ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട് ഫോൺ രംഗത്തിറക്കാനൊരുങ്ങുകയാണ് ടെക്നോ (Tecno). ടെക്നോ സ്പാർക്ക് സ്ലിം (Tecno Spark Slim)എന്ന പേരിലാണ് പുതിയ ഫോൺ ഇറങ്ങുക. 5.75 mm മാത്രം കനമുള്ള ഇതിൽ രണ്ട് 50 MP ക്യാമറകളും ശക്തമായ 5,200 mAh ബാറ്ററിയും ബാക്കമുമാണ് നൽകുന്നത്.

ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ പിടിമുറുക്കാൻ ലക്ഷ്യമിട്ട് കൊണ്ടാണ് ടെക്നോ പുത്തൻ സ്മാർട്ട്ഫോണുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കുറഞ്ഞ വിലയിയിലും കനം കുറഞ്ഞതുമായ ഒരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് സന്തോഷം പകരുന്നതാണ് ടെക്നോ സ്പാർക്ക് സ്ലിം. സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന വേൾഡ് മൊബൈൽ കോൺഫറൻസിന് മുന്നോടിയായായാണ് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട് ഫോണായ സ്പാർക്ക് സ്ലിം ടെക്‌നോ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് ഡിസൈൻ തന്നെയാണ്. ടെക്നോ സീരീസിലെ മറ്റ് ഫോണുകളുടെ കനം ഇതിനുണ്ടാകില്ല. മാത്രമല്ല, സ്പാർക്ക് സ്ലിമിൽ ഒരു സെറാമിക് അല്ലെങ്കിൽ ഗ്ലാസ്-സെറാമിക് ഹൈബ്രിഡ് മെറ്റീരിയലായിരിക്കും കൊടുക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന ഗ്ലാസ് മെറ്റീരിയൽ ഒഴിവാക്കുന്നത് ഫോണിനെ സ്ലിം ആക്കാനാണ്. ഏകദേശം 5.75 എംഎം മാത്രമായിരിക്കും ഫോണിന് കനം വരുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്.
സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്. സ്പാർക്ക് സ്ലിമിന്റെ ചിപ്‌സെറ്റ് ടെക്‌നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഒക്ടാ കോർ സിപിയുവിൽ പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,200mAh ബാറ്ററിയാണ് ഇതിലുള്ളത്. ബാറ്ററിക്ക് 4.04mm കനം മാത്രമേയുള്ളു. 5ജി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. സ്പാർക്ക് സ്ലിമിന്റെ വിലയോ ലഭ്യതയോ സംബന്ധിച്ച വിവരങ്ങൾ ടെക്നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കമ്പനി ഈ ഫോണിനെ ഒരു കൺസെപ്റ്റ് സ്മാർട്ട്‌ഫോൺ എന്നാണ് പരാമർശിക്കുന്നത്, മാർച്ച് 3 മുതൽ മാർച്ച് 6 വരെ സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന MWC യിൽ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഗാലക്‌സി എസ് 25 എഡ്ജ്, ഐഫോൺ 17 സ്ലിം (അല്ലെങ്കിൽ എയർ) എന്നിവയ്‌ക്കെതിരെ ടെക്നോ സ്പാർക്ക് സ്ലിം മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.