ഗ്രീൻലാൻഡിൽ നിന്ന് ഐസ് കട്ടകൾ കയറ്റി അയക്കുകയെന്ന ആശയം കൊണ്ടുവരാൻ ആർട്ടിക് ഐസിന്‍റെ ചെയര്‍മാനായ സമീർ ബെൻ തബീബിന് പ്രചോദനമായത് ഒരപകടമാണ്. ബോട്ട് ഐസ് കട്ടയിൽ ഇടിച്ചതാണ് ഈ ബിസിനസിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ശുദ്ധമായ ഐസ് ഇപ്പോള്‍ യുഎഇയിൽ എത്തിയിരിക്കുകയാണ്.

ഗ്രീൻലാൻഡിലെ ഒരു ഹിമാനിയിൽനിന്ന് കൊത്തിയെടുത്ത ലോകത്തിലെ ഏറ്റവും ശുദ്ധമായ മഞ്ഞാണ് ദുബായിലെത്തിയിരിക്കുന്നത്. 20,000 കിലോമീറ്റർ യാത്രയ്ക്ക് ശേഷമാണ് ഐസ് ദുബായിലെത്തിയത്. ഗ്രീൻലാൻഡിൽ 100,000 വർഷത്തിലേറെയായി രൂപപ്പെട്ട ഹിമാനിയില്‍നിന്ന് കൊത്തിയെടുത്ത ഈ ഐസ് ഉടൻ തന്നെ സ്വകാര്യ പർച്ചേസിനായി ലഭ്യമാകും.
ആറ് ക്യൂബുകൾക്ക് 249 ദിർഹം വിലയാണ് ഈടാക്കുക. ഒരു ഹിമാനിയിൽനിന്ന് വേർപെടുത്തിയ 22 ടൺ ക്രിസ്റ്റൽ ക്ലിയർ ബ്ലോക്കിൽനിന്ന് എടുത്ത ഐസ് അൽ ഖൂസിലെ നാച്ചുറൽ ഐസ് ഫാക്ടറിയിൽ സംസ്കരിച്ച് നിർമിച്ചെടുക്കുന്നതാണ്. ഉന്നതസംരംഭകരിൽ നിന്നും ഉയർന്ന ആസ്തിയുള്ള വ്യക്തികളിൽ നിന്നും ഇതിനോടകം അന്വേഷണങ്ങൾ വന്നിട്ടുണ്ടെന്ന് ഫാക്ടറിയുടെ സഹ ഉടമ അഹ്മദ് അൽ മസ്റൂയി പറഞ്ഞു.
