Ramadan 2025 in uae; ദുബായ്∙ വിശ്വാസികൾക്ക് സന്തോഷവും ആശ്വാസവും പകർന്ന് റമസാൻ 2025 ആസന്നമായിരിക്കുന്നു. യുഎഇയിലെങ്ങുമുള്ള മുസ്ലിങ്ങൾ ഒരു മാസത്തെ ഭക്തിയുടെയും ആത്മവിചിന്തനത്തിന്റെയും ഒരുക്കത്തിലാണ്. റമസാനിൽ ദൈനംദിനചര്യകൾ മാറും – ജോലിയും സ്കൂൾ സമയവും പുനഃക്രമീകരിക്കുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നത് കൂടാതെ, രാജ്യത്തുടനീളമുള്ള പള്ളികളിൽ തറാവീഹ് ( പ്രത്യേക രാത്രി പ്രാർഥന) നടത്തും. മാസത്തിലെ അവസാന പത്ത് ദിവസങ്ങളിൽ ഖിയാമുൽ ലൈൽ പ്രാർഥനകളാൽ രാത്രികൾ മുഴുവൻ സജീവമാ്കും.

2025 റമസാൻ ആരംഭം
റമസാന് മുൻപുള്ള ഹിജ്റ മാസമായ ഷഅബാന്റെ ആരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കല ജനുവരി 31ന് കണ്ടു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻ്റ് (ഒൌഖാഫ്) പ്രസിദ്ധീകരിച്ച ഹിജ്റ കലണ്ടർ പ്രകാരം ഈ വർഷം മാർച്ച് 1ന് റമസാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും കൃത്യമായ ആരംഭ തീയതി ചന്ദ്രദർശനത്തിന് അനുസരിച്ചായിരിക്കും.
റമസാനിൽ തണുപ്പുണ്ടാകുമോ
മാർച്ചിലെ താപനില സാധാരണയായി 21°സെൽഷ്യസ് മുതൽ 28°സെൽഷ്യസ് വരെയാണ്. ശരാശരി 24°സെൽഷ്യസ്. തണുത്ത താപനില നോമ്പ് അനുഷ്ഠിക്കുന്നവർക്ക് ഗുണകരമാകും.
∙ഉപവാസ സമയം
റമസാനിലെ ആദ്യ ദിനത്തിൽ 12 മണിക്കൂറും 58 മിനിറ്റും ആയിരിക്കും നോമ്പിന്റെ ദൈർഘ്യം. റമസാനിലെ 11-ാം ദിവസം അതിരാവിലെ ഫജർ നമസ്കാരത്തിന്റെ സമയം 5.16 നും മഗ്രിബ്(പ്രദോഷം) നമസ്കാരം വൈകിട്ട് 6.29 നും ആകുമ്പോൾ നോമ്പ് സമയം 13 മണിക്കൂറും 13 മിനിറ്റുമായി വർധിക്കും. മാസത്തിന്റെ അവസാന ദിവസം 13 മണിക്കൂറും 41 മിനിറ്റും വ്രതമെടുക്കേണ്ടിവരും. 2024 നെ അപേക്ഷിച്ച് 2025 ലെ നോമ്പ് സമയം കുറവാണ്. കഴിഞ്ഞ വർഷം നോമ്പ് സമയം 13 മണിക്കൂറും 16 മിനിറ്റും മുതൽ ഏകദേശം 14 മണിക്കൂർ വരെയായിരുന്നു.
∙സ്കൂൾ, ജോലി സമയക്രമം
സ്കൂളിനും ജോലിക്കുമുള്ള സമയക്രമം ഒരു മാസത്തേക്ക് പുതുക്കി. സാധാരണഗതിയിൽ സ്കൂൾ സമയം രണ്ട് മണിക്കൂർ ചുരുക്കുന്നു. സർക്കാർ ഓഫിസുകളും സ്വകാര്യ മേഖലയിലെ കമ്പനികളും അവരുടെ പ്രവർത്തന സമയം മാറ്റുന്നു. ഈ വർഷം പല സ്കൂളുകളിലും മധ്യകാല അവധി കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് റമസാൻ ആരംഭിക്കുന്നത്. രാജ്യാന്തര പാഠ്യപദ്ധതി സ്കൂളുകൾക്കായുള്ള ടേം-എൻഡ് പരീക്ഷകളോടും ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകൾക്കായുള്ള അവസാന പരീക്ഷകളോടും ഈ മാസം ചേർന്നുനിൽക്കുന്നു. അവ സാധാരണയായി ഫെബ്രുവരി-മാർച്ച് മാസങ്ങളിളാണ് ഷെഡ്യൂൾ ചെയ്യുക. ചില സ്കൂളുകൾ പരീക്ഷകൾ പുനഃക്രമീകരിച്ചപ്പോൾ മറ്റു ചിലത് റദ്ദാക്കിയിട്ടുമുണ്ട്.
സാലിക്, പാർക്കിങ് നിരക്കുകൾ
വ്യത്യസ്ത സമയങ്ങളിൽ ടോൾ ഗേറ്റി(സാലിക്)ന് കീഴിൽ ഓരോ തവണയും കാർ കടന്നുപോകുന്നതിന് 6 ദിർഹം എന്ന പീക്ക്-അവർ നിരക്ക് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ബാധകമാകും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ രാവിലെ 9 വരെയും വൈകിട്ട് 5 മുതൽ അടുത്ത ദിവസം പുലർച്ചെ 2 വരെയും തിരക്കില്ലാത്ത സമയങ്ങളിൽ നിരക്ക് 4 ദിർഹവും ആയിരിക്കും. തിങ്കൾ മുതൽ ശനി വരെ പുലർച്ചെ 2 മുതൽ 7 വരെ സൗജന്യവുമായിരിക്കും. ഞായറാഴ്ചകളിൽ (പൊതു അവധി ദിവസങ്ങളിലും പ്രധാന പരിപാടികളിലും ഒഴികെ), സാലിക് ഫീസ് ദിവസം മുഴുവൻ രാവിലെ 7 മുതൽ പുലർച്ചെ 2 വരെ 4 ദിർഹം ആയിരിക്കും. കൂടാതെ പുലർച്ചെ 2 മുതൽ 7 വരെ സൗജന്യം. പണമടച്ചുള്ള പാർക്കിങ് സമയത്തിനും റമസാനിൽ മാറ്റമുണ്ട്. ഈ വർഷം, വേരിയബിൾ പാർക്കിങ് താരിഫ് നയം 2025 മാർച്ച് അവസാനത്തോടെ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പെരുന്നാൾ അവധിയോട് അടുത്ത് രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 6 ദിർഹവും മറ്റ് പൊതു പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 4 ദിർഹവും നിശ്ചയിച്ചു. തിരക്കില്ലാത്ത സമയങ്ങളിൽ താരിഫുകൾ മാറ്റമില്ലാതെ തുടരും. രാത്രി 10 മുതൽ രാവിലെ 8 വരെയും പാർക്കിങ് സൗജന്യമായിരിക്കും, ഞായറാഴ്ചകളിൽ ദിവസം മുഴുവൻ സൗജന്യമാണ്.
പെരുന്നാൾ( ഈദ് അൽ ഫിത്ർ) മാർച്ച് 30 നോ 31നോ അല്ലെങ്കിൽ ഏപ്രിൽ 1 വന്നേക്കാം. പെരുന്നാൾ ഏപ്രിൽ 1 ന് വന്നാൽ ഇത് യുഎഇ നിവാസികൾക്ക് വാരാന്ത്യത്തോടൊപ്പം ആറ് ദിവസത്തെ അവധി ദിനങ്ങൾ വരെ ലഭിക്കും. സാധാരണയായി റമസാൻ 30 മുതൽ ശവ്വാൽ 3 വരെയാണ് പെരുന്നാളവധി.