UAE JOB VACANCY; യുഎഇ വിളിക്കുന്നു, പൈലറ്റുമാരെ. മാസം 34,000 ദിര്‍ഹം ശമ്പളം. രാജ്യത്തെ വ്യോമയാന, ടൂറിസം മേഖലകളിലെ വിപുലീകരണത്തിന്‍റെ ഭാഗമായി യുഎഇയിലും ആഗോളതലത്തിലും പൈലറ്റുമാരുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. “ആഗോളതലത്തിൽ പൈലറ്റുമാരുടെ വലിയ ഡിമാൻഡ് തുടരും. ഏവിയേഷൻ ഇന്ന് ഏറ്റവും ആവേശകരമായ വ്യവസായങ്ങളിലൊന്നാണ്.

കൂടാതെ, പൈലറ്റുമാർക്ക് കരിയർ മുന്നേറ്റത്തിനുള്ള മികച്ച അവസരങ്ങളിലേക്ക് വ്യോമയാനമേഖല വാതില്‍ തുറക്കുന്നു. ഒരു പൈലറ്റാകുകയെന്നത് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഒരു കരിയര്‍ പടുത്തുയര്‍ത്താനുള്ള മികച്ചൊരു വഴിയാണ്,” എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമി (ഇഎഫ്ടിഎ) ഡിവിഷണൽ വൈസ് പ്രസിഡൻ്റ് ക്യാപ്റ്റൻ അബ്ദുല്ല അൽ ഹമ്മദി പറഞ്ഞു.
ഒലിവർ വൈമാൻ പറയുന്നതനുസരിച്ച്, 2032ഓടെ ആഗോളതലത്തിൽ 80,000 പൈലറ്റുമാരുടെ വിടവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ മേഖലയില്‍ വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ക്ഷാമം മിഡിൽ ഈസ്റ്റിൽ കാണപ്പെടും. അടുത്ത കുറച്ച് വർഷങ്ങളിൽ വിമാനയാത്ര ആവശ്യകതയിൽ കുത്തനെ വർധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2023ഓടെ 3,000 പൈലറ്റുമാരുടെ കുറവ് നേരിട്ടു.
2032ഓടെ 18,000 പൈലറ്റുമാരുടെ കുറവ് ഈ മേഖലയിൽ നേരിടേണ്ടിവരും. ദുബായിയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തെരഞ്ഞെടുത്ത പൈലറ്റുമാർക്ക് ആകർഷകമായ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ഓഫീസറുടെ ശമ്പളം താമസം, വാർഷിക അവധി, വിദ്യാഭ്യാസ അലവൻസ് എന്നിവയ്‌ക്ക് പുറമെ ഒരു മാസം ഏകദേശം 26,000 ദിർഹം മുതൽ 34,000 ദിർഹം വരെ നല്‍കുന്നു.
85 കേഡറ്റുകൾ എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ബിരുദം നേടി. അതിൽ 67 പേർ യുഎഇ പൗരന്മാരും 18 അന്താരാഷ്ട്ര കേഡറ്റുകളുമാണ്. ഇഎഫ്ടിഎയുടെ അഞ്ചാമത്തെ ബിരുദദാന ചടങ്ങായിരുന്നു അത്. ഇഎഫ്ടിഎയില്‍ പൈലറ്റ് കോഴ്സിന് $181,650 (666,000 ദിർഹം) മാണ് ഫീസ്. ഉപകരണങ്ങൾ, താമസം, സൗകര്യങ്ങൾ, വിനോദസൗകര്യങ്ങൾ, യൂണിഫോം, ഭക്ഷണം, സർട്ടിഫിക്കേഷൻ തുടങ്ങി എല്ലാ പരിശീലന സാമഗ്രികളും ഈ ഫീസീല്‍ ഉൾക്കൊള്ളുന്നു.