UAE fine; വെറ്ററിനറി നിയമലംഘകരെ കാത്തിരിക്കുന്നത് അഞ്ച് ലക്ഷം ദിർഹം വരെ പിഴ: കർശന നടപടികളുമായി ഈ എമിറേറ്റ്

UAE fine; വെറ്ററിനറി നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി അജ്മാൻ മുനിസിപ്പാലിറ്റി. കാലാവധി കഴിഞ്ഞ വെറ്ററിനറി ഉൽപ്പന്നങ്ങൾ സുരക്ഷിതമായ രീതിയിൽ സംസ്കരിക്കണമെന്ന് എമിറേറ്റിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങൾക്കും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങളുടെ കാലാവധി കഴിഞ്ഞാൽ മൂന്നു മാസത്തിനുള്ളിൽ അവ ശരിയായ രീതിയിൽ തന്നെ സംസ്കരിക്കണമെന്നും അധികൃതർ പറഞ്ഞു.

ഓൺ-കോൾ വെറ്ററിനറി ഡോക്ടർമാർക്ക് വെറ്ററിനറി സേവനങ്ങൾ പരിശീലിക്കുന്നതിന് സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, സ്ഥാപനങ്ങൾക്ക് മന്ത്രാലയം നൽകുന്ന ഫെസിലിറ്റി ലൈസൻസ്, പൊതുജനാരോഗ്യ കീട നിയന്ത്രണ കരാർ, വെറ്ററിനറി വസ്തുക്കൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള കരാർ, വെറ്ററിനറി ഉൽപ്പന്നങ്ങൾക്കായുള്ള വാങ്ങൽ, വിൽപ്പന ഇൻവോയ്‌സുകൾ തുടങ്ങിയ രേഖകളും ഉണ്ടായിരിക്കണം.

നിയമം ലംഘിക്കുന്നവർക്ക് 10,000 ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് അജ്മാൻ മുനിസിപ്പാലിറ്റി അടുത്തിടെ കാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ വെറ്ററിനറി നിയമങ്ങൾ പാലിക്കേണ്ടതിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.

ക്ലിനിക്കുകൾ, ഫാർമസികൾ പോലുള്ള വെറ്ററിനറി സ്ഥാപനങ്ങൾ നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുമെന്ന് അജ്മാനിലെ പൊതു ആരോ​ഗ്യ മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഖാലിദ് മൊയീൻ അൽ ഹൊസാനി പറഞ്ഞു.

നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10,000 ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തുകയും വെറ്ററിനറി ഉൽപ്പന്നങ്ങൾ കണ്ടുെകെട്ടുകയും ചെയ്യും. ലംഘനം ആവർത്തിച്ചാൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top