Uae job vacancy; ദുബൈ: യുഎഇയുടെ തൊഴിൽ വിപണി കൂടുതൽ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ്. 2025ൽ പ്രഫഷനലുകളുടെ ആവശ്യം വർധിക്കുന്ന തൊഴിൽ മേഖലകൾ ഏതെല്ലാമാണ്, ശമ്പളം ഉയരാൻ സാധ്യതയുളള തൊഴിൽ മേഖലകൾ ഏതെല്ലാമാണ്. അക്കൗണ്ടൻസി – ഫിനാൻസ്, ബാങ്കിങ് – സാമ്പത്തിക സേവനങ്ങൾ, നിർമ്മാണം – വസ്തു, സ്വദേശിവൽക്കരണം, മാനവവിഭവശേഷി, നിയമം, സാങ്കേതികവിദ്യ, സെയിൽസ് – മാർക്കറ്റിങ് എന്നിങ്ങനെ വിവിധ മേഖലകളിലെ തൊഴിൽ പ്രവണതകളെ അടിസ്ഥാനമാക്കിയാണ് ഹെയ്‌സ് ജിസിസി സാലറി ഗൈഡ് തയാറാക്കിയിരിക്കുന്നത്.
ഹെയ്‌സിന്റെ ജിസിസി സാലറി ഗൈഡ് 2025 ലെ സർവെ അനുസരിച്ച് 30 ശതമാനത്തോളം തൊഴിലുടമകൾ രണ്ടര ശതമാനം മുതൽ അഞ്ച് ശതമാനം വരെ ശമ്പള വർധനവ് നൽകാൻ തയ്യാറാണ്. അഞ്ച് ശതമാനം തൊഴിലുടമകൾ ജീവനക്കാരെ നിലനിർത്തുന്നതിന് ശമ്പളത്തിൽ 20 ശതമാനത്തിലധികം വർധനവ് വരുത്താനും തയാറാണെന്ന് സർവെ വ്യക്തമാക്കുന്നു. ഗൾഫ് മേഖലയിലെ 1028 തൊഴിലുടമകളുമായും 925 തൊഴിലാളികളുമായും പഠനം നടത്തിയതിന് ശേഷമാണ് ഹെയ്‌സ് മിഡിൽ ഈസ്‌റ്റ് ഡിവിഷൻ സർവെ റിപ്പോർട്ട് തയാറാക്കിയത്.
തൊഴിൽ ലഭ്യതയിലെ വർധനവ്
2024നെ അപേക്ഷിച്ച് 2025 ൽ മിഡിൽ ഈസ്റ്റിലുടനീളം ജോലി നിയമന നിരക്കുകൾ കൂടും. കൂടാതെ, തൊഴിലുടമകളും പ്രഫഷനലുകളും മാറ്റം തേടുകയാണെന്നും ഹെയ്‌സ് മിഡിൽ ഈസ്‌റ്റിലെ മാനേജർ ഡയറക്ടർ ഒലിവർ കോവാൽസ്‌കി പറയുന്നു. തൊഴിലുടമകൾ മേഖലയിലെ മാറ്റങ്ങൾക്ക് അനുസൃതമായി ജോലി നൈപുണ്യമുളളവരെ തേടുകയാണെങ്കിൽ, പ്രഫഷനലുകൾ പുതിയതും കൂടുതൽ വരുമാനം ലഭിക്കുന്നതുമായ അവസരങ്ങൾ തേടുകയാണെന്ന് സർവെ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ നിക്ഷേപം, ഡിജിറ്റൽ പരിവർത്തനം, പുതിയ സാങ്കേതികവിദ്യകൾ എന്നിവയാണ് ഗൾഫ് മേഖലയ്ക്ക് ഗുണകരമാകുന്നതെന്ന് കോവാൽസി വിലയിരുത്തുന്നു.
സ്‌ഥിര നിയമനം, താൽക്കാലിക കരാർ, അല്ലെങ്കിൽ ഫ്രീലാൻസ് വീസ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ തൊഴിലുടമകളിൽ 78 ശതമാനം പേരും സജ്‌ജമാണ്. അതിനാൽ തന്നെ ഈ വർഷം നിരവധി ജോലി ഒഴിവുകൾ പ്രതീക്ഷിക്കാം. അതേസമയം, 14 ശതമാനം തൊഴിലുടമകൾക്ക് പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതികളില്ല. ഗൾഫ് മേഖലയിലെ 67 ശതമാനത്തോളം പ്രഫഷനലുകൾ ഈ വർഷം ജോലി മാറാൻ താൽപര്യപ്പെടുന്നുവെന്ന് സർവെ പറയുന്നു. കൂടാതെ, 78 ശതമാനം പേർ ശമ്പള വർധനവ് പ്രതീക്ഷിക്കുന്നു. 77 ശതമാനം പേരും തങ്ങളുടെ സ്‌ഥാപനത്തിൽ ശമ്പള-വേതന വർധനവ് പ്രതീക്ഷിക്കുന്നവരാണ്. 2.5 ശതമാനം മുതൽ 5 ശതമാനം വരെ ശമ്പളവർധനവാണ് പ്രതീക്ഷിക്കുന്നത്.
ജോലി സാധ്യതകളുള്ള പ്രധാന തൊഴിൽ മേഖലകൾ
ഏറ്റവും കൂടുതൽ ജോലി ഒഴിവുകൾ പ്രതീക്ഷിക്കുന്നത് ബാങ്കിങ് ഫിനാൻസ് മേഖലയിലാണ്. നിക്ഷേപകരുടെയും അവസരങ്ങളുടെയും പ്രധാന മേഖലയെന്നുള്ള രീതിയിൽ ഗണ്യമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. സമീപകാലങ്ങളിൽ യുഎഇയിൽ നിക്ഷേപത്തിലുണ്ടായ വർധനവ് സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. നിർമ്മാണ മേഖലയിലും അഭിവൃധി പ്രകടമാണ്. സാങ്കേതിക വിദ്യയിലെ തൊഴിൽ വിപണിയും സജീവമാണ്. വിദഗ്ധരായ പ്രഫഷനലുകളില്ലാതെ തൊഴിൽ മേഖല പൂർണ്ണമാകില്ല. കൂടാതെ, വിദേശപ്രതിഭകൾക്ക് ഇഷ്‌ട ഇടമായി യുഎഇ മാറുന്നതിന്റെ പ്രധാനകാരണം നികുതി രഹിത ശമ്പളവും ജോലി അവസരങ്ങളുമാണ്.
2024 ലെ നിയമനങ്ങൾ
2023 ൽ 62 ശതമാനം സ്‌ഥാപനങ്ങളാണ് ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചതെങ്കിൽ 2024ൽ അത് 68 ശതമാനമായി ഉയർന്നു. 2025ൽ 86 ശതമാനം സ്ഥാപനങ്ങൾ പ്രഫഷനലുകളെ തേടുകയാണെന്ന് സർവെ പറയുന്നു. 71 ശതമാനം തൊഴിലുടമകൾ 2024ൽ തൊഴിലാളികൾക്ക് ശമ്പള വർധനവ് അനുവദിച്ചുനൽകി. അതേസമയം തന്നെ 2024ൽ ശമ്പളവർധനവ് ലഭിച്ചതായി സ്ഥിരീകരിക്കുന്നത് 51 ശതമാനം മാത്രമാണ്. 2023 ൽ ഇത് 58 ശതമാനമായിരുന്നു. മാത്രമല്ല, സർവേയിൽ പങ്കെടുത്ത 35 ശതമാനം തൊഴിലുടമകളും തങ്ങളുടെ ജീവനക്കാർക്ക് ഫ്ലെക്‌സിബിൾ വർക്കിങ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.