Passport And Attestation Centers in Dubai;യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ശ്രദ്ധിക്കുക; പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി 14 പുതിയ കേന്ദ്രങ്ങള്‍ വരുന്നു

Passport And Attestation Centers in Dubai;അബുദാബി: യുഎഇയിലെ ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള എല്ലാ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളും ഈ വര്‍ഷം മാറുമെന്ന് റിപ്പോര്‍ട്ട്. പകരം 14 പുതിയ സേവന കേന്ദ്രങ്ങള്‍ വരും. യുഎഇയിലെ 14 ഇടങ്ങളില്‍ ഏകീകൃത ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെൻ്റര്‍ നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ എംബസി വീണ്ടും ആരംഭിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ തന്നെ 14 സ്ഥലങ്ങളില്‍ ശാഖകളുള്ള ഒരു ഏകീകൃത സേവന കേന്ദ്രം ആരംഭിക്കാനാണ് ഇന്ത്യന്‍ മിഷന്‍ പദ്ധതിയിടുന്നത്.എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ (ഐസിഎസി) നടത്തുന്നതിന് സേവന ദാതാക്കളില്‍ നിന്ന് ബിഡ്ഡുകള്‍ ക്ഷണിച്ചുകൊണ്ട് അബുദാബിയിലെ ഇന്ത്യന്‍ എംബസി ടെന്‍ഡര്‍ തുറന്നു.

യുഎഇയില്‍ താമസിക്കുന്ന നാല് ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വിസ സേവനങ്ങള്‍ തേടുന്ന വിദേശികള്‍ക്കും ഇവിടുത്തെ ഇന്ത്യന്‍ മിഷനുകള്‍ വഴി സേവനം നല്‍കുന്നതിനായി ഐസിഎസിയുടെ 14 ശാഖകള്‍ ഒരുക്കാനാണ് ടെണ്ടര്‍. നിലവില്‍, രണ്ട് വ്യത്യസ്ത സേവന ദാതാക്കളാണ് ഇന്ത്യന്‍ എംബസിക്കായി പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ നല്‍കിവരുന്നത്. പാസ്പോര്‍ട്ട്, വിസ അപേക്ഷകള്‍ ബിഎല്‍എസ് ഇന്റര്‍നാഷണലും ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഐവിഎസ് ഗ്ലോബലും നല്‍കിവരുന്നു. ചില സേവനങ്ങള്‍ അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും കൈകാര്യം ചെയ്യുന്നു.

2023 ല്‍ എംബസി സമാനമായ ഒരു ടെന്‍ഡര്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആ ടെന്‍ഡര്‍ റദ്ദാക്കുകയായിരുന്നു. അതിനു ശേഷം ഇപ്പോഴാണ് വീണ്ടും ടെണ്ടര്‍ വിളിച്ചിരിക്കുന്നത്.

അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഒരു പുതിയ വെബ്സൈറ്റ്, തത്സമയം അപേക്ഷകള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു ഡാഷ്ബോര്‍ഡ്, അപ്പോയിന്റ്മെന്റുകള്‍ നല്‍കുന്നതിനും അപേക്ഷ സമര്‍പ്പിക്കല്‍ സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള കര്‍ശനമായ സമയപരിധി എന്നിവ ഉള്‍പ്പെടെയുള്ള ബിഡ്ഡര്‍മാര്‍ക്കുള്ള പുതുക്കിയ ആവശ്യകതകളാണ് ഏറ്റവും പുതിയ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ ലഭ്യത സേവന ദാതാവ് (എസ്പി) സുഗമമാക്കണമെന്ന് റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസലില്‍ പറയുന്നു. 2022 ജനുവരി മുതല്‍ 2024 ഡിസംബര്‍ വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഏകദേശം 1,584,174 സേവനങ്ങള്‍/ഇടപാടുകള്‍ ദൗത്യങ്ങള്‍ കൈകാര്യം ചെയ്തതായി അതില്‍ പറയുന്നു. അഥവാ ഒരു വര്‍ഷത്തില്‍ 300 പ്രവൃത്തി ദിവസങ്ങള്‍ കണക്കാക്കിയാല്‍ ഒരു പ്രവൃത്തി ദിവസം ശരാശരി 1760 ഇടപാടുകള്‍/സേവനങ്ങള്‍.

അബുദാബിയിലെ അല്‍ ഖാലിദിയ, അല്‍ റീം, മുസഫ, ദുബായിലെ അല്‍ ഐന്‍, ഗയാത്തി, ബര്‍ ദുബായ്, ജെഎല്‍ടി/ മറീന, ഷാര്‍ജയിലെ അല്‍ മജാസ്, അജ്മാനിലെ അല്‍ ജര്‍ഫ്, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ഖോര്‍ ഫക്കാനിലെ കോര്‍ണിഷ്/ സുബാറ, കല്‍ബ, റാസല്‍ ഖൈമയിലെ നഖീല്‍/ ഖുജാന്‍/ മരീദ് എന്നിവിടങ്ങളില്‍ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് നിര്‍ദ്ദേശം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top