Uae gold visa;ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാവർക്കും പ്രിയപ്പെട്ട ഇടമാണ് യുഎഇ. ജീവിതച്ചെലവും മറ്റും കൂടുതലാണെങ്കില്‍ പോലും എല്ലാ കാലത്തും യുഎഇയുടെ ടൂറിസം മേഖലയെ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം യുഎഇയില്‍ ദീര്‍ഘകാല റസിഡന്‍സി സൗകര്യം അനുവദിക്കുന്ന യുഎഇ ഗോള്‍ഡന്‍ വിസ പദ്ധതിയാണ്.
ഒരു സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ യുഎഇയില്‍ താമസിക്കാനും, ജോലി ചെയ്യാനും, പഠിക്കാനും നിങ്ങളെ അനുവദിക്കുന്ന 10 വര്‍ഷത്തെ ദീര്‍ഘകാല റെസിഡന്‍സി പെര്‍മിറ്റാണ് ഗോള്‍ഡന്‍ വിസ. പ്രഗല്‍ഭരായ വ്യക്തികള്‍, ഗവേഷകര്‍, മികച്ച വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാര്‍, വിദഗ്ധര്‍, അത്ലറ്റുകള്‍, സംരംഭകര്‍, നിക്ഷേപകര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കാണ് ഗോള്‍ഡന്‍ വിസ നൽകുന്നത്.
യുഎഇയിലെ താമസ വിസകള്‍ക്ക് സാധാരണയായി ഒരു സ്‌പോണ്‍സറെ ആവശ്യമാണ്. ജോലി ചെയ്യുന്ന കമ്പനിയോ (തൊഴില്‍ വിസയുടെ കാര്യത്തില്‍) യുഎഇയില്‍ താമസിക്കുന്ന ഒരു കുടുംബാംഗമോ ആകാം (കുടുംബ വിസ) സ്‌പോണ്‍സര്‍. അതേസമയം, സ്വയം സ്‌പോണ്‍സര്‍ ചെയ്യാം എന്നതാണ് ഗോള്‍ഡന്‍ വിസ ഉള്ളവരെ സംബന്ധിച്ചിടത്തോളം ഹൈലൈറ്റ്. ആറ് മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്ത് താമസിച്ചാലും റെസിഡന്‍സ് വിസ അസാധുവാക്കില്ല എന്നതും മറ്റൊരു നേട്ടമാണ്.
ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് തുടരാനും അവരുടെ താമസ വിസ സാധുത നിലനിര്‍ത്താനുമുള്ള സൗകര്യം ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് ലഭിക്കും. സാധാരണഗതിയില്‍, ആറ് മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്താണെങ്കില്‍ റസിഡന്‍സ് വിസ അസാധുവാകും. കൂടാതെ, കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള മികച്ച ഓപ്ഷനുകളും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നുണ്ട്.
പുതിയ വിസ സമ്പ്രദായ പ്രകാരം എല്ലാ പ്രവാസികള്‍ക്കും 25 വയസ് വരെയുള്ള ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. കൂടാതെ, ഗോള്‍ഡന്‍ വിസയുടെ പ്രാഥമിക ഉടമ മരിച്ചാലും സ്പോണ്‍സര്‍ ചെയ്ത അംഗങ്ങളുടെ പെര്‍മിറ്റ് സാധുതയുള്ളതായി തുടരും. ഗോള്‍ഡന്‍ വിസ ഉടമകൾക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരിധിയില്ല എന്നതും മറ്റൊരു സവിശേഷതയാണ്.
ഗോള്‍ഡന്‍ വിസ വഴി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനും എളുപ്പമാണ്. ഗോള്‍ഡന്‍ വിസ ഉടമയ്ക്ക് സ്വന്തം രാജ്യത്ത് നിന്ന് സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ ദുബൈയിലെ ഒരു ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എൻറോൾ ചെയാതാൽ ക്ലാസുകളില്‍ പങ്കെടുക്കാതെ തന്നെ റോഡ് ടെസ്റ്റിന് നേരിട്ട് അപേക്ഷിക്കാം.
രണ്ട് ടെസ്റ്റുകളും വിജയിച്ചാല്‍ നിങ്ങള്‍ക്ക് യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ ചെയ്യും. ഗോള്‍ഡന്‍ വിസ ഉടമകള്‍ ദുബൈയിലും അബൂദബിയിലും മുഴുവന്‍ സമയ ജീവനക്കാരാണെങ്കിൽ അവരുടെ തൊഴിലുടമയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിരക്ഷ തുടരാനും ഗോള്‍ഡന്‍ വിസ സഹായിക്കും. കൂടാതെ തൊഴില്‍ നിയമങ്ങളില്‍ നിന്നുള്ള പരിരക്ഷയും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നുണ്ട്.
യുഎഇ തൊഴില്‍ നിയമത്തിന്റെ ഒമ്പതാം ആര്‍ട്ടിക്കിള്‍ പ്രകാരം, പ്രൊബേഷനില്‍ കഴിയുന്ന തൊഴിലാളികള്‍ തൊഴില്‍ ദാതാവിന് ആവശ്യമായ അറിയിപ്പ് നല്‍കാതെ യുഎഇ വിട്ടാല്‍ ഒരു വര്‍ഷത്തേക്ക് തൊഴില്‍ നിരോധനം നേരിടേണ്ടതായിവരും. അതേസമയം, ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.