cheapest day and month to book flights;അവധിക്കാലത്തിന്റെ ആവേശത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ അവധിക്കാലം നാം നാട്ടിൽ പോകാനും കറങ്ങാനും മറ്റുമായി ഉപയോഗിക്കും. അതുകൊണ്ടാണ് മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് അവധി, നീണ്ട വെക്കേഷൻ സീസണുകളിൽ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കൂടുന്നത്. സീസണിൽ ടിക്കറ്റ് നിരക്ക് കൂടുന്നതിൽ വിമാന കമ്പനികളെ പഴി പറയാൻ കഴിയില്ല. കാരണം, സാധാരണ സമായത്തെതിനേക്കാൾ സീസണിൽ യാത്രക്കാർ കൂടുന്നതുകൊണ്ട് നിരക്ക് കൂട്ടുക അല്ലാതെ കമ്പനികൾക്ക് വേറെ നിർവാഹം ഇല്ല. മറ്റ് ഗതാഗത സംവിധാനത്തെ പോലെ സീറ്റ് കപ്പാസിറ്റിക്ക് അപ്പുറം ആളുകളെ ഉൾകൊള്ളിക്കാനും വിമാനങ്ങൾക്ക് കഴിയില്ല.

ഈ സാഹചര്യത്തിൽ യാത്രാ നിരക്ക് കുറവുള്ള സമയം നോക്കി ബുക്ക് ചെയ്യുന്നതാണ് ബജറ്റ് കുറയ്ക്കാൻ ഏറ്റവും നല്ലവഴി. ഇതുസംബന്ധിച്ച് 2025 ലെ എക്സ്പീഡിയ എയർ ഹാക്സ് റിപ്പോർട്ട് ചില നിർണായക ഡാറ്റകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ടിപ്പുകൾ പരീക്ഷിക്കുക ആണെങ്കിൽ അടുത്ത തവണ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ഗണ്യമായ പണം ലാഭിക്കാൻ കഴിയും. അന്താരാഷ്ട്ര യാത്രാ ബ്രാൻഡ് ആഴ്ചയിലെ ഏറ്റവും വിലകുറഞ്ഞ ദിവസവും യാത്ര ചെയ്യാൻ ഏറ്റവും വിലകുറഞ്ഞ മാസവും വെളിപ്പെടുത്തിയിട്ടുണ്ട്. ഡാറ്റ അനുസരിച്ച് തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ബുക്ക് ചെയ്യുന്നതിനേക്കാൾ 17 ശതമാനം വരെ പണം ലാഭിക്കാൻ യാത്രക്കാർക്ക് കഴിയുന്നതിനാൽ ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ ആഴ്ചയിലെ ഏറ്റവും വിലകുറഞ്ഞ ദിവസം ഞായറാഴ്ച ആണ്. യാത്രാനിരക്കോ ലക്ഷ്യസ്ഥാനമോ എന്തുതന്നെയായാലും, വ്യാഴാഴ്ചയും യാത്രക്കാർക്ക് 17 ശതമാനം നിരക്ക് ലാഭിക്കാൻ കഴിയും.
രസകരമെന്നു പറയട്ടെ, കുറെ ആഴ്ചകൾക്ക് മുമ്പ് തന്നെ ബുക്ക് ചെയ്തെന്ന് കരുതി നിരക്ക് കുറയും എന്ന് പലരും ചിന്തിച്ചേക്കാം – പക്ഷേ അങ്ങനെയല്ല. ഡാറ്റ അനുസരിച്ച്, മൂന്ന് മാസമോ അതിൽ കൂടുതലോ ഉള്ള ബുക്കിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ, പുറപ്പെടുന്നതിന് 18 മുതൽ 29 ദിവസം വരെ മുമ്പ് ബുക്ക് ചെയ്താൽ നിങ്ങൾക്ക് 17 ശതമാനം വരെ ലാഭിക്കാം.
പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ബുക്ക് ചെയ്യുന്നതും നിരക്ക് കൂടാനുള്ള കാരണം ആണ്. അതുപോലെ തന്നെയാണ് നേരത്തേ പറഞ്ഞതുപോലെ സീസൺ സമയവും.
വരാനിരിക്കുന്ന ചെറിയ പെരുന്നാൾ ഇടവേളയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മോശം സമയം ആണ്. ഈ സമയത്ത് അന്താരാഷ്ട്ര തലത്തിൽ വിമാന യാത്ര ഏറ്റവും ചെലവേറിയതായിരിക്കുമെന്നതാണ് കാരണം.
മാർച്ച് പറക്കാൻ ഏറ്റവും ചെലവേറിയ സമയമാണെങ്കിലും ഓഗസ്റ്റിൽ പറക്കുന്നത് നിങ്ങൾക്ക് 7 ശതമാനം വരെ പണം ലാഭിക്കുമെന്ന് എക്സ്പീഡിയ പറയുന്നു. ശരാശരി വിമാന ടിക്കറ്റ് നിരക്കുകൾ വർഷം തോറും കുറയുന്നുവെന്നും റിപ്പോർട്ടിൽ ഉണ്ട്. എയർലൈൻസ് റിപ്പോർട്ടിംഗ് കോർപ്പറേഷനുമായി ചേർന്ന് ട്രാവൽ വെബ്‌സൈറ്റായ എക്‌സ്‌പീഡിയയാണ് ഡാറ്റ ശേഖരിച്ചത്.
