Lulu share: ലുലു ഗ്രൂപ്പിന്റെ ഓഹരി വില്പനയ്ക്ക്, വിശദാംശങ്ങൾ അറിയാം

Lulu share; ലുലു ഗ്രൂപ്പിലേക്ക് പുതിയ ഓഹരി ഉടമകളെ സ്വാഗതം ചെയ്യുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഒക്ടോബർ 28ന് ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ൽ വിഭാഗത്തിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) തുടക്കമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1974ലാണ് ലുലുവിന്റെ തുടക്കം. യുഎഇയിൽ സംഘടിതവും ലോകോത്തരവുമായ ഷോപ്പിങ് റീറ്റെയ്ൽ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ ജിസിസിയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ റീറ്റെയ്ൽ ശൃംഖലകളിലൊന്നുമാണ് ലുലു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

വരുമാനത്തിലും എബിറ്റ്ഡയിലും മികച്ച നേട്ടം

കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം ലുലു ഗ്രൂപ്പിന് യുഎഇയും സൗദി അറേബ്യയും ഉൾക്കൊള്ളുന്ന ജിസിസിയിൽ 240 സ്റ്റോറുകളുണ്ട്. 116 ഹൈപ്പർമാർക്കറ്റുകളും 102 എക്സ്പ്രസ് സ്റ്റോറുകളും 22 മിനി മാർക്കറ്റുകളും ഇതിലുൾപ്പെടുന്നു. യുഎഇയിൽ മാത്രം 103 സ്റ്റോറുകൾ. സൗദിയിൽ 56. മറ്റ് ജിസിസി രാഷ്ട്രങ്ങളിൽ 81 എണ്ണവും പ്രവർത്തിക്കുന്നു. ലുലു ഗ്രൂപ്പിന് ആകെ 70,000ഓളം ജീവനക്കാരുമുണ്ട്. 2023ൽ 5.6% വാർഷിക വളർച്ചയോടെ ലുലു ഗ്രൂപ്പ് 730 കോടി ഡോളർ (61,320 കോടി രൂപ) വരുമാനം നേടിയിരുന്നുവെന്ന് കമ്പനിയുടെ വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു.

ഈവർഷത്തിന്റെ ആദ്യപകുതിയിൽ വരുമാനം മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 5.6% മെച്ചപ്പെട്ട് 390 കോടി ഡോളറാണ് (32,760 കോടി രൂപ). നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) 2023ൽ 7.2 ശതമാനവും 2024ന്റെ ആദ്യപകുതിയിൽ 4.3 ശതമാനവും വർധിച്ചുവെന്നതും നേട്ടമാണ്.

ഓരോ ദിവസവും 6 ലക്ഷം പേർ

ജിസിസിയിൽ ഓരോ ദിവസവും ശരാശരി 6 ലക്ഷം പേരാണ് ലുലു സ്റ്റോറുകളിൽ ഷോപ്പിങ്ങിനെത്തുന്നത്. 130 രാജ്യങ്ങളിലെ പൗരന്മാർ ഇതിലുണ്ട്. ശരാശരി മൂന്നുലക്ഷം പേരാണ് ദിവസേന ലുലുവിന്റെ വെബ്സൈറ്റ് മാത്രം സന്ദർശിക്കുന്നത്. ജിസിസിയിൽ 13.5% വിപണിവിഹിതവും (ഓഫ്‍ലൈൻ ഗ്രോസറി മാർക്കറ്റ്) ലുലുവിന് സ്വന്തം. യുഎഇയിൽ ഓൺലൈൻ വിപണിയിൽ ആമസോണുമായി ലുലുവിന് സഹകരണമുണ്ട്. സൗദിയിൽ ഹങ്ങർസ്റ്റേഷനുമായും (Hungerstation) ഖത്തറിൽ സ്നൂനുവുമായും (Snoonu) സഹകരിക്കുന്നു. ജിസിസിയിലെ എല്ലാ വിപണികളിലും തലാബത്തുമായും (Talabat) ഓൺലൈൻ സഹകരണമുണ്ട്. യുകെയും യുഎസും ചൈനയും ഇന്ത്യയുമടക്കം 85 രാജ്യങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ ലുലു ഗ്രൂപ്പ് ശേഖരിക്കുന്നുണ്ട്.

ലാഭവിഹിതം പരിഗണിച്ചേക്കും

നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75% തുക ലാഭവിഹിതമായി നൽകുന്നത് ലുലു ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. ഓരോ വർഷവും രണ്ടുതവണയായാകും ലാഭവിഹിത വിതരണം. 2024 ഡിസംബർ 31ന് അവസാനിക്കുന്ന 6 മാസക്കാലത്തേക്കുള്ള ലാഭവിഹിതം 2025ന്റെ ആദ്യപകുതിയിൽ വിതരണം ചെയ്യും. അതേസമയം വിപണിസാഹചര്യങ്ങൾ, പ്രവർത്തനഫലം, ഡയറക്ടർ ബോർഡിന്റെ തീരുമാനം എന്നിവയ്ക്ക് അനുസൃതമായാകും ലാഭവിഹിതം നല്‍കുന്നത് സംബന്ധിച്ച അന്തിമതീരുമാനം.

ഐപിഒയുടെ സമയക്രമം ഇങ്ങനെ

ഐപിഒ സംബന്ധിച്ച വിശദാംശങ്ങൾ ഇന്നാണ് ലുലു ഗ്രൂപ്പ് പുറത്തുവിട്ടത്. ഇഷ്യൂവില (ഓഹരിവില) ഐപിഒ ആരംഭിക്കുന്ന ഒക്ടോബർ 28ന് പ്രഖ്യാപിക്കും. റീറ്റെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബർ 5ന് അവസാനിക്കും. നവംബർ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീറ്റെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. നവംബർ 13നാണ് റീഫണ്ട് നൽകുക. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എഡിഎക്സ്) നവംബർ 14ന് ഓഹരികൾ ലിസ്റ്റ് ചെയ്തേക്കും.

എങ്ങനെ വാങ്ങാം ലുലു ഓഹരികൾ?

ലുലു ഗ്രൂപ്പ് ഓഹരികൾ ഐപിഒയിലൂടെ വാങ്ങാനായി നിക്ഷേപകന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എഡിഎക്സ്) നിന്നുള്ള നാഷണൽ ഇൻവെസ്റ്റർ നമ്പർ (NIN) ഉണ്ടായിരിക്കണം. എൻഐഎൻ ഇല്ലെങ്കിൽ എഡിഎക്സിലെ ഇ-സർവീസസ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ 800 239 എന്ന നമ്പറിൽ വിളിക്കാം. ലുലുവിന്റെ ഐപിഒ ഡോക്യുമെന്റുകൾ വായിക്കുക. തുടർന്ന്, ഓഹരികൾ വാങ്ങാൻ താൽപര്യമുള്ളവർ ഐപിഒയുടെ റിസീവിങ് ബാങ്കുകളിലൊന്നിനെ സമീപിച്ച് അപേക്ഷിക്കാം. ബാങ്കുകൾക്ക് ഇതിനായി ഓൺലൈനിലും ശാഖകളിലും സൗകര്യമുണ്ടാകും.

നിങ്ങളുടെ അപേക്ഷ വിലയിരുത്തിയാകും ഓഹരികൾ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. നിങ്ങൾ അപേക്ഷിച്ച എല്ലാ ഓഹരികളും അലോട്ട് ചെയ്യണമെന്നില്ല. ഈ സാഹചര്യത്തിൽ, ബാക്കിത്തുക റീഫണ്ട് ചെയ്യും. ഫസ്റ്റ് അബുദാബി ബാങ്ക്, എഡിസിബി, ദുബൈയ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, എമിറേറ്റ്സ് എൻബിഡി, മാഷ്റെക്ക് എന്നിവയാണ് റിസീവിങ് ബാങ്കുകൾ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version