iphone ios 18;ഐഒഎസ് 18 എത്തി, ഇനി ഐഫോണുകൾ വേറെ ലെവൽ; കണ്ണുകൊണ്ട് നിയന്ത്രിക്കാം, പുതിയ ഗംഭീര ഫീച്ചറുകള്‍ ഇങ്ങനെ
Iphone ios 18;അങ്ങനെ പുതിയ ഐഒഎസ് 18 ഫോണുകളിൽ എത്തിയിരിക്കുന്നു. ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ഒഎസ് അപ്ഡേറ്റ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണുകളിലെ ഹോം സ്ക്രീനിലും ലോക്സക്രീനിലും പുതിയ കസ്റ്റമൈസേഷൻ, ഹോം സ്ക്രീനിൽ ആപ്പുകൾ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണുകളുടെ നിറവും രൂപവും മാറ്റാനുള്ള സൗകര്യം എന്നിവയ്ക്കൊപ്പം പുതിയ ഡിസൈനിലുള്ള കൺട്രോൾ സെന്ററും പുതിയ പാസ് വേഡ് മാനേജ്മെന്റ് ആപ്പും ഐഒഎസ് 18 ൽ എത്തിയിട്ടുണ്ട്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പ്
കഴിഞ്ഞ ദിവസം രണ്ട് അപ്ഡേറ്റുകളാണ് ആപ്പിൾ അവതരിപ്പിച്ചത്. ഐഒഎസ് 17.7 നും ഐഒഎസ് 18 നും ആദ്യം 17.7 അപ്ഡേറ്റ് ചെയ്തതിന് ശേഷം ഐഒഎസ് 18 അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക. ഫോൺ പൂർണമായും ചാർജ് ചെയ്യുകയും സ്റ്റോറേജ് പരമാവധി കാലിയാക്കി വെക്കുകയും ചെയ്യുക. പുതിയ ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്യാൻ ഒരു മണിക്കൂറോളം സമയം വേണം.
ഇതിനായി Settings- General-Software Update സന്ദർശിക്കുക.പുതിയ ഫീച്ചറുകൾ
ഹോം സ്ക്രീൻ കസ്റ്റമൈസേഷൻ
ഐഒഎസിലെ പ്രകടമായ മാറ്റങ്ങളിലൊന്നാണ് ഹോം സ്ക്രീൻ കസ്റ്റമൈസേഷൻ ഫീച്ചർ. നേരത്തെ ആപ്പ് ഐക്കണുകൾ ഓട്ടോമാറ്റിക് ഗ്രിഡ് ആയാണ് ക്രമീകരിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ സ്ക്രീനിൽ ഇഷ്ടാനുസരണം എവിടേക്ക് വേണമെങ്കിലും നീക്കിവെക്കാം. പശ്ചാത്തലത്തിലെ ചിത്രം വ്യക്തമായി കാണും വിധം ആപ്പ് ഐക്കണുകൾ ക്രമീകരിക്കാൻ ഇതുവഴി സാധിക്കും.
ഇത് മാത്രമല്ല ആപ്പ് ഐക്കണുകളുടെ നിറം മാറ്റാനും സാധിക്കും. ലൈറ്റ്, ഡാർക്ക്, ഓട്ടോമാറ്റിക്, ടിന്റഡ് എന്നിങ്ങനെ വിവിധ മോഡുകൾ ഇതിൽ ലഭ്യമാണ്. ടിന്റഡ് മോഡ് വഴി ആപ്പ് ഐക്കണുകൾക്കെല്ലാം പശ്ചാത്തല ചിത്രത്തിന് അനുയോജ്യമായ വിധത്തിൽ ഒരേ നിറം നൽകാനാവും. ആപ്പ് ഐക്കണുകളുടെ വിലപ്പവും കൂട്ടാം.
ലോക്ക് സ്ക്രീൻ കസ്റ്റമൈസേഷൻ
ലോക്ക് സ്ക്രീൻ കസ്റ്റമൈസേഷൻ ഫീച്ചർ ഉപയോഗിച്ച് ലോക്ക് സ്ക്രീനിൽ ഇഷ്ടമുള്ള ഷോർട്ട്കട്ട് ബട്ടണുകൾ സെറ്റ് ചെയ്യാൻ നിങ്ങൾക്കാവും.
ഫ്ളാഷ് ലൈറ്റിന്റെ ക്രമീകരണം
നേരത്തെ ഫ്ളാഷ് ലൈറ്റിന്റെ പ്രകാശത്തിന്റെ ബ്രൈറ്റ്നെസ് മാത്രമാണ് ക്രമീകരിക്കാൻ സാധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഫ്ളാഷ് ലൈറ്റിന്റെ ബീം ലെങ്തും ക്രമീകരിക്കാൻ സാധിക്കും. ഇതിനായി ഡൈനാമിക് ഐലന്റിലുള്ള ടോർച്ച് ഐക്കണിൽ ടാപ്പ് ചെയ്താൽ മതി.
അടിമുടി മാറിയ കൺട്രോൾ സെന്റർ
ഐഒഎസ് 18 ലെ വലിയ മാറ്റങ്ങളിലൊന്നാണ് കൺട്രോൾ സെന്ററിലേത്. സ്ക്രീനിൽ മുകളിൽ നിന്ന് താഴേക്ക് സൈ്വപ്പ് ചെയ്യുമ്പോഴാണ് കൺട്രോൾ സെന്റർ തുറക്കുക. വിവിധ ടൂളുകളുടെ വിജറ്റുകൾ (widgets) അതിൽ കാണാം. ഈ വിഡ്ജെറ്റുകളുടെ വലിപ്പം ക്രമീകരിക്കാനും പ്രാധാന്യം അനുസരിച്ച് അവയുടെ സ്ഥാനം ക്രമീകരിക്കാനും ഉപഭോക്താവിന് സാധിക്കും.
ഇതിന് പുറമെ കൺട്രോൾ സെന്ററിനെ വിവിധ പേജുകളാക്കി വിഭജിച്ചിട്ടുണ്ട്. ഹോം സ്ക്രീനിൽ മുകളിൽ നിന്ന് താഴേക്ക് സൈ്വപ്പ് ചെയ്ത് കൺട്രോൾ സെന്റർ തുറന്നതിന് ശേഷം. സ്ക്രീനിൽ മുകളിലേക്ക് സൈ്വപ്പ് ചെയ്യുമ്പോൾ, മ്യൂസിക് കൺട്രോൾ, കണക്ടിവിറ്റി കൺട്രോൾ എന്നീ പേജുകൾ കാണാം. ഈ മൂന്ന് പേജുകളുടെയും ഐക്കണുകൾ കൺട്രോൾ സെന്റർ സ്ക്രീനിന്റെ വലത് വശത്ത് മധ്യത്തിലായി കാണാം.
ആപ്പുകൾ ലോക്ക് ചെയ്യാം ഹൈഡ് ചെയ്യാം
പാസ് വേഡ് ആപ്ലിക്കേഷനുകൾ ഉൾപ്പടെ സ്വകാര്യത വേണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ആപ്പുകളെ മറച്ചുവെക്കാൻ ഐഫോണിൽ ഇനി സാധിക്കും. ഫേസ് ഐഡി ഉപയോഗിച്ച് മാത്രമേ ലോക്ക് ചെയ്ത ആപ്പുകൾ തുറക്കാനാവൂ.
ഇതിനായി ആപ്പ് അക്കൗണുകൾക്ക് മേൽ ലോങ് പ്രസ് ചെയ്യുക. ശേഷം Require Face ID തിരഞ്ഞെടുക്കുക. ഇതുവഴി ആപ്പുകൾ ഫേസ് ഐഡി വെച്ച് ലോക്ക് ചെയ്യാം. ഇനി ഈ ആപ്പ് ഹോം സ്ക്രീനിൽ നിന്നും ആപ്പ് ലൈബ്രറിയിൽ നിന്നും മറച്ചുവെക്കണമെങ്കിൽ Hide and Require Face ID തിരഞ്ഞെടുക്കാം. ഇങ്ങനെ ഹൈഡ് ചെയ്യപ്പെടുന്ന ആപ്പുകൾ ആപ്പ് ലൈബ്രറിയിൽ താഴെയായി കാണുന്ന ഹിഡെൻ ആപ്പ് ഫോൾഡറിലേക്ക് പോവും. ഇത് തുറക്കണമെങ്കിൽ ഫേസ് ഐഡി ആവശ്യമാണ്.
ടെക്സ്റ്റ് ഇഫക്ടുകൾ
മെസേജസ് ആപ്ലിക്കേഷനിൽ അയക്കുന്ന സന്ദേശങ്ങൾക്ക് വിവിധ ടെക്സ്റ്റ് ഇഫക്ടുകൾ ചേർക്കാനുള്ള സൗകര്യം ഐഒഎസ് 18 ൽ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റിന് വിവിധ ആനിമേറ്റഡ് ഇഫക്ടുകൾ നൽകാനും ചാറ്റിങ് കൂടുതൽ രസകരമാക്കാനുമാവും. ഇതിനായി ആപ്പിൾ കീബോർഡ് ഉപയോഗിച്ച് സന്ദേശം ടൈപ്പ് ചെയ്ത് സെലക്ട് ചെയ്യുക. ശേഷം കീബോർഡിൽ വലത് ഭാഗത്ത് മുകളിലായി കാണുന്ന A എന്ന ഐക്കൺ ടൈപ്പ് ചെയ്യുമ്പോൾ വിവിധ ടെക്സ്റ്റ് ഇഫക്ടുകൾ കാണാം. ഐഒഎസ് 18 ൽ പ്രവർത്തിക്കുന്ന ഫോണുകളിൽ മാത്രമേ ഈ ടെക്സ്റ്റ് ഇഫക്ടുകൾ കാണുകയുള്ളൂ.
ഇമോജി ടാപ്പ് ബാക്കുകൾ
സന്ദേശങ്ങൾക്ക് ഇമോജികളിലൂടെ പ്രതികരണം അറിയിക്കുന്ന ഫീച്ചറാണ് ഇമോജി ടാപ്പ് ബാക്ക്. ഫോണിലെ ഇമോജി ലൈബ്രറിയിൽ ഏതും ഇതിനായി ഉപയോഗിക്കാനാവും. സന്ദേശങ്ങൾക്ക് മേൽ ലോങ് പ്രസ് ചെയ്താൽ ടാപ്പ് ബാക്ക് ഓപ്ഷനുകൾ കാണാം. ഇതിൽ ഇമോജി ഐക്കണിൽ ടാപ്പ് ചെയ്താൽ കൂടുതൽ ഐക്കണുകൾ തിരഞ്ഞെടുക്കാം.
സെന്റ് ലേറ്റർ
സന്ദേശങ്ങൾ മറ്റൊരു സമയത്ത് കൃത്യമായി അയക്കുന്നതിന് ഇതുവഴി സാധിക്കും. മെസേജസ് ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിനുള്ള ഫീച്ചറാണ് സെന്റ് ലേറ്റർ. സന്ദേശം ടൈപ്പ് ചെയ്ത് ഇടത് ഭാഗത്തുള്ള + ഐക്കണിൽ ടാപ്പ് ചെയ്താൽ Send Later ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്ത് തീയ്യതിയും സമയവും ക്രമീകരിക്കുക. ഐമെസേജുകൾ മാത്രമേ ഈ രീതിയിൽ അയക്കാനാവൂ.
ആർസിഎസ് സന്ദേശങ്ങൾ
ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകൾ തമ്മിലുള്ള സന്ദേശകൈമാറ്റം കൂടുതൽ ജനകീയമാവുകയാണ് ഇതുവഴി. ഉപഭോക്താക്കളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണ് ഐഒസെ് 18 ൽ ആർസിഎസ് മെസേജിങ് സൗകര്യം എത്തുന്നത്. ഇതുവഴി ഐഫോണിലെ മേസേജസ് ആപ്പ് ഉപയോഗിച്ച് ആൻഡ്രോയിഡ് ഉപഭോക്താവിന് സന്ദേശം അയക്കുമ്പോൾ, അയാൾക്ക് ടൈപ്പിങ് ഇന്റിക്കേറ്ററുകൾ കാണാനും സന്ദേശം സ്വീകർത്താവിന് കിട്ടിയെന്നതിന്റെ വിവരങ്ങൾ അറിയാനും ഇതുവഴി സാധിക്കും. ഇതിന് പുറമെ ഉയർന്ന റെസലൂഷനിലുള്ള ചിത്രങ്ങളും വീഡിയോകളും ഇതുവഴി കൈമാറാനാവും.
ഐഫോൺ സ്ക്രീൻ മാക്ക് കംപ്യൂട്ടറിൽ മിറർ ചെയ്യാനുള്ള സൗകര്യം
ഐഫോൺ സ്ക്രീൻ മാക്ക് കംപ്യൂട്ടറിൽ കാണാനും കംപ്യൂട്ടർ ഉപയോഗിച്ച് നിയന്ത്രിക്കാനും ഫോണിലെ ആപ്പുകൾ മാക്കിൽ നിന്ന് തന്നെ ഉപയോഗിക്കാനും സാധിക്കും. ഇതിനായി മാക്കിൽ പ്രത്യേക ഐഫോൺ മിററിങ് ആപ്പ് ലഭ്യമാണ്. ഒരേ ആപ്പിൾ ഐഡിയിലും ഒരേ വൈഫൈ നെറ്റ് വർക്കിലും ബന്ധിപ്പിച്ച ഐഫോണും മാക്കും തമ്മിലേ ഈ രീതിയിൽ ബന്ധിപ്പിക്കാനാവൂ.
പുതിയ കാൽക്കുലേറ്റർ ആപ്പ്
കാൽക്കുലേറ്റർ ആപ്പിൽ ഒരു പുതിയ ഡിലീറ്റ് ബട്ടൺ അവതരിപ്പിച്ചിട്ടുണ്ട്. കണക്കുകൂട്ടുമ്പോൾ അക്കങ്ങൾ തെറ്റായി നൽകിയാൽ അത് തിരുത്താനും നീക്കം ചെയ്യാനുമുള്ള സൗകര്യം നേരത്തെ ഉണ്ടായിരുന്നില്ല. പൂർണമായും മാറ്റി ടൈപ്പ് ചെയ്യേണ്ടിയിരുന്നു. എന്നാൽ ഡിലീറ്റ് ബട്ടൺ ഉപയോഗിച്ച് തെറ്റായി ടൈപ്പ് ചെയ്ത അക്കങ്ങൾ ബാക്ക് സ്പേസ് ചെയ്ത് ഒഴിവാക്കാനാവും.
ഇത് കുടാതെ സൈന്റിഫിക് കാൽക്കുലേറ്റർ ഓപ്ഷൻ അവതരിപ്പിച്ചിട്ടുണ്ട്. ഗണിത പ്രശ്നങ്ങൾ എഴുതിക്കൂട്ടാൻ കഴിയുന്ന മാത്ത് നോട്ട് ഫീച്ചറും, അളവുകളും കറൻസികളും കൺവേർട്ട് ചെയ്യാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈഫൈ പാസ് വേഡ് ക്യൂആർകോഡ് ആക്കി മാറ്റി പങ്കുവെക്കാം
മുകളിൽ സൂചിപ്പിച്ച മിക്ക സൗകര്യങ്ങളേയും പോലെ തന്നെ ആൻഡ്രോയിഡ് ഫോണുകളിൽ വളരെ മുമ്പ് തന്നെ വന്ന ഫീച്ചറുകളിൽ ഒന്നാണിത്. വൈഫൈ പാസ് വേഡ് മറ്റുള്ളവരുമായി പങ്കുവെക്കാൻ സുരക്ഷിതമായ സംവിധാനമാണിത്. പാസ് വേഡ് ക്യൂആർ കോഡ് ആയി മാറ്റുകയും ആ കോഡ് സ്കാൻ ചെയ്ത് മറ്റുള്ളവർക്ക് വൈഫൈയിൽ കണക്ട് ചെയ്യാനും സാധിക്കും.
സാറ്റലൈറ്റ് മെസേജിങ്
ഐഫോൺ 14 ലും അതിന് ശേഷം വന്ന ഫോണുകളിലും ഉപഗ്രഹം കണക്ടിവിറ്റിയിലൂടെ സന്ദേശം അയ്ക്കാനുള്ള സൗകര്യം ലഭ്യമാവും. ചില രാജ്യങ്ങളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. നെറ്റ് വർക്ക് ഇല്ലാതെ എവിടെയെങ്കിലും അകപ്പെട്ടാൽ ഈ സംവിധാനം ഉപയോഗിച്ച് അടിയന്തിര സന്ദേശം അയ്ക്കാനാവും.
ഐ ട്രാക്കിങ്
ആക്സസബിലിറ്റി സെറ്റിങ്സിലെ ഈ പുതിയ ഫീച്ചറിന്റെ സഹായത്താൽ കണ്ണുകൾ ഉപയോഗിച്ച് ഫോൺ നിയന്ത്രിക്കാനാവും. സെറ്റിങ്സ് പൂർത്തിയാക്കിയ ശേഷം ആപ്പുകൾ കുറക്കാനും വിവിധ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അതിലേക്ക് സുക്ഷിച്ച് നേക്കിയാൽ മതി.
ഫോട്ടോസ് ആപ്പിലെ ചിത്രങ്ങൾ ക്രമീകരിക്കുന്നതിനും ഫിൽറ്റർ ചെയ്യുന്നതിനുമുള്ള പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നോട്ട്സ് ആപ്പിൽ വോയ്സ് റെക്കോർഡ് ചെയ്ത് ട്രാൻസ്ക്രൈബ് ചെയ്യാനുള്ള സൗകര്യവും എത്തിയിട്ടുണ്ട്. കൂടുതൽ ഫീച്ചറുകൾ വരുന്ന അപ്ഡേറ്റുകൾ എത്തും.
Comments (0)