കശ്മീര്‍ സ്വദേശിയായ 87കാരന്‍ റാഷിദ് അന്‍വര്‍ ധറിന് ഓര്‍മയുള്ളത് സ്വന്തം പേര് മാത്രം. കൈവശം പാസ്പോര്‍ട്ട് ഇല്ല. കഴിഞ്ഞ വർഷം മേയിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്ന ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഓപൺ ഹൗസിലാണ് റാഷിദിനെ എല്ലാവരും കാണുന്നത്. അപ്പോള്‍ ഇന്ത്യക്കാരനായ താൻ ഡോക്ടറാണെന്നും 84 വയസായെന്നും മാത്രമാണ് അറിയിച്ചത്.

ദുബായിൽ ചില ആശുപത്രികളിൽ ജോലി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഭാരവാഹികളിൽ ചിലർ അവിടങ്ങളിൽ പോയി അന്വേഷിച്ചു. എന്നാൽ, അങ്ങനെയൊരു ഡോക്ടർ അവിടെ ജോലി ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന്, റാഷിദിന് ഭക്ഷണവും താമസസൗകര്യവും അസോസിയേഷൻ ഒരുക്കി. പിന്നീട്, ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണമായിരുന്നു.
ഗൾഫ് നാടുകളിലൊന്നും റാഷിദിന് ബന്ധുക്കളില്ലെന്ന് മനസിലാക്കിയതോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്‍റെ സഹായത്തോടെ കശ്മീരിലും അന്വേഷണം ആരംഭിച്ചു. ധർ എന്ന കുടുംബ പേര് വെച്ചാണ് അന്വേഷണം നടത്തിയത്. അങ്ങനെയാണ് ശ്രീനഗറിലെ ഒരു ഉൾഗ്രാമമാണ് റഷീദിന്‍റെ സ്വദേശമെന്ന് കണ്ടെത്താനായി. പിന്നാലെ, റാഷിദ് അന്‍വര്‍ ധര്‍ നാട്ടിലേക്ക് മടങ്ങി.
