വിമാനപാതയില്‍ വഴിമുടക്കിയായി പട്ടങ്ങള്‍. ആറ് വിമാനങ്ങള്‍ താഴെ ഇറങ്ങാനാകാതെ ആകാശത്ത് ചുറ്റിക്കറങ്ങി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയ്ക്ക് 200 അടിയോളം മുകളിലായാണ് പട്ടങ്ങള്‍ പറന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
രണ്ട് മണിക്കൂറോളമാണ് വ്യോമഗതാഗതം താറുമാറായത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ മുട്ടത്തറ പൊന്നറ പാലത്തിനടുത്തുളള റണ്‍വേ- 32 ന്‍റെയും വളളക്കടവ് സുലൈമാന്‍ തെരുവിനും ഇടയ്ക്കുളളതുമായ ഭാഗത്തെ ആകാശത്താണ് പട്ടം പറന്നത്. നാല് വിമാനങ്ങളെ വഴിതിരിച്ചുവിട്ടു.
പുറപ്പെടാനൊരുങ്ങിയ രണ്ട് വിമാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിച്ചു. 4.20 ഓടെ മസ്‌ക്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ്, തൊട്ടുപിന്നാലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബെംഗ്ലുരുവില്‍ നിന്നെത്തിയ ഇന്‍ഡിഗോ എന്നി വിമാനങ്ങളെയാണ് ഇറങ്ങുന്നതിന് അനുമതി നല്‍കാതെ ആകാശത്ത് തങ്ങുന്നതിനുളള ഗോ എറൗണ്ടിന് പോയ് വരാന്‍ നിര്‍ദേശിച്ചത്.
വൈകീട്ടോടെ ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യാ എക്സ്പ്രസ്, ബെംഗ്ലുരുവിലേക്ക് പോകണ്ടിയിരുന്ന ഇന്‍ഡിഗോ എന്നീ വിമാനങ്ങളെയാണ് ബേയില്‍ നിര്‍ത്തിയിട്ടത്. തുടര്‍ന്ന്, വൈകീട്ട് 6.20 ഓടെ പട്ടം തനിയെ റണ്‍വേയിലേക്ക് പതിച്ചു. രാജീവ് അക്കാദമിയുടെ പരിശീലനവിമാനത്തിന്‍റെ പറക്കലും നിര്‍ത്തിവെച്ചു. സംഭവത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
അഗ്‌നിരക്ഷാ വാഹനത്തില്‍ നിന്ന് പട്ടം നില്‍ക്കുന്ന ഭാഗത്തേക്ക് ഉയരത്തില്‍ വെളളം ചീറ്റിച്ചു. വിമാനത്താവളത്തില്‍ പക്ഷികളെ തുരത്തിയോടിക്കുന്ന ബേര്‍ഡ് സ്‌കെയര്‍സ് ജീവനക്കാര്‍ പട്ടം ലക്ഷ്യമാക്കി റോക്കറ്റുകള്‍ അയച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
റണ്‍വേയുടെ പരിധിയിലെ എല്ലായിടത്തും പോലീസെത്തി പരിശോധന നടത്തി. എന്നാല്‍, പട്ടം പറത്തിയവരെ കണ്ടെത്താനായില്ല. വിമാനത്താവളത്തിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നാണ് റണ്‍വേയ്ക്ക് മുകളില്‍ വിമാനപാതയില്‍ പട്ടമുണ്ടെന്ന വിവരം നല്‍കിയത്. പുറപ്പെടേണ്ട വിമാനങ്ങള്‍ രാത്രിയോടെ അതത് ഇടങ്ങളിലേക്ക് പുറപ്പെടുകയും ചെയ്തു.