Ramada timing;ദുബായ് ∙ റമസാനിൽ ഗൾഫ് ആകെ പൂത്തുലയുന്നു; നോമ്പിന്റെ സുകൃതം നുകരുന്ന പ്രാർഥനകളാലും നന്മകളാലും. സ്വദേശികളുടെയും വിദേശികളുടെയും ദൈനംദിന ജീവിതത്തിലും ഏറെ മാറ്റമുണ്ടാകുന്ന വ്രതമാസമാണത്. ഇസ്‌ലാമിക കലണ്ടറിന്റെ ഒൻപതാം മാസമായ റമസാനിൽ വിശ്വാസികൾ പ്രഭാതം മുതൽ പ്രദോഷം വരെ ഉപവാസം, സജീവ പ്രാർഥനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ വ്യാപൃതരാകുന്നു. ഈ വർഷത്തെ റമസാൻ മാർച്ച് 1ന് തുടങ്ങുമെന്നാണ് പ്രതീക്ഷ. എങ്കിലും ചാന്ദ്രദർശനം അടിസ്ഥാനമാക്കിയാണ് തീരുമാനം. യുഎഇയിൽ പൊതുജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളറിയാം:

റമസാനിലെ ജോലി സമയം
ഓഫിസ് ഷെഡ്യൂളുകൾ, സ്‌കൂൾ സമയം, സാലിക് പീക്ക്-അവർ ടോൾ ചാർജുകൾ, പണമടച്ചുള്ള പാർക്കിങ് എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിലെ ദൈനംദിന ദിനചര്യകളിൽ റമസാൻ മാറ്റങ്ങൾ കൊണ്ടുവരുന്നു. വ്രത മാസത്തിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിന്റെ ഒരു ചെറു അവലോകനം ഇതാ:
1. സ്വകാര്യ മേഖലയിലെ ഓഫിസുകൾ
റമസാനിൽ, യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലി സമയം കുറയ്ക്കാൻ അർഹതയുണ്ട്. പ്രവൃത്തി ദിവസം രണ്ട് മണിക്കൂർ ചുരുക്കാവുന്നതാണ്. 2021ലെ ഫെഡറൽ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച 2022ലെ മന്ത്രിസഭാ പ്രമേയം നമ്പർ 1-ലെ ആർട്ടിക്കിൾ 15 (2) പ്രകാരമാണിത്.
2. അമുസ്‌ലിം തൊഴിലാളികൾക്കും അർഹത
യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (u.ae) അനുസരിച്ച്, അമുസ്‌ലിം തൊഴിലാളികൾക്കും ശമ്പള കിഴിവ് കൂടാതെ ഈ കുറഞ്ഞ പ്രവൃത്തി സമയത്തിന് അർഹതയുണ്ട്.
3. ഫെഡറൽ ഉദ്യോഗസ്ഥരുടെ ജോലി സമയം
റമസാനിൽ മന്ത്രാലയങ്ങളുടെയും ഫെഡറൽ ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) അറിയിച്ചു.
4. പണമടച്ചുള്ള പാർക്കിങ്
റമസാനിൽ പണമടച്ചുള്ള പാർക്കിങ് സമയം പുനഃക്രമീകരിച്ചു:
പതിവ് സമയം: രാവിലെ 8 മുതൽ രാത്രി 10 വരെ.
റമസാൻ സമയം: രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും രാത്രി 8 മുതൽ 10 വരെയും. എന്നാൽ ബഹുനില പാർക്കിങ് കെട്ടിടങ്ങളിൽ ഇതൊന്നും പരിഗണിക്കാതെ തന്നെ 24/7 ഫീസ് നൽകേണ്ടി വരും.
5. സാലിക്- തിരക്കേറിയ, തിരക്കില്ലാത്ത സമയം
ദുബായിലെ ടോൾ സംവിധാനമായ സാലിക് ജനുവരി 31 നു വേരിയബിൾ പ്രൈസിങ് ഈടാക്കി വരുന്നു. കൂടാതെ ടോൾ പ്രവർത്തനത്തിലും റമസാനിൽ മാറ്റങ്ങൾ ഉണ്ട്.
∙ സാധാരണ പ്രവൃത്തിദിവസങ്ങളും വാരാന്ത്യങ്ങളും:
തിരക്കേറിയ സമയം (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ): 6 ദിർഹം.
തിരക്കില്ലാത്ത സമയം (രാവിലെ 7 മുതൽ 9 വരെ, വൈകിട്ട് 5 മുതൽ പുലർച്ചെ 2 വരെ): 4 ദിർഹം.
ഞായറാഴ്ചകൾ (പൊതു അവധി ദിനങ്ങളും വിശേഷ പരിപാടികളും ഒഴികെ):
തിരക്കേറിയസമയം (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ), ഓഫ്-പീക്ക് (രാവിലെ 7 മുതൽ 9 വരെ, 2 മുതൽ 7 വരെ) മണിക്കൂറുകൾക്ക് 4 ദിർഹം ആണ് ഈടാക്കുന്നത്.
പ്രവൃത്തി ദിവസങ്ങളിലോ വാരാന്ത്യങ്ങളിലോ പുലർച്ചെ 2 മുതൽ 7 വരെ നിരക്കുകൾ ബാധകമല്ല.
5. സ്കൂൾ സമയം
സ്കൂൾ സമയത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും അവ കഴിഞ്ഞ വർഷത്തെ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു: 2024-ൽ ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച് ഡിഎ) റമസാനിൽ സ്വകാര്യ സ്‌കൂളുകൾ പ്രതിദിനം പരമാവധി അഞ്ച് മണിക്കൂർ പ്രവർത്തിക്കണമെന്ന് നിർബന്ധമാക്കി. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും ക്ലാസുകൾ.
6. സൂപ്പർ-ഹൈപ്പർ മാർക്കറ്റുകൾ, മാളുകൾ
സൂപ്പർ-ഹൈപ്പർ മാർക്കറ്റുകൾ സാധാരണ പോലെയാണ് പ്രവർത്തിക്കുക. റമസാനിൽ മാളുകൽ രാത്രി വൈകും വരെ തുറക്കാറുണ്ട്.
7. റസ്റ്ററന്റുകളുടെ പ്രവർത്തന സമയം
മിക്ക റസ്റ്ററന്റുകളും ഉപവാസ സമയം പാലിക്കുകയും പകൽ സമയത്ത് അടയ്ക്കുകയും വൈകിട്ടത്തെ പ്രാർഥനയ്ക്ക് ശേഷം തുറക്കുകയും ചെയ്യുന്നു. എങ്കിലും, ചില റസ്റ്ററന്റുകളും കഫേകളും പകൽ സമയങ്ങളിൽ പ്രവർത്തിക്കുന്നു. അടച്ച സ്ഥലങ്ങളിൽ ഡൈൻ-ഇൻ ഓപ്ഷനുകൾ, ടേക്ക്അവേ, ഡെലിവറി സേവനങ്ങൾ എന്നീ സൗകര്യങ്ങളുണ്ടായിരിക്കും.