Expats death penalty executed in uae; അബുദാബി: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചതാണിത്. വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.

കൊലപാതക കുറ്റത്തിനാണ് രണ്ട് പേരെയും യുഎഇ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് യുഎഇയിലെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചിരുന്നു. ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയതായി യുഎഇ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ചതിനാണ് വിചാരണ ശിക്ഷിക്കപ്പെട്ടത്. രണ്ട് പേർക്കും സാധ്യമായ എല്ലാ നയതന്ത്ര സഹായവും നിയമസഹായവും നല്കിയിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇരുവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചുവെന്നും സംസ്കാര ചടങ്ങിൽ ഇവർക്ക് പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നല്കിയിരുന്നു. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയെന്നും കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
