Posted By Nazia Staff Editor Posted On

Ship service in uae;കപ്പലെന്ന പ്രവാസികള്‍ കാത്തിരുന്ന തീരുമാനം ഉടന്‍ യാഥാര്‍ത്ഥ്യമാകും; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

Ship service in uae;കൊച്ചി: കേരളത്തിലേക്ക് കടല്‍ സൗന്ദര്യം ആസ്വദിച്ച് ഗള്‍ഫിലേക്ക് യാത്ര. വിമാനടിക്കറ്റ് കൊള്ളയുടെ കാലത്ത് കീശ കീറാതെ നാട്ടിലേക്കും തിരിച്ചും യാത്രയെന്ന പ്രവാസിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന കമ്പനി ഇപ്പോള്‍ സര്‍വീസ് നടത്താന്‍ പറ്റിയ കപ്പലിനായുള്ള അന്വേഷണത്തിലാണ്. 2025 ആദ്യത്തോടെ തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

പദ്ധതി ഉടനെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കേരള മാരിടൈം ബോര്‍ഡ്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസിന് താത്പര്യം അറിയിച്ച് നാല് കമ്പനികള്‍ മുന്നോട്ട് വന്നിരിക്കുകയാണിപ്പോള്‍. കോഴിക്കോട് ആസ്ഥാനമായ ജബല്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈറ്റ് ഷിപ്പിംഗ് എന്നീ കമ്പനികള്‍ നേരത്തെ തന്നെ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിരിന്നു.

കമ്പനികള്‍ നല്‍കിയ താത്പര്യപത്രം പഠിച്ചതില്‍നിന്ന് രണ്ട് കമ്പനികളെയാണ് യോഗ്യരായി കണ്ടെത്തിയത്. ഇതില്‍ ഒരു കമ്പനിയാണ് ഇപ്പോള്‍ സര്‍വീസിന് അനുയോജ്യമായ കപ്പല്‍ കണ്ടെത്താന്‍ ഇന്‍ഡൊനീഷ്യ അടക്കമുള്ള സ്ഥലങ്ങളില്‍ അന്വേഷണം തുടങ്ങിയത്. കമ്പനി കപ്പല്‍ എത്തിച്ചാല്‍ ബോര്‍ഡ് വിശദമായ പരിശോധന നടത്തും. യാത്ര ചെയ്യുന്നതിനും ചരക്കുകള്‍ കൊണ്ടുപോകുന്നതിനും കപ്പലിലുള്ള സൗകര്യങ്ങളും വിലയിരുത്തും.

മാസങ്ങള്‍ക്കുമുന്‍പ് ബോര്‍ഡ് നടത്തിയ പാസഞ്ചര്‍ സര്‍വേയില്‍ ദുബായിലേക്കുള്ള കപ്പല്‍ സര്‍വീസിനോടാണ് കൂടുതല്‍പ്പേരും താത്പര്യം പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ഈ സര്‍വീസ് ആദ്യം തുടങ്ങുക. കേരളത്തിലെ തുറമുഖങ്ങളില്‍ കൊച്ചിയിലാണ് വലിയ കപ്പലുകള്‍ക്ക് അടുക്കാനാകുക. ഇക്കാരണങ്ങളാലാണ് കൊച്ചി-ദുബായ് കപ്പല്‍ സര്‍വീസ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. യാത്രച്ചെലവ് കുറയുമെന്നതും കൂടുതല്‍ ചരക്കുകൊണ്ടുവരാമെന്നതുമാണ് കപ്പല്‍സര്‍വീസിന്റെ നേട്ടങ്ങളാണ്. വിഴിഞ്ഞത്ത് നിന്ന് യാത്രാ കപ്പലുകളുടെ സര്‍വീസ് നിലവില്‍ ആരംഭിച്ചിട്ടില്ല.

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും മാരിടൈം ബോര്‍ഡും ഇരു കമ്പനികളുമായും ജൂലായില്‍ ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി തുടര്‍നടപടികളെ കുറിച്ച് അറിയിച്ചിരുന്നു. നിലവില്‍ ഒരേസമയം 600 മുതല്‍ 700 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന കപ്പലുകളെയാണ് കേരളം പരിഗണിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള കപ്പല്‍ കണ്ടെത്തുകയെന്നതാണ് പ്രധാന വെല്ലുവിളി. അനുയോജ്യമായ കപ്പലുകള്‍ കണ്ടെത്തിയ ശേഷം മെര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് പൂര്‍ണമായ രേഖകള്‍ സഹിതം ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗില്‍ ലൈസന്‍സിന് അപേക്ഷിക്കാനാണ് കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

യാത്രക്കാരുടെ എണ്ണം ആണ് പ്രധാനമായി കേരളം പരിഗണിക്കുന്നത്. അതിനോടൊപ്പം മറ്റ് മാനദണ്ഡങ്ങള്‍ കൂടി പാലിക്കേണ്ടതുമുണ്ട്. കാര്യങ്ങള്‍ അനുകൂലമായി വന്നാല്‍ യാത്രയ്ക്ക് സജ്ജമാക്കുന്നതിന് ബുക്കിംഗ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നാല് മാസത്തെ സമയം വരെ വേണ്ടിവരുമെന്നാണ് മാരിടൈം ബോര്‍ഡ് പറയുന്നത്. മുന്നോട്ട് വന്ന രണ്ട് കമ്പനികളില്‍ ഒരെണ്ണം 600 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന കപ്പല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റ് ചില മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തത് കാരണം അതുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല.

യാത്രാ സമയം വിമാനങ്ങളേക്കാള്‍ കൂടുതലാണെങ്കിലും സര്‍വീസ് ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് ഒരു പരിധി വരെ അന്ത്യംകുറിക്കുമെന്ന പ്രതീക്ഷയും പ്രവാസികള്‍ക്കുണ്ട്. ഓഫ് സീസണില്‍ വില്‍ക്കുന്ന ടിക്കറ്റ് നിരക്കിനേക്കാള്‍ അഞ്ചിരട്ടി വരെ അമിത നിരക്കാണ് വിവിധ വിമാനക്കമ്പനികള്‍ അവധിക്കാലത്തും ഉത്സവ സീസണുകളില്‍ ഈടാക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *