ രാവിലെ ഏറ്റുവാങ്ങിയത്. ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ഡല്‍ഹിയിലേക്ക് പോകും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ആംബുലന്‍സുകളില്‍ മരിച്ചവരുടെ വീടുകളില്‍ എത്തിക്കും. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

കേരളത്തിന്റെ ജീവനാഡിയായാണ് പ്രവാസികളെ നാം കാണുന്നതെന്നും പ്രവാസ ഭൂമിയില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തില്‍ സംഭവിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കുടുംബങ്ങള്‍ക്ക് പരിഹരിക്കാനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ദുരന്തത്തിനു കാരണക്കാര്‍ക്കെതിരെ കുവൈത്ത് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. സംഭവത്തില്‍ ഇന്ത്യാ സര്‍ക്കാര്‍ വളരെ ശക്തമായ ഇടപെടലാണു നടത്തിയത്. കേന്ദ്ര സഹമന്ത്രിയെ ഉടനെ കുവൈത്തിലേക്ക് അയച്ചിരുന്നു. രാജ്യം സ്വീകരിച്ച എല്ലാ നടപടികളും ഫല പ്രദമാണ്. കുറ്റമറ്റ നടപടി കുവൈത്ത് സ്വീകരിക്കുമെന്നാണ് കരുതുന്നത്. മരിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നാണ് കരുതുന്നത്.

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജോലിക്ക് അന്യനാട്ടിൽ പോയവരുടെ കുടുംബങ്ങള്‍ക്ക് പകരം എന്തു നല്‍കിയാലും മതിയാവില്ല. ഞെട്ടലോടെയാണ് നാടാകെ വാര്‍ത്ത കേട്ടത്. ഇന്നലെ അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു. ഒരു സംസ്ഥാന മന്ത്രിയെ അങ്ങോട്ട് അയക്കാന്‍ തീരുമാനിച്ചെങ്കിലും കേന്ദ്രത്തിന്റെ രാഷ്ട്രീയ അനുമതി ലഭിച്ചില്ല. ഇപ്പോള്‍ ഈ വിഷയം ഒരു വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു. തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ മന്തിയും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.

കൂടാതെ, ഒരു കര്‍ണാടക സ്വദേശിയുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും മൃതദേഹവും നെടുമ്പാശ്ശേരിയില്‍ നിന്ന് കൈമാറും. നെടുമ്പാശ്ശേരിയില്‍ നിന്ന് മൃതദേഹം പ്രത്യേകം ക്രമീകരിച്ച ആംബുലന്‍സുകളില്‍ മരിച്ചവരുടെ വീടുകളില്‍ എത്തിക്കും. തീപ്പിടിത്തത്തില്‍ മരിച്ച മറ്റ് ഇന്ത്യക്കാരുടെ മൃതദേഹങ്ങളും ഇന്ന് നാട്ടിലെത്തിക്കും.

ദുരന്തത്തിൽ നമ്മളെ വിട്ടു പോയ ഓരോ സഹോദരങ്ങളുടെയും മൃതദേഹങ്ങള്‍ അവരുടെ കുടുംബത്തിനെ ഏല്‍പ്പിക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ അതാത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സുകളും അതിനായി പോലീസ് പൈലറ്റുമാരെയും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഫോട്ടോയും പേരും സ്ലിപ്പുകളും തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top