Posted By Ansa Staff Editor Posted On

തമിഴ് റോക്കേഴ്സ് സംഘാംഗങ്ങൾ പിടിയിൽ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്: റിക്ലൈനർ സീറ്റുകളിൽ കിടന്ന് ചിത്രീകരണം

സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്ത്. തിയറ്ററിലെ റിക്ലൈനർ സീറ്റുകളിൽ കിടന്നാണ് സംഘാംഗങ്ങൾ സിനിമ ചിത്രീകരണിക്കുകയെന്നാണ് വിവരം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. ഇതിൽ കിടന്നുകൊണ്ട് ചിത്രീകരിക്കും. ക്യാമറ പുതപ്പിനുളളിൽ ഒളിപ്പിക്കും. സിനിമ ഷൂട്ട് ചെയ്യുന്നത് കാണാതിരിക്കാനും ചുറ്റുമുളളവർക്ക് സംശയം തോന്നാതിരിക്കാനും മുന്നൊരുക്കങ്ങളും സംഘം നടത്തും. സംഘത്തിൽപ്പെട്ടവർ തന്നെയാകും സിനിമ ചിത്രീകരിക്കുന്ന സീറ്റിന്റെ അടുത്തടുത്ത സീറ്റുകളിലുണ്ടാകുക.

അഞ്ചുപേർ വരെ അടുത്തടുത്ത സീറ്റുകളിൽ ടിക്കറ്റ് എടുക്കും. തിയേറ്ററിന്‍റെ മധ്യഭാഗത്തെ സീറ്റുകളാണ് ചിത്രീകരണത്തിനായി മുൻകൂട്ടി ബുക്ക് ചെയ്യുക. റിലീസ് സിനിമകൾ ആദ്യം ദിവസം തന്നെ ഷൂട്ട് ചെയ്യുകയാണ് രീതി. കൊച്ചിയിൽ പിടിയിലായ തമിഴ് റോക്കേഴ്സിന്റെ രണ്ടുപേർ 33 സിനിമകളാണ് ഇതുവരെ ചിത്രീകരിച്ചത്. മലയാളം, തമിഴ്, കന്നട സിനിമകൾ ഇക്കൂട്ടത്തിലുണ്ട്.

തമിഴ്നാട്ടിലെയും ബംഗലൂരു പട്ടണത്തിലേയും തിയേറ്ററുകളാണ് തെരഞ്ഞെടുത്തത്. തിയേറ്റർ ഉടമകൾക്ക് ഇടപാടിൽ പങ്കുളളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ടൊവിനോ തോമസ് നായകനായ എ ആർ എം തിയേറ്ററുകളിലെത്തിയ അന്ന് തന്നെ സിനിമയുടെ വ്യാജ പതിപ്പുമിറങ്ങിയിരുന്നു.

എആർഎം നിർമ്മാതാക്കളുടെ പരാതിയിൽ ദ്രുതഗതിയിൽ അന്വേഷിച്ച കൊച്ചി സൈബർ പൊലീസ് ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശും, പ്രവീണ്‍ കുമാറും വ്യാജ പതിപ്പിറക്കാൻ തമിഴ് സിനിമയായ വേട്ടയ്യൻ ഷൂട്ട് ചെയ്ത് മടങ്ങവെയാണ് പൊലീസിന്റെ വലയിൽ വീണത്.

കോയമ്പത്തൂർ എസ് ആർ ക്കെ തിയേറ്ററിൽ വച്ചാണ് ഇവർ എ ആർ എം സിനിമ റെക്കോർഡ് ചെയ്തത്. ടെലഗ്രാമിൽ അപ്ലോഡ് ചെയ്ത് സിനിമ പ്രചരിപ്പിച്ചു. മുൻപും തെന്നിന്ത്യൻ സിനിമകളുടെ വ്യാജ പതിപ്പ് നിർമ്മിച്ച് പണം സമ്പാദിച്ച സംഘത്തിന്റെ ഭാഗമാണ് പിടിയിലായവർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *