Isra wal Miraji:അബുദാബി: ഇസ്ര വൽ മിറാജിനോടനുബന്ധിച്ച് ജനുവരി 30 വ്യാഴാഴ്‌ച അവധി ദിവസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാൻ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും സർക്കാർ ജീവനക്കാർക്കും വേതനത്തോടുകൂടിയുള്ള അവധിയായിരിക്കും ലഭിക്കുക. മറ്റൊരു ഗൾഫ് രാജ്യമായ കുവൈറ്റും അന്നേദിവസം അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ജനുവരി 30ലെ അവധി ദിവസവും വാരാന്ത്യ അവധി ദിനങ്ങളും കൂടി ചേർത്ത് ഒമാൻ, കുവൈറ്റ് നിവാസികൾക്ക് മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ഔദ്യോഗികമായി ഇസ്ര വൽ മിറാജ് ജനുവരി 27 തിങ്കളാഴ്‌ചയാണ് വരുന്നതെങ്കിലും ഒരുമിച്ചുള്ള അവധി ദിവസങ്ങൾ ലഭിക്കുന്നതിനായി ഇരുരാജ്യങ്ങളും വ്യാഴാഴ്‌ചയിലേയ്ക്ക് മാറ്റുകയായിരുന്നു.
അതേസമയം, യുഎഇയിൽ ഇസ്ര വൽ മിറാജ് അവധി ദിവസമായിരിക്കില്ല. 2018വരെ ഇത് ഔദ്യോഗിക അവധി ദിനമായിരുന്നുവെങ്കിലും 2019ൽ ഇസ്ര വൽ മിറാജിനെ അവധി ദിവസങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യവാരമോ ആണ് യുഎഇയിൽ ഇനി പൊതുഅവധി ദിവസം വരുന്നത്. ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധിയാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് ഒന്ന് ശനിയാഴ്‌ച തുടങ്ങി മാർച്ച് 30 ഞായറാഴ്‌ചയാണ് റംസാൻ അവസാനിക്കുന്നതെങ്കിൽ മാർച്ച് 31 തിങ്കളാഴ്‌ചയ്ക്കും ഏപ്രിൽ രണ്ട് ബുധനാഴ്‌ചയ്ക്കും ഇടയിലായിരിക്കും ഈദ് അൽ ഫിത്തർ ആചരിക്കുക. എന്നാൽ പിറ കാണുന്നതിനനുസരിച്ചാണ് കൃത്യമായ ദിവസം നിശ്ചയിക്കുന്നത്.