uae holidays 2025;യുഎഇ നിവാസികള്‍ക്ക് അവരുടെ 13 ദിവസത്തെ ഔദ്യോഗിക അവധികള്‍ 45 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഇടവേളകളാക്കി മാറ്റാന്‍ കഴിയുന്ന വിധത്തില്‍ പരിഷ്കാരം. നാട്ടില്‍ പോകാനിരിക്കുന്നവര്‍ക്ക് നേരത്തെ തന്നെ ഒരുക്കങ്ങള്‍ നടത്താന്‍ ഇതിലൂടെ കഴിയും. 2025ലെ യുഎഇ പൊതു അവധി ദിനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള സമഗ്രമായ ഗൈഡ് ആണ് ഇവിടെ കൊടുക്കുന്നത്. 13 അവധി ദിനങ്ങളാണ് യുഎഇയില്‍ ഇക്കൊല്ലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏതൊക്കെ ദിവസങ്ങളാണ് അവധി നല്‍കിയിട്ടുള്ളതെന്നും അത് ഫലപ്രദമായി ഉപയോഗിച്ച് 45 ദിവസംവരെയാക്കി എങ്ങനെ അവധി നീട്ടാമെന്നും നോക്കാം
ഏപ്രില്‍ (9 ദിവസം): മാര്‍ച്ച് 31നും ഏപ്രില്‍ രണ്ടിനും ഇടയിലാണ് ഇക്കൊല്ലം ചെറിയ പെരുന്നാള്‍ അവധി വരുന്നത്. ശവ്വാലിന്റെ (റംസാന് ശേഷമുള്ള മാസം) ആദ്യ മൂന്ന് ദിവസങ്ങള്‍ അവധി നല്‍കുമെന്ന് യു.എ.ഇയിലെ പൊതു നിയമമാണ്. പെരുന്നാളിന് ശേഷം രണ്ട് ദിവസം ലീവ് എടുക്കാനായാല്‍ വാരാന്ത്യത്തിലെ അവധികള്‍ കൂടി ചേര്‍ത്ത് മൊത്തം ഒന്‍പത് അവധി ദിനങ്ങള്‍ ലഭിക്കും.
ജൂണ്‍ (10 ദിവസം): ബലിപെരുന്നാള്‍ അടക്കമുള്ള അവധികള്‍ ഈ മാസത്തിലാണ്. ജൂണ്‍ ആറിനാണ് യുഎഇയില്‍ അറഫ ദിനം വരുന്നതെന്നാണ് കരുതുന്നത്. ഈ ദിവസം ഔദ്യോഗിക അവധിയാണ്. ശേഷം ജൂണ്‍ ഏഴ് (ശനിമുതല്‍) ജൂണ്‍ ഒന്‍പത് (തിങ്കള്‍) വരെയാണ് ഈദ് അല്‍ അദ്ഹ (ബലി പെരുന്നാള്‍) വരുന്നത്. ഇതിനിടെ ലീവുകള്‍ തരപ്പെട്ടാല്‍ പത്തുദിവസംവരെ ഒരുമിച്ച് അവധിയെടുക്കാന്‍ കഴിയും. ഇതിന് പുറമെ ജൂണില്‍ തന്നെ ജൂണ്‍ 27 വെള്ളിയാഴ്ചയാണ് മുഹറം പത്ത് വരുന്നത്. രണ്ട് വാരാന്ത്യ അവധി (ശനി, ഞായര്‍) കൂടി ചേര്‍ത്താല്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.
സെപ്തംബര്‍ (9 ദിവസം): സെപ്തംബര്‍ അഞ്ച് വെള്ളിയാഴ്ചയായിരിക്കും നബിദിനം എന്നാണ് കണക്കുകൂട്ടല്‍. ഇതിനൊപ്പം നാല് ദിവസങ്ങള്‍ (വെള്ളി മുതല്‍ തിങ്കള്‍ വരെ) കൂടി അവധി തരപ്പെടുത്താനായാല് 9 ദിവസംവരെ ലീവെടുക്കാം.
ഡിസംബര്‍ (9 ദിവസം): ഡിസംബര്‍ രണ്ട്, മൂന്ന് ദിവസങ്ങള്‍ യുഎഇ ദേശീയ ദിനങ്ങളാണ്. വാരാന്ത്യ അവധികള്‍ കൂടി ചേര്‍ത്ത് ഒന്‍പത് ദിവസങ്ങള്‍വരെ അവധിയെടുക്കാന്‍ കഴിയും.
(ചില ആഘോഷങ്ങള്‍ ഹിജ്റ വര്ഷത്തോടനുബന്ധിച്ചായതിനാല് അവധി ദിവസങ്ങള്‍ ചാന്ദ്രപ്പിറവിയനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറാനുള്ള സാദ്ധ്യതയുണ്ട്.)
UAE Holidays 2025: Transform 13 Days into 45 Days Off