പെർമിറ്റ് എടുത്തില്ലെങ്കിൽ പ്രവാസികളടക്കമുള്ളവർക്ക് പണി കിട്ടും: വിശദാംശങ്ങൾ ചുവടെ

റംസാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. ഗൾഫ് രാജ്യങ്ങളിൽ ഇതിനോടകം തന്നെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു. റംസാൻ കാലത്ത് എല്ലാ രാജ്യങ്ങളിലും പ്രത്യേക ഭക്ഷണശാലകൾ തുറക്കാറുണ്ട്. സ്വദേശികളും പ്രവാസികളുമടക്കം ഇത്തരത്തിൽ ചെറുകടകൾ ആരംഭിക്കാറുണ്ട്. ഇപ്പോഴിതാ ഇതുസംബന്ധിച്ച് പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് യുഎഇ.

റംസാന് മുമ്പുള്ള ഹിജ്‌റ മാസമായ ഷാബാൻ ആരംഭിക്കുന്നതിന്റെ സൂചനയായി ജനുവരി 31 വ്യാഴാഴ്ച പിറ കാണപ്പെട്ടിരുന്നു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് (ഔഖ്ഫ്) പ്രസിദ്ധീകരിച്ച ഹിജ്‌റ കലണ്ടർ പ്രകാരം, ഈ വർഷം മാർച്ച് ഒന്നിന് റംസാൻ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ പിറ കാണുന്നതിന് അനുസരിച്ചായിരിക്കും കൃത്യമായ തീയതി നിശ്ചയിക്കുക.

റംസാൻ കാലത്ത് പകൽ സമയങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി ഇപ്പോൾ അപേക്ഷിക്കാം. രണ്ട് തരത്തിലെ പെർമിറ്റുകളാണ് ഭക്ഷണശാലകൾക്ക് നൽകുന്നത്. പെർമിറ്റുകൾ നൽകുന്നത് ആരംഭിച്ചതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റിയാണ് അറിയിച്ചത്. ഇഫ്‌താറിന് മുൻപ് വിഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനും അനുമതി ലഭിക്കേണ്ടതുണ്ട്.

ഉപവാസ സമയത്തും ആഹാരം പാകം ചെയ്യാനും വിൽക്കാനും മുനിസിപ്പാലിറ്റി അനുമതി നൽകും. എന്നാൽ ഇതിന് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതായുണ്ട്.

ഷോപ്പിംഗ് മാളുകളിലുള്ള ഭക്ഷണശാലകൾക്കും പെർമിറ്റ് ബാധകമാണ്.
ഭക്ഷണം പുറത്ത് വിളമ്പണം. ഡൈനിംഗ് ഏരിയയിൽ വിളമ്പാൻ അനുവാദമില്ല.
അടുക്കളയ്ക്ക് അകത്ത് മാത്രമേ പാചകം പാടുള്ളൂ.
3000 ദിർമാണ് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഫീസ്.
ആഹാരം പ്രദർശിപ്പിക്കാനുള്ള പെർമിറ്റ്

റെസ്റ്റോറന്റുകൾ, കഫെറ്റീരിയ, മധുര പലഹാരക്കടകൾ, ബേക്കറികൾ എന്നിവയ്ക്കാണ് അനുമതി നൽകുന്നത്.
കടയുടെ മുൻവശത്തെ നടപ്പാതയിലായിരിക്കണം ഭക്ഷണം പ്രദർശിപ്പിക്കേണ്ടത്. ഇവിടം വൃത്തിഹീനമായിരിക്കാൻ പാടില്ല.
ലോഹ പാത്രങ്ങളിൽ കണ്ണാടി കൂടിലായിരിക്കണം ഭക്ഷണം സൂക്ഷിക്കേണ്ടത്. നിരക്കി മാറ്റാവുന്ന വാതിൽ ഇതിനുണ്ടായിരിക്കണം.
അലുമിനിയം ഫോയിലോ സുതാര്യമായ ഫുഡ് ഗ്രേഡ് പ്ളാസ്റ്റിക്കോ ഉപയോഗിച്ച് ആഹാര പദാർത്ഥങ്ങൾ മൂടിയിരിക്കണം.
കൃത്യമായ താപനിലയിലായിരിക്കണം ആഹാരം സൂക്ഷിക്കേണ്ടത്.
500 ദിർഹമാണ് പെർമിറ്റ് ഫീസ്.
അപേക്ഷ നൽകാൻ സമീപിക്കാം:

മുനിസിപ്പൽ ഡ്രോയിംഗ് സെന്റർ (അൽ നസിരിയ)
തസരീഹ് സെന്റർ
അൽ റഖാം വഹേദ് സെന്റർ
മുനിസിപ്പാലിറ്റി 24 കേന്ദ്രം
അൽ സഖർ സെന്റർ
അൽ റോള സെന്റർ
അൽ ഖാലിദിയ സെന്റർ
അൽ സൂറ വാഹ് അൽ ദിഖ സെന്റർ
സെയ്ഫ് സെന്റർ
അൽ മലോമാറ്റ് സെന്റർ
അൽ സാദ സെന്റർ
തൗജീഹ് സെന്റർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top