Uae police:ദുബൈ: തട്ടിപ്പിന്റെ പുത്തന്‍ രൂപമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സൗഹൃദവും നിന്നീട് പ്രണയത്തിലേക്ക് നീളുന്ന ബന്ധങ്ങളും. അത്തരത്തില്‍ ഒരു കുരുക്കിലാണ് യുഎഇയില്‍ താമസിക്കുന്ന ഒരു യൂറോപ്പ്യന്‍ യുവതി അകപ്പെട്ടത്.
വിദഗ്ധനായ തട്ടിപ്പുകാരന്റെ വൈകാരികമായ സന്ദേശങ്ങളെ തുടര്‍ന്ന് ഇവരുടെ 12 ദശലക്ഷം യുഎഇ ദിര്‍ഹമാണ് നഷ്ടമായത്.

ദുബൈയില്‍ താമസിക്കുന്ന ഒരു ബിസിനസുകാരനാണെന്ന് വിശ്വസിപ്പിച്ചുകൊണ്ടാണ് ആഫ്രിക്കന്‍ വംശജനായ തട്ടിപ്പുകാരന്‍ ഇവരെ ‘റൊമാന്റിക് തട്ടിപ്പില്‍’ പെടുത്തിയത്.
ദുബൈ പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സൈബര്‍ ക്രൈം ഡയറക്ടര്‍ ബ്രിഗേഡിയറായ സയീദ് അല്‍ ഹജ്‌രി ഒരു സ്വകാര്യ പ്ലാറ്റ്‌ഫോമിലെ മാധ്യമ അഭിമുഖത്തിനിടെ കേസിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചു. ‘പ്രണയ വഞ്ചന’ അല്ലെങ്കില്‍ ‘വൈകാരിക കെണി’യുടെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് ഇരകള്‍ക്ക് വരുത്തുന്ന ഗുരുതരമായ സാമ്പത്തികവും മാനസികവുമായ ആഘാതത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.
ചര്‍ച്ചയ്ക്കിടെ, തട്ടിപ്പുകാരന്റെ ചതിയില്‍പ്പെട്ട് തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട വയോധികയായ യൂറോപ്യന്‍ സ്ത്രീയുടെ കഥ അല്‍ ഹജ്രി വിവരിച്ചു. ദുബൈയില്‍ താമസിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരനായി അഭിനയിച്ച തട്ടിപ്പുകാരന്‍, തന്റെ എല്ലാ സ്വത്തുക്കളും വിറ്റ് വരുമാനം അയാള്‍ക്ക് കൈമാറാന്‍ വയോധികയെ പ്രേരിപ്പിക്കുകയായിരുന്നു. ദുബൈയിലേക്ക് താമസം മാറിയതിനു ശേഷമാണ് താന്‍ തട്ടിപ്പില്‍ അകപ്പെട്ട വിവരം ഇവര്‍ അറിഞ്ഞത്.
തട്ടിപ്പുകാരന്‍ ദുബൈയില്‍ താമസിക്കുന്നയാളല്ലെന്നും ഇയാള്‍ ഒരു ആഫ്രിക്കന്‍ രാജ്യത്താണ് താമസിക്കുന്നതെന്നും അല്‍ ഹജ്രി വിശദീകരിച്ചു. ഏകാന്തത അനുഭവിക്കുന്ന സ്ത്രീ എളുപ്പത്തില്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീഴുകയായിരുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, തട്ടിപ്പുകാരനെയും അയാളുടെ സ്ഥലവും അധികൃതര്‍ തിരിച്ചറിഞ്ഞു. കേസ് അന്താരാഷ്ട്ര നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് കൈമാറുകയും നയതന്ത്ര ഏജന്‍സികള്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്.
ഈ കുറ്റകൃത്യത്തെ ‘ഇരകളെ ജീവനോടെ തൊലിയുരിക്കുന്നതിന്’ തുല്യമാണെന്നാണ് ഹജ്രി വിശേഷിപ്പിച്ചത്. അത്തരം തട്ടിപ്പുകള്‍ സ്ത്രീകളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്നും പുരുഷന്മാരും ഇത്തരം തട്ടിപ്പുകളില്‍ ഇരകളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പുകാര്‍ ഇരകളെ വൈകാരികമായി സ്വാധീനിക്കുകയും ക്രമേണ അവരുടെ സമ്പത്ത് കൈക്കലാക്കുകയും ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്.
Online dating, Dubai woman loses 12 million UAE dirhams