2024ൽ യുഎഇ സർക്കാർ പുറപ്പെടുവിച്ച ഫെഡറൽ ഡിക്രി-ലോ നമ്പർ 14 (ട്രാഫിക്, റോഡ് റെഗുലേഷൻസ്) മാർച്ച് 29-ന് നിലവിൽ വരും. കാബിനറ്റ് ജനറൽ സെക്രട്ടേറിയറ്റ് ബന്ധപ്പെട്ട അതോറിറ്റികളുമായി സംയോജിപ്പിച്ച് വികസിപ്പിച്ച ‘യുഎഇ ലെജിസ്ലേഷൻ’ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചതനുസരിച്ച്, പുതിയ ഫെഡറൽ നിയമപ്രകാരം മൂന്ന് വിഭാഗങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല.

ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ലാത്ത വിഭാഗങ്ങൾ
1) വിദേശത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഡ്രൈവർമാർ
2) സാധുവായ അന്തർദേശീയ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ
3) സാധുവായ അന്തർദേശീയ/വിദേശ താൽക്കാലിക ഡ്രൈവിംഗ് പെർമിറ്റ് ഉള്ളവർ
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ
1) അപേക്ഷകന് കുറഞ്ഞത് 17 വയസ്സ് പ്രായമുണ്ടായിരിക്കണം.
2) ലൈസൻസിംഗ് അതോറിറ്റി ആവശ്യപ്പെടുന്ന മെഡിക്കൽ പരിശോധന വിജയിക്കണം അല്ലെങ്കിൽ എക്സിക്യൂട്ടീവ് ബൈലോകൾ അനുസരിച്ചുള്ള അംഗീകൃത മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം.
3) എക്സിക്യൂട്ടീവ് ബൈലോകൾ അനുശാസിക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് വിജയം.
ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനെക്കുറിച്ച്
1) വാഹനങ്ങൾ ഓടിക്കാൻ ആവശ്യമായ മെഡിക്കൽ ഫിറ്റ്നസ് ഇല്ലെന്നോ അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസിന് യോഗ്യതയില്ലെന്നോ കണ്ടെത്തിയാൽ ലൈസൻസിംഗ് അതോറിറ്റിക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ, റദ്ദാക്കുകയോ, പുതുക്കി നൽകാതിരിക്കുകയോ ചെയ്യാമെന്ന് ആർട്ടിക്കിൾ 12ൽ പറയുന്നു.
2) ട്രാഫിക് എൻഫോഴ്സ്മെന്റ് അതോറിറ്റികൾക്ക് ലൈസൻസിംഗ് അതോറിറ്റിയുമായി ചേർന്ന് റോഡ് സുരക്ഷ പരിഗണിച്ച് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള അധികാരമുണ്ട്.
ഡ്രൈവറുടെ അറസ്റ്റ്
ആർട്ടിക്കിൾ 31 പ്രകാരം ആറ് കുറ്റകൃത്യങ്ങൾക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യാൻ സാധിക്കും
1) അശ്രദ്ധമായ ഡ്രൈവിംഗ് മൂലം ഒരാൾക്ക് മരണമോ പരുക്കോ സംഭവിച്ചാൽ.
2) മറ്റൊരാളുടെ സ്വത്തിന് ഗുരുതര നാശനഷ്ടം സൃഷ്ടിക്കുന്ന ഡ്രൈവിങ്ങ്.
3) അശ്രദ്ധമായും, പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലും വാഹനം ഓടിക്കുന്നത്.
4) മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗിച്ച് വാഹനമോടിക്കൽ.
5) മുകളിൽ പറഞ്ഞ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുകയോ തെറ്റായ വിവരങ്ങൾ നൽകയോ ചെയ്താൽ.
6) അപകട സ്ഥലത്ത് നിന്ന് മുങ്ങുകയോ, പൊലിസ് ഉത്തരവ് അവഗണിക്കുകയോ ചെയ്താൽ.
വാഹനം കണ്ടുകെട്ടൽ
ആർട്ടിക്കിൾ 32 പ്രകാരം ഏഴ് കേസുകളിൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ സാധിക്കും
1) വാഹനം റോഡിൽ ഉപയോഗിക്കാൻ അനുയോജ്യമല്ലെങ്കിലോ, ആവശ്യമായ രജിസ്ട്രേഷൻ വിശദാംശങ്ങൾ ഇല്ലെങ്കിലോ തകരാറുകൾ പരിഹരിക്കുന്നതുവരെ വാഹനം കണ്ടുകെട്ടപ്പെടും.
2) ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന ഡ്രൈവർ രണ്ടുതവണ പിടിക്കപ്പെട്ടാൽ, സാധുവായ ലൈസൻസ് ഹാജരാക്കുന്നത് വരെ വാഹനം കണ്ടുകെട്ടും.
3) ലൈസൻസില്ലാത്ത വ്യക്തിയാണ് വാഹനം ഓടിക്കുന്നതെങ്കിൽ, (ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ ഒഴികെ) രജിസ്റ്റർ ചെയ്ത ഉടമക്കോ അംഗീകൃത പ്രതിനിധിക്കോ മാത്രമേ വാഹനം വിട്ടുനൽകുകയുള്ളു.
4) ലൈസൻസിംഗ് അതോറിറ്റിയുടെ അനുമതിയില്ലാതെ വാഹനത്തിന്റെ ഘടന, എഞ്ചിൻ, നിറം തുടങ്ങിയവയിൽ അനധികൃത മാറ്റങ്ങൾ വരുത്തിയാൽ.
5) വാഹനം ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ടതാണെങ്കിൽ.
6) എക്സിക്യൂട്ടീവ് ബൈലോകൾ നിർവചിച്ചിരിക്കുന്ന മറ്റ് കേസുകൾ.
ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴകൾ
1) അംഗീകാരമില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് ആദ്യ തവണ 2,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് മൂന്ന് മാസം തടവും 5,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയും ലഭിക്കും.
2) വാഹന തരത്തിന് അനുയോജ്യമല്ലാത്ത ലൈസൻസ് ഉപയോഗിച്ചാൽ ഗുരുതര ശിക്ഷ ലഭിക്കും.
നരഹത്യക്കുള്ള ശിക്ഷ
1) കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.
2) ചുവപ്പ് സിഗ്നൽ മറികടന്ന് വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, സസ്പെൻഡ് ചെയ്തതോ റദ്ദാക്കിയതോ ആയ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുക, വെള്ളപ്പൊക്കമുള്ള താഴ്‌വരയിൽ വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൽക്ക് കുറഞ്ഞത് ഒരു വർഷം തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.
