കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രി 10നായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ.
പത്മഭൂഷൺ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, ജെ സി ഡാനിയേൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സാഹിത്യത്തിന് പുറമെ ചലച്ചിത്ര രംഗത്ത് തിരക്കഥാകൃത്തായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച എം ടി അധ്യാപകൻ, പത്രാധിപർ എന്ന നിലകളിലും പ്രവർത്തിച്ചു. രണ്ട് സിനിമകളിലായി അഞ്ച് ഗാനങ്ങൾക്കും എം ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്.
‘എം ടി’ എന്ന രണ്ടക്ഷരം മലയാള സാഹിത്യ, സിനിമാ ലോകത്തിന്റെ അഭിമാന സ്തംഭമാക്കിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. 1933 ജൂലൈയിൽ പാലക്കാട് കൂടല്ലൂരിലാണ് ജനനം. പുന്നയൂർക്കുളം ടി നാരായണൻ നായരുടെയും കൂടല്ലൂർ അമ്മാളുവമ്മയുടെയും ഇളയ മകൻ. സ്കൂൾ വിദ്യാഭ്യാസം കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലും മലമക്കാവ് എലിമെന്ററി സ്കൂളിലും കുമരനെല്ലൂർ ഹൈസ്കൂളിലും. പാലക്കാട് വിക്ടോറിയ കോളേജിൽ രസതന്ത്രത്തിൽ ഉപരിപഠനം.