UAE BUDGET; എമിറേറ്റിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ബജറ്റിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 2025 വർഷത്തേക്ക് ഏകദേശം 4200 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്.
എമിറേറ്റിൻറെ സാമ്പത്തിക സുസ്ഥിരത, ജനങ്ങളുടെ മികച്ച ജീവിത നിലവാരം, സാമൂഹിക ക്ഷേമം എന്നിവയാണ് ഇത്തവണത്തെ ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ഷാർജ ഗവൺമെൻറ് മീഡിയ ഓഫിസ് അറിയിച്ചു.കൂടാതെ എമിറേറ്റിലെ സാമൂഹിക സുരക്ഷ, ഊർജം, ജലം, ഭക്ഷ്യ വിഭവങ്ങൾ എന്നിവയുടെ സുസ്ഥിരത വർധിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.
2024നെ അപേക്ഷിച്ച് 2025 സാമ്പത്തിക വർഷത്തെ പൊതു ചെലവിൽ രണ്ട് ശതമാനം വർധന വരുത്തിയിട്ടുണ്ട്. ബജറ്റിൻറെ 27 ശതമാനം നീക്കിവെച്ചിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശമ്പളയിനത്തിലാണ്. മറ്റ് പ്രവർത്തനങ്ങളുടെ ചെലവിലേക്കായി 23 ശതമാനവും മാറ്റിവെച്ചിട്ടുണ്ട്. 20 ശതമാനം വരുന്ന മൂലധന പദ്ധതികളെ പിന്തുണക്കുന്ന നടപടികൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.ബജറ്റിൻറെ 27 ശതമാനം വകയിരുത്തിയിരിക്കുന്നത് സാമ്പത്തിക വികസന മേഖലകൾക്കാണ്.
ഗവൺമെൻറ് അഡ്മിനിസ്ട്രേഷൻ, സാമൂഹിക വികസനം എന്നിവക്കായി 22 ശതമാനവും സുരക്ഷ മേഖലക്ക് 10 ശതമാനവും തുക വകയിരുത്തിയിട്ടുണ്ട്. അതേസമയം, 2024നെ അപേക്ഷിച്ച് വരുമാനത്തിൽ എട്ട് ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തന മേഖലകളിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം മൊത്തം വരുമാനത്തിൻറെ 74 ശതമാനം ആണ്. 2024നെ അപേക്ഷിച്ച് 16 ശതമാനം വർധനവാണ് കണക്കുകൂട്ടുന്നത്.