ഡീപ്പ് ഫേക്ക് തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ. വിസ, ജോലി തട്ടിപ്പിനെ കുറിച്ചാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയത്. വിശ്വസനീയരായ കോൺടാക്റ്റുകളുടെ ശബ്ദങ്ങളെ അനുകരിക്കാൻ കഴിയുന്ന AI-അധിഷ്ഠിത ഡീപ്‌ഫേക്കുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അവിദഗ്ധർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

അത്യാധുനിക സാങ്കേതിക വിദ്യ ചൂഷണം ചെയ്താണ് തട്ടിപ്പുകാർ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നത്. വ്യാജ സാക്ഷ്യപത്രങ്ങൾ ഉൾപ്പെടെ കാണിച്ചാണ് തട്ടിപ്പുകാർ ഇരകളെ വലയിലാക്കുന്നത്. ഔദ്യോഗിക അധികാരികളെ പ്രതിനിധീകരിക്കുന്നുവെന്ന തരത്തിൽ ഫോൺ കോളുകളിലൂടെയുള്ള തട്ടിപ്പും വ്യാപകമാണ്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് കഴിഞ്ഞ ദിവസം ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ എല്ലാവരും അവബോധരായിരിക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെ ശബ്ദം ഉപയോഗിച്ചും നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നുവെന്ന തരത്തിലുമൊക്കെയായിരിക്കും തട്ടിപ്പുകാർ സമീപിക്കുന്നത്. അതിനാൽ തന്നെ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
